നൗജിഷയും മകൻ ഐഹം നസ്സലും

പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് മക​നെ എടുത്തുയർത്തി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന ഒരമ്മ. അമ്മയുടെ യൂനിഫോം കൗതുകത്തോടെ തൊട്ടുനോക്കുന്ന മകൻ. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ദൃശ്യം കണ്ട് കോഴിക്കോട് പന്തീരിക്കര സ്വദേശിയായ നൗജിഷയെ അറിയാവുന്നവരെല്ലാം അത്ഭുതത്തോടെ പറഞ്ഞത് ഒരേ കാര്യമാണ്-''നൗജിഷ ശരിക്കും 'ന്യൂ'ജിഷയായി''. അവർക്ക് അറിയാമായിരുന്ന, ഒതുങ്ങിക്കൂടിയിരുന്ന നൗജിഷയിൽനിന്ന് ഈ മാറ്റത്തിലേക്ക് ഉയിർത്തെഴുന്നേൽക്കാൻ അവൾ നടന്ന വഴികൾ കനലുകൾ നിറഞ്ഞതായിരുന്നു.

എം.സി.എ പഠനം കഴിഞ്ഞയുടനെയുള്ള വിവാഹം, ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം, വിവാഹമോചനം, പിന്നെ അതിജീവനം. ഭർത്താവിന്റെ പീഡനമേറ്റ് തകർന്നുപോയൊരു രാത്രിയിൽ ജീവനൊടുക്കാൻ വിറച്ച കാലുകളോടെ കിണറിന്റെ ആൾമറയിൽ കയറിയ ആളിൽനിന്ന് ഉറച്ച കാലുകളോടെ ജീവിതവിജയത്തിലേക്ക് കയറിയ നൗജിഷയുടെ അതിജീവനം ​കണ്ണീരായൊടുങ്ങുന്ന പലർക്കും പ്രചോദനവുമാകുകയാണ്.

നൗജിഷയുടെ മുഖത്ത് ഇപ്പോൾ വിരിയുന്ന ചിരി അവളുടേത് മാത്രമല്ല, ബാപ്പ അബ്ദുല്ല, ഉമ്മ ഫാത്തിമ, ഇത്താത്ത നൗഫ എന്നിവരുടേത് കൂടിയാണ്. 2013 മേയിലായിരുന്നു നൗജിഷയുടെ വിവാഹം. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്തതോടെ പത്താം നാൾ മുതൽ ഭര്‍ത്താവിന്റെ പീഡനം തുടങ്ങി. കാരണ​ങ്ങളേതുമില്ലാതെയുള്ള ഉപദ്രവം. അതിനിടയിലൊരു ദിവസമാണ് ജീവനൊടുക്കാൻ വരെ തോന്നിയതും പേടിച്ച് പിന്മാറിയതും.

കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചപ്പോൾ തിരിച്ചുപോരാനായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാല്‍, കെട്ടിച്ചുവിട്ട മകള്‍ തിരികെയെത്തുമ്പോള്‍ ബാപ്പയും ഉമ്മയും നാണംകെടുമല്ലോയെന്ന ചിന്തയായിരുന്നു നൗജിഷക്ക്. ഒരു കുട്ടിയായി കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് കരുതി അവൾ പിടിച്ചുനിന്നു. അങ്ങനെ മകന്‍ ഉണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞിട്ടും മാറ്റമില്ലാതായതിനാൽ സ്വന്തം വീട്ടിലേക്ക് പോരുകയും വീട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയുമായിരുന്നു.

''അന്ന് കരുത്തായി ബാപ്പയും ഉമ്മയും നൗഫയും കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എവിടെയുമെത്തില്ലായിരുന്നു. മോനെ വളർത്തുന്ന കാര്യത്തിൽ വിഷമിക്കുകയേ വേണ്ട, തുണയായി ഞങ്ങളെല്ലാം ഉണ്ടെന്ന് പറഞ്ഞ് താങ്ങും തണലുമായി നിന്നത് കായണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായ ഇത്താത്തയാണ്. ഞാൻ തിരികെ വന്നാൽ നാട്ടുകാർ എന്തുപറയുമെന്ന് ആശങ്കപ്പെട്ടപ്പോൾ ബാപ്പ പറഞ്ഞത് പുതിയ വിഷയം കിട്ടുമ്പോൾ അവർ അതെല്ലാം മറന്നോളും എന്നാണ്.

ഇതുപോലെ വീട്ടുകാർ പിന്തുണ​ച്ചിരുന്നെങ്കിൽ ഭർതൃവീടിന്റെ അകത്തളങ്ങളിൽ പലരുടെയും ജീവൻ ഹോമിക്കപ്പെടുകയില്ലായിരുന്നു. ഒട്ടും സഹിക്കാൻ കഴിയാത്തൊരു ജീവിതത്തിൽനിന്ന് ഇറങ്ങിനടന്നാലും മുന്നിൽ അതിജീവനത്തിന്റെ വഴികൾ തുറക്കപ്പെടുമെന്ന ആത്മവിശ്വാസം എന്റെ കഥ ആർക്കെങ്കിലുമൊക്കെ പകരുമെങ്കിൽ അതിൽപരമൊരു സന്തോഷം വേറെയില്ല'' -നൗജിഷ പറയുന്നു.

സ്വന്തം വീട്ടില്‍ എത്തിയശേഷം ഗെസ്റ്റ് ലെക്ചററായി കുറച്ചുനാൾ നൗജിഷ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം പി.എസ്.സി പരിശീലനത്തിനും പോയി. പിന്നീട് അധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും പി.എസ്.സി പരിശീലനത്തിന് മാറ്റിവെക്കുകയായിരുന്നു. വിവാഹമോചനക്കേസ് നടക്കുമ്പോൾ കോടതിയുടെ വരാന്തയിൽ ഇരുന്നുപോലും പരീക്ഷകൾക്ക് തയാറെടുത്തിട്ടുണ്ട്. പരീക്ഷകൾക്ക് മാർക്ക് കുറയു​മ്പോൾ സങ്കടപ്പെടുന്ന നൗജിഷയോട് ഇത്താത്ത പറയും ഇത് നിനക്കുള്ള പരീക്ഷ ആകില്ല, ടെൻഷൻ അടിക്കേണ്ട എന്ന്.

ഇതുനൽകിയ ആത്മവിശ്വാസം നൗജിഷയെ എറണാകുളം ജില്ലയിലെ എല്‍.ഡി.സി സപ്ലിമെന്ററി ലിസ്റ്റില്‍ എത്തിച്ചു. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ കാസര്‍കോട്ട് നടന്ന ഫിസിക്കല്‍ ടെസ്റ്റിന് വിളിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ നടത്തിയ ശ്രമങ്ങളിലൂടെയാണ് ഡബ്ല്യു.സി.പി.ഒ ലിസ്റ്റില്‍ 141ാം റാ​ങ്കേടെ ഇടം പിടിക്കുന്നത്. ഡബ്ല്യു.സി.പി.ഒ മുസ്‍ലിം സംവരണ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയില്‍ ഒന്നാം റാങ്കും എറണാകുളം ജില്ലയില്‍ എട്ടാം റാങ്കുമായിരുന്നു. 2022 ഏപ്രില്‍ 15ന് നൗജിഷ സര്‍വിസില്‍ കയറി. കണ്ണൂർ ബറ്റാലിയനിലാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

മകൻ ഏഴുവയസ്സുകാരന്‍ ഐഹം നസ്സൽ ആണ് തകർക്കാൻ നോക്കിയവരുടെ മുന്നിൽ ചങ്കുറപ്പോടെ ജീവിക്കാൻ നൗജിഷക്ക് എന്നും പ്രചോദനമേകുന്നത്. ''ആരുടെയും സഹായമില്ലാതെ ഒറ്റക്ക് ജീവിക്കാനും യാത്ര ചെയ്യാനുമുള്ള ആത്മവിശ്വാസം പൊലീസിലെ പരിശീലനം നൽകിയിട്ടുണ്ട്. മകന് നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തണമെന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവും'' -ഭർത്താവിന്റെ ക്രൂരതകളിൽ കഴിയുമ്പോൾ പൊലീസിൽ ഒരു പരാതി കൊടുക്കാൻപോലും പേടിച്ചിരുന്നയാളിൽനിന്ന് പൊലീസുകാരിയായി മാറിയ നൗജിഷക്ക് അതും കഴിയുമെന്നതിൽ സംശയമില്ല.

Tags:    
News Summary - Survival story of Naujisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.