കൊച്ചി: മുഴുവൻ രാജ്യങ്ങളിലെയും ദേശീയഗാനങ്ങൾ ആലപിച്ചും ഗവേഷണം നടത്തിയും രണ്ട് ലോക റെക്കോഡ് സൃഷ്ടിച്ച് മലയാളി സഹോദരിമാർ. ആസ്ട്രേലിയയിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെയും നഴ്സായ ജാക്വലിന്റെയും മക്കളായ ആഗ്നസ് ജോയിയും തെരേസ ജോയിയുമാണ് റെക്കോഡ് സൃഷ്ടിച്ചത്.
ഒമ്പത് വർഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ലോകത്തിലെ മുഴുവൻ ദേശീയഗാനങ്ങളും ഐക്യരാഷ്ടസഭ അസോസിയേഷൻ, ആസ്ട്രേലിയ ക്ലീൻസ്ലാൻഡ് ഡിവിഷൻ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയുടെയും ആസ്ട്രേലിയൻ ബുക്ക് ഓഫ് റെക്കോഡ് ടീമിന്റെയും വേൾഡ് റെക്കോഡ് ടീമുകളുടെയും മാധ്യമങ്ങളുടെയും മുന്നിൽ മനഃപാഠമായി ഇവർ ആലപിച്ചു.
ആസ്ട്രേലിയ ക്ലീൻസ്ലാൻഡ് ഡിവിഷൻ ലോക റെക്കോഡ് നൽകി ആദരിച്ചു. 75ൽപരം രാജ്യക്കാരെ ഉൾപ്പെടുത്തി 'ലോകസമാധാനവും ദേശീയഗാനവും' വിഷയത്തിൽ ഡോക്യുമെന്ററി ഫിലിമും ഇവർ നിർമിച്ചു.
ഐക്യരാഷ്ട്രസഭയും മറ്റ് സംഘടനകളുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ സല്യൂട്ട് ദ നേഷൻസ് ഇന്റർനാഷനൽ ഇവന്റ് അവതരിപ്പിക്കാനാണ് ആഗ്നസും തെരേസയും ഉദ്ദേശിക്കുന്നതെന്ന് ഇരുവരും കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആഗ്നസ് ജോയി ക്ലീൻസ്ലാൻഡ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ബാച്ചിലർ ഓഫ് ഇൻഫർമേഷൻ വിദ്യാർഥിയും തെരേസ ഗ്രിഫിത് യൂനിവേഴ്സിറ്റിയിൽ ക്രിമിനോളജി വിദ്യാർഥിയുമാണ്. ക്ലീൻസ്ലാൻഡ് സർവകലാശാലയുടെയും ഗ്രിഫിത് സർവകലാശാലയുടെയും അംബാസഡർമാർ കൂടിയാണ് ഇവർ.
ഐക്യരാഷ്ട്രസഭ ആസ്ട്രേലിയൻ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളാണ് ഇരുവരും. കഴിഞ്ഞ വർഷം തെരേസയെ ചരിത്രത്തിൽ തന്നെ ആദ്യമായി ഏറ്റവും പ്രായം കുറഞ്ഞ ഐക്യരാഷ്ട്ര സഭ ഓസ്ട്രേലിയൻ അസോസിയേഷന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.