ദോഹ: രക്താർബുദ ഗവേഷണത്തിൽ ഉന്നത മാർക്കോടെ ഗവേഷണ ബിരുദം സ്വന്തമാക്കിയ മലയാളിക്ക് അമീറിന്റെ പത്നിയിൽനിന്ന് സ്വർണമെഡൽ ബഹുമതി. ഖത്തർ സർവകലാശാലയുടെ 46ാമത് ബിരുദദാന ചടങ്ങിലായിരുന്നു ഗവേഷണ വിഭാഗത്തിൽ മികച്ച വിജയം നേടിയ പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങിയത്.
ഹമദ് മെഡിക്കൽ കോർപറേഷനിലെ റിസർച് വിഭാഗത്തിൽ കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുന്ന ശിൽപ, 2019ലാണ് ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് ഫാർമസിക്കു കീഴിൽ ഫാർമസ്യൂട്ടിക്കൽ സയൻസിൽ രക്താർബുദവുമായി ബന്ധപ്പെട്ട ഗവേഷണം ആരംഭിച്ചത്. ഇതുസംബന്ധിച്ച കണ്ടെത്തലുകൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. മികച്ച അക്കാദമിക് നിലവാരവുമായി ഗവേഷണം പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അമീറിന്റെ പത്നിയുടെ കൈയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ തെരഞ്ഞെടുത്തത്.
ഹമദിലെ ജോലിക്കും രണ്ടു മക്കൾ അടങ്ങിയ കുടുംബത്തിനൊപ്പമുള്ള തിരക്കുകൾക്കുമിടയിലായിരുന്നു നാലുവർഷംകൊണ്ട് ഗവേഷണം പൂർത്തിയാക്കിയത്. ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ദീപക് ജയബാലനാണ് ഭർത്താവ്. ആറാം ക്ലാസുകാരൻ ദർശ് ദീപക്കും കെ.ജി വിദ്യാർഥി നിരഞ്ജൻ ദീപക്കും മക്കളാണ്. കോവിഡ് കാലഘട്ടത്തിൽ ഹമദിലെ വൈറോളജി വിഭാഗത്തിലെ പ്രത്യേക സേവനത്തിന് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിൽനിന്നുള്ള ബഹുമതിയും ശിൽപയെ തേടിയെത്തിയിരുന്നു.
പാലക്കാട് വെണ്ണക്കരയിൽ താമസിക്കുന്ന മുൻ ജില്ല ജഡ്ജി എം.കെ. കുട്ടികൃഷ്ണനും പരേതയായ കെ. ഭുവനേശ്വരിയുമാണ് മാതാപിതാക്കൾ. കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽനിന്ന് ബി.എസ് സി മൈക്രോബയോളജിയിൽ ബിരുദവും ശേഷം ബിരുദാനന്തര ബിരുദവും നേടിയ ശേഷം 2011ലാണ് ഖത്തറിലെത്തിയത്. ജോലിയും കുടുംബവുമായി നീണ്ട വർഷങ്ങളുടെ ഇടവേളക്കുശേഷം ഗവേഷണത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ ഉന്നത വിജയത്തോടെതന്നെ ഡോക്ടറേറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.