പുരുഷന്മാർമാത്രം കൈയടക്കിയിരുന്ന മത്സ്യ വിപണന മേഖലയിൽ ചുവടുറപ്പിച്ച് ശോഭ ജയൻ. മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി പുളിക്കക്കൊയപ്പുറത്ത് ശോഭ ജയൻ ആണ് സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുന്നത്.
മാനന്തവാടിയിൽ നിന്നും കൊയിലാണ്ടി വരെ ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ചു പോകും. അവിടെ നിന്നും ഓർഡർ അനുസരിച്ച് നല്ല മത്സ്യങ്ങൾ ഗുഡ്സിൽ കയറ്റിയശേഷം മാനന്തവാടിയിൽ എത്തിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. ആദ്യം 23 ഉപഭോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോൾ 500ലധികം സ്ഥിരം ഉപഭോക്താക്കളിൽ എത്തിനിൽക്കുകയാണ്. ഓർഡറുകൾ അനുസരിച്ചും അല്ലാതെയും പത്തിലധികം മത്സ്യങ്ങളാണ് എത്തിച്ചുനൽകുന്നത്. മുമ്പ് പലതരത്തിലുള്ള ബിസിനസുകൾ ചെയ്തെങ്കിലും പരാജയപ്പെട്ടിട്ടും ശോഭ തളർന്നില്ല. ഭർത്താവ് ജയൻ 16 വർഷമായി മത്സ്യക്കച്ചവടം നടത്തുന്നു.
ഭർത്താവിന്റെ പിന്തുണയോടെ പുതിയ രീതിയിൽ മത്സ്യക്കച്ചവട രംഗത്തേക്കിറങ്ങിയ ശോഭക്ക് മക്കളായ വിഷ്ണു, ജിഷ്ണു, അശ്വനി അഭിജിത് എന്നിവരും നല്ല പിന്തുണയാണ് നൽകുന്നത്. ഒഴിവുസമയങ്ങളിൽ അമ്മയെ സഹായിക്കാനും ഓർഡറുകൾ എടുക്കുവാനും ഇവർ തയാറാകുന്നുണ്ട്.
കൊയിലാണ്ടിയിൽ ചെറിയ ഒരു വഞ്ചിയും ശോഭ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവില്ലാത്ത സമയത്ത് സ്വന്തമായി വാഹനം ഓടിച്ച് കൊയിലാണ്ടിയിൽ പോയി മത്സ്യം എടുക്കുകയും അവിടന്ന് തിരിച്ചുവരുന്ന വഴിയിൽ തന്നെ കച്ചവടം ആരംഭിക്കുകയും ചെയ്താണ് വരുന്നത്. നാട്ടുകാരുടെയും ഉപഭോക്താക്കളുടെ സഹകരണമാണ് തന്റെ വിജയത്തിന്റെയും കാരണമെന്ന് ശോഭ ജയൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.