നമ്മുടെ ഉള്ളിന്‍റെയുള്ളിൽ നാമറിയാതെ ചില കഴിവുകൾ ഒളിച്ചിരിക്കുന്നുണ്ടാകും. ചില സാഹചര്യങ്ങളിൽ ചെറിയ പരിശ്രമങ്ങൾ അത്തരം കഴിവുകൾ പുറത്തെത്തിക്കും. ഗൃഹനാഥമാരായി കഴിയുന്ന പലർക്കും അത്തരം അനുഭവങ്ങളുണ്ട്. അത്തരത്തിൽ നിനച്ചിരിക്കാത്ത നേരത്ത് സ്വയം തിരിച്ചറിഞ്ഞ ഒരുനുഭവമാണ് 26വർഷമായി ദുബൈയിൽ കുടുംബത്തോടൊപ്പം കഴിയുന്ന തലശ്ശേരി സ്വദേശിനി റുബീനക്കുള്ളത്. കുട്ടിക്കാലത്ത് ഫോട്ടോകൾ വെട്ടിയൊട്ടിച്ച് ചിത്രങ്ങൾ തീർത്തത് മാത്രമാണ് ഓർത്തെടുക്കാവുന്ന കാലാവിഷ്കാരം. ചിത്രങ്ങൾ വരക്കുകയോ ശിൽപങ്ങൾ മെനയുകയോ ചെയ്ത് പരിചയമില്ല. അത്തരമൊന്ന് ആലോചിച്ചിട്ടുപോലുമില്ല.
എന്നാൽ 2018ൽ 'ഹോംമേകേഴ്സ് ബ്ലിസ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നത് റുബീനക്ക് വഴിത്തിരിവായി. വീട്ടമ്മമാരുടെ കരവിരുതിൽ രൂപപ്പെടുന്ന മനോഹരമായ സൃഷ്ടികൾ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. പാഴ്വസ്തുക്കളിൽ നിന്ന് മനോഹരമായ ശിൽപ മാതൃകകൾ തീർക്കാനാകുമെന്ന തിരിച്ചറിവ് പരീക്ഷണത്തിന് മുതിരാൻ പ്രേരിപ്പിച്ചു. പാഴ്വസ്തുവായി കളയാൻ വെച്ച ജ്യൂസ് ബോട്ടിലിൽ നിന്നാണ് തുടക്കം. ഇതിൽ ചോക്ലേറ്റ് ബോക്സ് ഘടിപ്പിച്ചാണ് ആദ്യ കരവിരുത് ശിൽപം രൂപപ്പെടുത്തിയത്.
പിന്നീട് പാഴ്വസ്തുക്കളായി ലഭിക്കുന്ന എന്തിലും ഒരു മനോഹര ശിൽപ മാതൃക കണ്ടെത്തിത്തുടങ്ങി. മുട്ടത്തോട്, ഉള്ളിത്തോട്, ചെടികളുടെ ചില്ല, ചട്ടി, മഗ്ഗ്, ജഗ്ഗ്, നുറുക്കരി, വാൾനട്ട്, തേങ്ങയുടെ ഭാഗങ്ങൾ, ലിച്ചി ഫ്രൂട്ട് തൊലി, തോർത്ത്, ടർക്കി... അങ്ങനെ തുടങ്ങി ഇറച്ചി കഴിച്ചാൽ ബാക്കിയാകുന്ന എല്ലടക്കം എല്ലാ പാഴ്വസ്തുക്കളും ഉപയോഗപ്പെടുത്തി ശിൽപങ്ങൾ തീർത്തു. സ്പ്രേ പെയിൻറും ഹോട് ഗ്ലൂവും അക്രിലിക് പെയിന്‍റും ഉപയോഗിച്ച് ഇവയെല്ലാം മനോഹരമായ ശിൽപങ്ങളായി പരിവർത്തിപ്പിക്കും. സൃഷ്ടികൾ കണ്ട പലരും മനോഹരമെന്ന് വിധിയെഴുതുകയും വാങ്ങിക്കൊണ്ടുപോവുകയും ചെയ്തതോടെ പ്രചോദനമായി. കുടുംബത്തിലും സൗഹൃദത്തിലുമുള്ള ധാരാളം പേർക്ക് സമ്മാനമായി ഇത്തരം ശിൽപങ്ങൾ റീബീന നൽകിക്കഴിഞ്ഞു.
ദുബൈയിലും നാട്ടിലുമായി തന്‍റെ കരവിരുതിൽ വിരിഞ്ഞ ശിൽപങ്ങളുടെ മൂന്ന് എക്സിബിഷനുകൾ ഈ ഗൃഹനാഥ നടത്തിയിട്ടുണ്ട്. പ്രദർശനങ്ങൾ ഏറെ പേർ സന്ദർശിക്കുകയും കഴിവിനെ പലരും അഭിനന്ദിക്കുകയുമുണ്ടായി. നിലവിൽ കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈനിലൂടെയും അല്ലാതെയും തനിക്ക് ലഭിച്ച കലാവിരുതിന്‍റെ പാഠങ്ങൾ പകർന്നു നൽകുന്നുമുണ്ട് ഇവർ. 'സമ്മർ ബഡ്സ്' പോലുള്ള കുട്ടികളുടെ ക്യാമ്പുകളിലും പരിശീലനത്തിന് ഇവർ ക്ഷണിതാവായി. തലശ്ശേരി സ്വദേശിയും ദുബൈയിൽ പ്രവാസിയുമായ ഭർത്താവ് ശബീറും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം എല്ലാ പിന്തുണയും റുബീനക്ക് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.