മാവൂർ: സെക്കൻഡറി വിഭാഗത്തിൽ 2021-22 വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരം നേടിയ മാവൂർ ജി.എച്ച്.എസ്.എസിലെ പ്രഥമാധ്യാപികയായിരുന്ന യു.സി. ശ്രീലതക്ക് അർഹതക്കുള്ള അംഗീകാരം. സ്കൂളിനെ ചരിത്ര വിജയത്തിലേക്കും സമഗ്ര മേഖലയിലെ മുന്നേറ്റത്തിലേക്കും എത്തിച്ചത് ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രയത്നത്തിന്റെ ഫലമാണ്.
സഹപ്രവർത്തകരും രക്ഷാകർത്താക്കളും വിദ്യാർഥികളും ഇതിൽ അവരുടെതായ പങ്ക് വഹിച്ചതോടെ പ്രയത്നം ഫലം കണ്ടു. ഈ അക്കാദമിക വർഷം ഇവർ സർവിസിൽനിന്ന് വിരമിച്ചു. 1998ൽ മാവൂർ ഗവ. ഹൈസ്കൂളിൽ ഗണിത അധ്യാപിക ആയാണ് സർവിസിന്റെ തുടക്കം. ഇതിനു മുമ്പ് ഏഴുവർഷം താൽക്കാലിക അധ്യാപികയായി ഈ സ്കൂളിലടക്കം സേവനം ചെയ്തിരുന്നു.
21 വർഷം അധ്യാപകജീവിതത്തിനുശേഷം ഒരു വർഷം ഊരമന ഹയർ സെക്കൻഡറി സ്കൂളിലും എറണാകുളം, കാണക്കാരി ജി.വി.എച്ച്.എസ്.എസിലും പ്രഥമാധ്യാപികയായി. 2020ലാണ് മാവൂർ ജി.എച്ച്.എസ്.എസിൽ പ്രഥമാധ്യാപികയായി ചുമതലയേൽക്കുന്നത്. ഇക്കാലയളവിൽ സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങൾ സബ്ജക്ട് കൗൺസിലിലും എസ്.ആർ.ജിയിലും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി. അക്കാദമിക് മാസ്റ്റർ പ്ലാൻ, സമ്പൂർണ ക്ലാസ് ലൈബ്രറി എന്നിവയിൽ സജീവമായി ഇടപെട്ട് പദ്ധതികൾ മികച്ച രീതിയിൽ പൂർത്തിയാക്കി.
കോവിഡിനുശേഷം കുട്ടികളിൽവന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിന് ആരോഗ്യ, സാമൂഹിക, സാമ്പത്തിക വിലയിരുത്തൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നടത്തി. ഭാവി കായികതാരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ ആരംഭിച്ച കായികക്ഷമത പദ്ധതിയായ ടേക്ഓഫ് ഏറെ ശ്രദ്ധനേടി. നിരന്തര ഗൃഹസന്ദർശനമടക്കമുള്ള പരിപാടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം നേടാൻ സഹായിച്ചു.
കലാകായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി. മലപ്പുറം ജില്ലയിലെ പോരൂരാണ് ജനനം. പിതാവ് സി. ശങ്കരൻ നമ്പൂതിരി കോട്ടക്കൽ രാജാസ് സ്കൂളിലെ അധ്യാപകനായിരുന്നു. മാതാവ് സീത അന്തർജനം. കോട്ടക്കൽ രാജാസ് ഹൈസ്കൂൾ, പ്രോവിഡൻസ് വിമൻസ് കോളജ്, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, മൈസൂർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് കൗൺസലിങ്ങിൽ പി.ജി ഡിപ്ലോമ ചെയ്തിട്ടുണ്ട്. ഡയറ്റിൽനിന്ന് സീനിയർ ലെക്ചററായി വിരമിച്ച ഡോ. വി. പരമേശ്വരനാണ് ഭർത്താവ്. മകൻ അനിരുദ്ധ് പരമേശ്വരൻ തഞ്ചാവൂർ മെഡിക്കൽ കോളജിൽ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.