കൂടപ്പിറപ്പായ ശാരീരികവൈകല്യങ്ങളോട് പടപൊരുതുമ്പോഴും നസീമയുടെ മുഖത്ത് തെളിയുന്നത് പെൺമയുടെ കരുത്ത്. കരുവാരകുണ്ട് തരിശ് മാമ്പറ്റയിലെ പുക്കുന്നൻ മുഹമ്മദിെൻറ മകൾ നസീമയാണ് (39) പരിമിതികളെ മനക്കരുത്തു കൊണ്ട് തോൽപിച്ച് മുന്നേറുന്നത്. മൂന്നടിയോളം മാത്രം പൊക്കമുള്ള നസീമ ജന്മന ഭിന്നശേഷിക്കാരിയാണ്. നിൽക്കുകയോ നടക്കുകയോ ചെയ്താൽ കാലിലെ എല്ലുകൾ പൊടിഞ്ഞുപോകും.
തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലെ ഡോ. ഗോപകുമാർ നിർദേശിച്ചത് 12 ശസ്ത്രക്രിയകളാണ്. സുമനസ്സുകളുടെ സഹായത്തോടെ ഇടത് കാലിന് ആറും വലതിന് രണ്ടും ശസ്ത്രക്രിയകൾ നടത്തി. പിന്നീടുള്ള നാലെണ്ണം നടന്നില്ല. കുഞ്ഞുകാലുകൾക്ക് സ്വാധീനമില്ലെങ്കിലും ജീവിതഗോദയിൽ ഉറച്ചുനിൽക്കുകയാണ് നസീമ. ഒമ്പത് വർഷം ടെലിഫോൺ ബൂത്ത് നടത്തി. പിന്നീട് ഏഴ് വർഷമായി തരിശ് മുക്കട്ടയിൽ സ്വന്തമായി സ്റ്റേഷനറി കട നടത്തുകയാണ്. പുലർച്ചെ അഞ്ചിന് കട തുറക്കും. രാത്രി ഒമ്പതിനാണ് മടക്കം. ആരാധനയും ആഹാരമൊരുക്കലുമെല്ലാം കടക്കകത്ത് തന്നെ.
വർഷങ്ങളായി മുച്ചക്രവാഹനത്തിലാണ് യാത്ര. വണ്ടിയിലേക്ക് കയറാനും ഇറങ്ങാനും മാത്രമേ പരസഹായം വേണ്ടതുള്ളൂവെങ്കിലും നസീമ എത്താത്ത സ്ഥലങ്ങളില്ല. വയനാട്ടിലേക്കും മലപ്പുറത്തേക്കുെമല്ലാം ഒറ്റക്കെത്തും. പാലിയേറ്റീവ് കെയറിെൻറ പരിചരണം സ്വീകരിക്കുമ്പോൾ തന്നെ അതിെൻറ വളണ്ടിയറുമാണ്. സ്വന്തം നിലയിൽ ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നു. വീണുപോയ തന്നെ ജീവിത പാതയിൽ നിൽക്കാൻ പഠിപ്പിച്ചത് സഹോദരനും നാട്ടുകാരും ഒപ്പം പ്രവാസികളുമാണെന്ന് നസീമ നന്ദിയോടെ സ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.