പേര് സൂഫിയ ഖാൻ, വയസ്സ് 35. പേരിൽ രണ്ട് ഗിന്നസ് റെക്കോഡുകളും. പെണ്ണാണെങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന പഴംവാക്കിനെയെല്ലാം മറികടന്നായിരുന്നു സൂഫിയയുടെ ഗിന്നസ് റെക്കോഡിലേക്കുള്ള ഓട്ടം. 110 ദിവസവും 23 മണിക്കൂറും 24 മിനിറ്റുംകൊണ്ട് 6002 കിലോമീറ്റർ മാരത്തൺ ഓട്ടത്തിലൂടെ നേടിയതാണ് സൂഫിയയുടെ റെക്കോഡ്.
ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദേശീയപാതകളിലൂടെയായിരുന്നു സൂഫിയയുടെ 'ഗോൾഡൻ ക്വാഡ്രിലാറ്ററൽ' മാരത്തൺ. ഇതോടെ ഏറ്റവും വേഗത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഈ ദൂരം മറികടന്ന സ്ത്രീയായി സൂഫിയ. 2020 ഡിസംബർ 16 മുതൽ 2021 ഏപ്രിൽ ആറുവരെയുള്ള കാലയളവിലായിരുന്നു സൂഫിയയുടെ റെക്കോഡ് യാത്ര.
കശ്മീർ മുതൽ കന്യാകുമാരി വരെ ഏറ്റവും വേഗത്തിൽ ഓടിയതിന് നേരത്തേതന്നെ സൂഫിയ ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചിരുന്നു. 87ദിവസവും രണ്ടുമണിക്കൂറും 17 മിനിറ്റുമാണ് സൂഫിയക്ക് കശ്മീർ മുതൽ കന്യാകുമാരി വരെ 3000 ത്തിൽ അധികം കിലോമീറ്റർ താണ്ടാനെടുത്ത സമയം. രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ് സൂഫിയ. 10 വർഷത്തെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റാഫ് അസിസ്റ്റൻസ് ജോലി ഉപേക്ഷിച്ചാണ് സൂഫിയ ഓട്ടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ആറുദിവസവും 12 മണിക്കൂറും ആറുമിനിറ്റും കൊണ്ട് 480 കിലോമീറ്റർ മനാലി -ലേ ദേശീയപാത സൂഫിയ മറികടന്നിരുന്നു. ഇന്ത്യയിൽ അധികം സ്ത്രീകൾ ഇത്തരം റെക്കോഡുകൾക്കായി പൊരുതാറില്ലെന്നും എന്നാൽ, കൂടുതൽ പെൺകുട്ടികൾ ഓടാൻ തുടങ്ങിയാൽ സന്തോഷമാകുമെന്നും സൂഫിയ പറയുന്നു. എല്ലാ അതിരുകളും ഭേദിച്ച് പുതിയ പരിധികൾ കുറിക്കാനാണ് ഓട്ടമെന്നും സൂഫിയ പറഞ്ഞുനിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.