അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം...’ എന്ന ഒരൊറ്റ ഗാനത്തിലൂടെ ഒരു പത്തുവയസ്സുകാരി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി. പിന്നീടും പലവട്ടം ആ മധുര ശബ്ദം മലയാളികൾ കേട്ടു. ഇന്ന് സൂഫി സംഗീതം തേടിയുള്ള യാത്രയിലാണ് ആ ഗായിക, ശബ്നം റിയാസ്. ഇന്ത്യയിൽ വനിതകൾക്കായുള്ള ആദ്യ ട്രഡീഷനൽ ഖവ്വാലി ബാൻഡ് കൂടി നടത്തുന്നുണ്ട് ശബ്നം. ‘ലയാലി സൂഫിയ’ എന്ന പേരിലാണ് ഈ ബാൻഡ്. അതിനിടെ, സൂഫി സംഗീതത്തെക്കുറിച്ച് ‘സൂഫി മ്യൂസിക്’ എന്ന പുസ്തകവും എഴുതി. സൂഫി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കുറിച്ചും സംഗീതയാത്രകളെക്കുറിച്ചും ശബ്നം സംസാരിക്കുന്നു...
മനുഷ്യന് അവന്റെ ഭൗതിക ലോകത്തിനപ്പുറമുള്ള ഒരു തലം അനുഭവിക്കാനും വ്യക്തിയുടെ ആത്മീയമായ സത്തയെ അറിഞ്ഞ് അതിലേക്ക് തിരിച്ചുപോകാനുമുള്ള ഒരവസ്ഥയാണ് സൂഫിസം. സൂഫിസത്തിന്റെ സന്ദേശം എല്ലാ ആളുകളെയും അഭിസംബോധന ചെയ്യുന്നുണ്ട്. വ്യത്യസ്ത പേരുകൾ സ്വീകരിക്കുകയും വ്യത്യസ്ത ആരാധനാരീതികൾ അവലംബിക്കുകയും ചെയ്തെങ്കിലും എല്ലാ സമൂഹത്തിലും സൂഫിസമുണ്ട്.
എന്റെ വല്ല്യുപ്പ വാവാശാൻ ഭാഗവതർ ഒരു ഖവ്വ്വലായിരുന്നു. അദ്ദേഹത്തിന് സ്വാതി തിരുന്നാൾ രാജാവിൽനിന്ന് പട്ടും പുടവയുമൊക്കെ ലഭിച്ചിട്ടുണ്ടെന്ന് ഉമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടിക്കാലം മുതൽ പഴയ ഹിന്ദി ഉർദു ഖവ്വാലി ഗാനങ്ങൾ കേൾക്കാറുണ്ടായിരുന്നു. സ്കൂളുകളിലും റിയാലിറ്റി ഷോകളിലുമൊക്കെ പാടാറുണ്ടെങ്കിലും ഗാനമേളകളിൽമാത്രമാണ് ഹിന്ദി ഗാനങ്ങൾ പാടിയിരുന്നത്. ലതാജിയുടെ പാട്ടുകളോടാണ് കൂടുതൽ താൽപര്യം.
1996ൽ പാടിയ ‘വെണ്ണിലാ ചന്ദനക്കിണ്ണ’ത്തിലൂടെയാണ് സിനിമാ പാട്ടുലോകേത്തക്കെത്തുന്നത്. പിന്നീട് പാടിയ ‘ശുക് രിയ’ എന്ന പാട്ടും പ്രേക്ഷകർ ഏറ്റെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബി.എ മ്യൂസികിന് തിരുവനന്തപുരം വിമൻസ് കോളജിൽ ചേർന്നു. രണ്ടാം വർഷം ആയപ്പോഴേക്കും വിവാഹം. പിന്നീട് മക്കൾ, കുടുംബം. സംഗീതത്തിൽനിന്ന് കുറച്ചുനാൾ വിട്ടുനിൽക്കേണ്ടിവന്നു. ശേഷം മാപ്പിളപ്പാട്ടിന്റെ റിയാലിറ്റി ഷോ യിൽ ജഡ്ജ് ആയിട്ടാണ് തിരികെ എത്തുന്നത്.
അതിനിടെ, ചില ചാനലുകളിൽ ആങ്കറിങ്ങും നടത്തി. 2018ൽ ഗവൺമെന്റ് വിമൻസ് കോളജിൽ കർണാട്ടിക് മ്യൂസിക്കിൽ പി.ജി ചെയ്യുമ്പോഴാണ് സൂഫി സംഗീതത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നുന്നത്. അങ്ങനെയാണ് സൂഫി സംഗീതത്തിലേക്ക് തിരിയുന്നത്. ഗൈഡായി ആദ്യം ആളെ ലഭിച്ചില്ല. ഒടുവിൽ കേരള സർവകലാശാലയിലെ ഭാഷാ അധ്യാപകൻ ഷാനവാസിന്റെ സഹായത്തോടെ പഠനം. സൂഫി സംഗീതത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും പഠനം നടത്തുന്ന അദ്ദേഹത്തിന്റെ കീഴിൽ ഇറാനിൽനിന്നും ഇറാഖിൽ നിന്നുമുള്ള ഒരുപാട് ഗവേഷക വിദ്യാർഥികളുണ്ടായിരുന്നു.
പെരിന്തൽമണ്ണയിൽനിന്നുള്ള സൂഫി സ്കോളർ സലാഹുദ്ദീൻ അയ്യൂബിയുടെ സഹായത്തോടെയാണ് പ്രബന്ധം പൂർത്തീകരിച്ചത്. പിന്നീട് എല്ലാവരുടെയും നിർദേശപ്രകാരം കർണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ സഹായത്തോടെ ‘സൂഫി മ്യൂസിക്’ എന്ന പേരിൽ കേരള സർവകലാശാലയിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു. 2018 ലായിരുന്നു അത്.
അവിടെത്തന്നെ സൂഫി സംഗീതത്തിന്റെ പ്രകടനം നടത്താനുള്ള അവസരവും ലഭിച്ചു. അന്നാണ് ആദ്യമായി ഖവ്വാലി അവതരിപ്പിക്കുന്നത്. നിലവിൽ രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള പരമ്പരാഗത ഖവ്വാലി ബാൻഡ് നടത്തിവരുന്നു. നല്ല പ്രതികരണമാണ് മ്യൂസിക് ബാൻഡിന് ലഭിക്കുന്നത്.
ആത്മീയമായ ഉന്മാദാവസ്ഥ പ്രകടമാക്കുന്ന സംഗീത ശൈലിയാണ് സൂഫി സംഗീതം. ഇതിന് വിവിധ ശാഖകളുണ്ട്. ഗസൽ, ഖാഫി, ഖവ്വാലി തുടങ്ങിയവ അതിൽ ചിലതാണ്. ഗസലും ഖാഫിയുമൊക്കെ ഒറ്റക്ക് പാടുന്ന ഭാഗങ്ങളാണ്. എന്നാൽ, ഖവ്വാലി അതിന്റെ ഹയർ വേഷനാണെന്ന് പറയാം. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ളത് ഖവ്വാലിയാണ്. പ്രണയവും വിരഹവും ഒക്കെ ചേരുന്നതാണ് ഗസലും ഖാഫിയും.
ഇറാൻ, ഇറാഖ്, തുർക്കി, ഇന്തോനേഷ്യ ഫലസ്തീൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ സൂഫി സംഗീതത്തിന് വ്യത്യസ്ത ശൈലികളാണ്. ഇന്ത്യയിൽ രാജസ്ഥാൻപോലുള്ള കേന്ദ്രങ്ങളിൽ എത്തിയതുകൊണ്ടാകാം ഒരുപക്ഷേ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായി സൂഫി സംഗീതത്തെ നാം കാണുന്നത്. രാജസ്ഥാനിൽ ഫോക്ക് മിക്സ് ചെയ്തും പഞ്ചാബിൽ പഞ്ചാബി ഭാഷ കലർത്തിയുമാണ് ഇത് പാടുന്നത്. കേരളത്തിലേക്ക് എത്തുമ്പോൾ ഇച്ച മസ്താന്റെ വരികളാണ് കൂടുതലായി ഉപയോഗിക്കാറ്. ഇവിടെ മാപ്പിളപ്പാട്ടിന്റെ ശൈലിയിലാണ് അവതരണം. സിന്ധുഭൈരവി രാഗത്തിലും ചാരു രാഗങ്ങളിലും ആണ് ഖവാലി അവതരിപ്പിക്കാറ്.
സൂഫി സംഗീതത്തെ പുതുതലമുറ ഏറ്റെടുത്തു എന്നുതന്നെ പറയാം. എ.ആർ. റഹ്മാന്റെ ഗാനങ്ങളിലൂടെയാണ് സൂഫി സംഗീതത്തെ പുതുതലമുറ കൂടുതലായി സ്വീകരിച്ചത്. ജോധാ അക്ബർ എന്ന ചിത്രത്തിലെ ‘ഖ്വാജ മേരെ ഖ്വാജ’, ഡൽഹി 6 എന്ന ചിത്രത്തിലെ ‘അർസിയാൻ’, റോക്ക്സ്റ്റാർ എന്ന ചിത്രത്തിലെ ‘കുൻ ഫായ കുൻ’, ഓ കാദൽ കൺമണി എന്ന ചിത്രത്തിലെ ‘മൗല വാ സലിം’ എന്നിവ ഉദാഹരണങ്ങളാണ്.
തിരുവനന്തപുരത്താണ് താമസം. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവ് സിനിമാതാരംകൂടിയായ റിയാസ്. ഇപ്പോൾ ബിസിനസ് നടത്തുന്നു. മക്കൾ നുമ, അർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.