കോട്ടയം: പ്രായം വെറും അക്കങ്ങളാണെന്നും വാർധക്യത്തിലേക്ക് കടക്കുമ്പോഴും തങ്ങളുടെ യൗവനമനസ്സിനെ ഇല്ലാതാക്കാൻ അതിന് കഴിയില്ലെന്നും 67കാരി സരസു കേശവനും സംഘവും നൃത്തച്ചുവടുകളിലൂടെ തെളിയിക്കുകയായിരുന്നു. സരസുവിന്റെയും കൂട്ടരുടെയും ചുവടുകൾക്കൊപ്പം മാമ്മൻമാപ്പിള ഹാളിലെ നിറഞ്ഞസദസ്സും ഇളകിമറിഞ്ഞപ്പോൾ അത് മറക്കാനാകാത്ത അനുഭവമായി.
കുടുംബശ്രീ അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടിപ്പിച്ച ‘അരങ്ങ് 2023’ കലോത്സവത്തിലാണ് വീട്ടമ്മമാരിലെ കലാപ്രതിഭകൾ മിന്നുംപ്രകടനം കാഴ്ചെവച്ചത്. നാട്ടകം സൗത്ത് സി.ഡി.എസിനെ പ്രതിനിധീകരിച്ചെത്തിയ സരസുവും കൂട്ടരും മടങ്ങിയത് പ്രേക്ഷകമനസ്സിലൊരു സ്ഥാനവുമായാണ്. രണ്ടുദിവസം കൊണ്ടാണ് നൃത്തം പരിശീലിച്ച് അവതരിപ്പിച്ചതെന്ന് അവർ പറഞ്ഞു. പരിശീലകയായ സുമ അനിൽ, ശ്രീകല, ശ്രീദേവി തുടങ്ങിയവരുടെ പിന്തുണ കൂടിയപ്പോൾ പ്രകടനം കെങ്കേമമായി.
കുടുംബശ്രീ അംഗങ്ങളുടെ സംഘ നൃത്തം കാണാൻ നിരവധി ആളുകളാണ് കാണികളായി ഉണ്ടായിരുന്നത്. 40 വയസ്സിനു മുകളിലുള്ളവരായിരുന്നു പല ടീമുകളിലെയും കൂടുതൽ പേരും. കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ‘ചുവട് 2023’െന്റ ഭാഗമായാണ് ‘അരങ്ങ്-2023 ഒരുമയുടെ പലമ’ കലോത്സവം സംഘടിപ്പിച്ചത്. എ.ഡി.എസ്, സി.ഡി.എസ്, താലൂക്ക് തലങ്ങളില മത്സരങ്ങളിൽ വിജയികളായവരാണ് ജില്ലാതലത്തിൽ മത്സരാർഥികളായി എത്തിയത്.
കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീക്ക് 25 വർഷങ്ങൾ കൊണ്ട് സ്ത്രീകളെ സ്വയംപര്യാപ്തതയിൽ എത്തിക്കാൻ സാധിച്ചതായും രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് കുടുംബശ്രീ സമൂഹത്തിന് നൽകുന്ന മുതൽക്കൂട്ട് എടുത്തുപറയേണ്ടതാണെന്നും കെ.വി. ബിന്ദു പറഞ്ഞു.
കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ നിരവധി ആളുകളാണ് മാമൻമാപ്പിള ഹാളിൽ കാണികളായി എത്തിയത്. നാലുവേദികളിൽ 36 ഇനങ്ങളിലായാണ് മത്സരം നടന്നത്. വിവിധ പരിപാടികൾ വിവിധ വേദികളിലായി നടന്നു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ.ദിവാകർ ആണ് കുടുംബശ്രീ കലോത്സവത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.