പതിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടങ്ങൾക്കിടെ തനിക്കെതിരെയുണ്ടായ ഭരണകൂട ഇടപെടലുകളിൽ തളർന്നിട്ടില്ലെന്ന് അടിവരയിടുന്നു ടീസ്റ്റ സെറ്റൽവാദ്. ഭരണഘടനയാണ് രാജ്യത്തിന്‍റെ മുന്നോട്ടുപോക്കിന് ചേർത്തുനിർത്തേണ്ടതെന്ന് അവർ ഉറക്കെ വിളിച്ചുപറയുന്നു
പാർട്ടി പ്രത്യയശാസ്ത്രമല്ല, ഭരണഘടനയാണ് രാജ്യത്തിന്‍റെ മുന്നോട്ടുപോക്കിന് ചേർത്തുനിർത്തേണ്ടതെന്ന് വിളിച്ചുപറയുകയാണ് ടീസ്റ്റ സെറ്റൽവാദ്. സത്യത്തോടും പൗരാവകാശങ്ങളോടുമുള്ള അടങ്ങാത്ത ആവേശത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരിൽനിന്ന് ഉൾക്കൊണ്ടതാണെന്ന് വ്യക്തമാക്കുന്ന ഈ മനുഷ്യാവകാശ, മാധ്യമപ്രവർത്തക രാജ്യത്തെ നിയമങ്ങൾ വ്യാപക ദുരുപയോഗത്തിന് വിധേയമാകുന്നുവെന്ന വിമർശനമുയർത്തുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടങ്ങൾക്കിടെ തനിക്കെതിരെയുണ്ടായ ഭരണകൂട ഇടപെടലുകളിൽ തളർന്നിട്ടില്ലെന്ന് അവർ അടിവരയിടുന്നു. 2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹഹരജിക്കാരിയായി ആരംഭിച്ച നിയമപോരാട്ടം കാലമേറെ പിന്നിട്ടിരിക്കുന്നു. ഇടപെടലുകളുമായി മുന്നോട്ടുപോകവെ ഗുരുതര സ്വഭാവമുള്ള നിരവധി കേസുകളെയാണ് അവർ അഭിമുഖീകരിക്കുന്നത്. ജയിലിലേക്കും നീണ്ട ടീസ്റ്റയുടെ പോരാട്ടത്തിന് പിന്തുണയുമായി ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകരാണ് കൂടെയുള്ളത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമീഷനിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു ടീസ്റ്റ സെറ്റൽവാദിന്‍റെ മുത്തച്ഛനും ഇന്ത്യയിലെ ആദ്യ അറ്റോണി ജനറലുമായ ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്. മുംബൈയിൽ പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ടീസ്റ്റ ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. സമകാലിക സാഹചര്യത്തിലെ പൗരാവകാശങ്ങൾ, ഭരണഘടന, മാധ്യമപ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് ടീസ്റ്റ സെറ്റൽവാദ് ‘വാരാദ്യമാധ്യമ’േത്താട് സംസാരിക്കുന്നു.
ജനാധിപത്യ, മതേതരത്വ, സെക്കുലർ റിപ്പബ്ലിക് എന്ന ആശയത്തെ മതാധിഷ്ഠിതമാക്കാനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ ഒമ്പതര വർഷമായി രാജ്യത്ത് കാണുന്നത്. പാകിസ്താനടക്കം മതാധിഷ്ഠിത രാഷ്ട്രങ്ങളെ ഏതു തരത്തിൽ രൂപപ്പെടുത്തിയോ അതിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള ശ്രമം ആശങ്കജനകമാണ്. മതാധിഷ്ഠിത രാഷ്ട്രമെന്ന ആശയത്തിനെതിരെ ശബ്ദിച്ചതിനാലാണ് മഹാത്മ ഗാന്ധിക്ക് ജീവൻ പോലും നഷ്ടപ്പെട്ടത്. പാകിസ്താന്‍റെ രൂപവത്കരണംപോലെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ അനുവദിക്കുന്നതിന് അദ്ദേഹം ഒരുക്കമായിരുന്നില്ല.
ജനാധിപത്യത്തിന്‍റെ മനോഹാരിത പ്രാപ്യമാകുക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ദേശീയതയിൽ മാത്രമാണ്. സമകാലിക ഇന്ത്യയിൽ വിവിധ മേഖലകളിലുള്ളവരുടെ അവകാശങ്ങളിൽ അധികാരത്തിന്‍റെ കൈയേറ്റങ്ങൾ കാണാം. സാധാരണ ജോലിക്കാർ, ആദിവാസികൾ, കർഷകർ, മത ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെയൊക്കെ അവകാശങ്ങളാണ് അവിടെയൊക്കെ പ്രധാനമായും ഹനിക്കപ്പെടുന്നത്.
ബിൽക്കിസ് ബാനുവിന്‍റെ കേസിൽ സുപ്രീംകോടതിയിൽനിന്ന് ജനുവരിയിലുണ്ടായത് മികച്ച വിധിപ്രസ്താവമാണ്. അസാധ്യ ധൈര്യശാലിയായ വനിതയാണ് ബിൽക്കിസ്. അതിലൂടെയാണ് അവർ എല്ലാ എതിർപ്പുകളെയും വകഞ്ഞുമാറ്റിയത്. നീതി വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് അവരെ നയിക്കുന്നത്. ഉയർന്ന നീതിപീഠം അവളെ അവസാനഘട്ടത്തിൽ നിരാശപ്പെടുത്തിയിട്ടില്ല.
നിലവിലെ മാധ്യമങ്ങൾ സർക്കാറിന്‍റെ അഞ്ചാമത്തെ ആയുധമായാണ് നിലകൊള്ളുന്നത്. നാലാം തൂണെന്ന നില ഇന്ന് കാണാനാകുന്നില്ല. വാണിജ്യ-ആശയ താൽപര്യങ്ങളാണ് അവരെ നയിക്കുന്നത്. ന്യൂസ് റൂമുകൾ അധികാരത്തിലുള്ളവരുടെ വാഴ്ത്തുപാട്ടു കേന്ദ്രങ്ങളാകുകയാണ്. ബി.ജെ.പി നേതൃത്വത്തിനെതിരെയോ കേന്ദ്ര സർക്കാറിനെതിരെയോ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് അവർക്ക് കഴിയുന്നില്ല. നിലപാടുകൾ ചോദ്യംചെയ്യേണ്ട സമയങ്ങളിൽ മൗനംപാലിക്കുകയാണ്.
രാജ്യത്തിന്‍റെ പണം അയോധ്യയിൽ എന്തിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്ന ചോദ്യം മാധ്യമങ്ങളിൽനിന്നുയരാതെ ബാക്കിനിൽക്കുകയാണ്. രാജ്യത്തിന്‍റെ പ്രധാന നേതൃനിരയോട് മാധ്യമപ്രവർത്തകർ ഇക്കാര്യം നേരിട്ട് ചോദ്യമായി ഉന്നയിക്കുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമില്ലെങ്കിൽ ഇവിടെ ഒരുതരത്തിലുമുള്ള പ്രാതിനിധ്യവും നിലനിൽക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പു കൊണ്ടുമാത്രം ജനാധിപത്യം സാധ്യമാകില്ല.
അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവരോടും പ്രതിപക്ഷത്തോടുമുള്ള ബഹുമാനവും ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയും നിറവേറ്റപ്പെടുമ്പോഴാണ് ജനാധിപത്യം പൂർണമാകുക. ഒരുവശത്ത് വിവരാവകാശ നിയമത്തിന്‍റെ ചിറകരിയുന്നു, മറുവശത്ത് യു.എ.പി.എ നിയമം ദുരുപയോഗപ്പെടുത്തുന്നു, മറ്റൊരു ഭാഗത്ത് വിദ്വേഷ പ്രസംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു, വേറെയൊരിടത്ത് തുറന്നുപറച്ചിലുകൾ കുറ്റകൃത്യമായി മാറുന്നു എന്നിങ്ങനെയുള്ള വൈരുധ്യങ്ങളാണ് കേന്ദ്ര സർക്കാറിൽനിന്ന് കാണുന്നത്.
തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രവചിക്കുകയെന്നത് ദുഷ്കരമാണ്. അതേസമയം, ഇന്നത്തെ സർക്കാറിനെതിരായ ശബ്ദങ്ങളിൽ പ്രതീക്ഷയുണ്ട്. കേന്ദ്ര സർക്കാറിന് ദേശീയ ശരാശരിയിൽ 37 ശതമാനം വോട്ടാണ് ലഭ്യമായിട്ടുള്ളത്. അവർക്ക് മുൻതൂക്കമുള്ള ചില സംസ്ഥാനങ്ങളിൽ ലഭിച്ചത് പരമാവധി 41 മുതൽ 44 ശതമാനം വരെ വോട്ടുമാണ്. അതേസമയം, ഒരു വലിയ ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നില്ലെന്ന കാര്യം ഓർമിക്കണം. 60 മുതൽ 66 ശതമാനം വരെ ജനങ്ങളാണ് തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നത്.
നിഷ്പക്ഷരും ഭരണഘടനയിൽ വിശ്വസിക്കുന്നവരുമായ ജനങ്ങളെ വോട്ടിങ്ങിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെ പോളിങ് ശതമാനത്തിൽ വർധനയുണ്ടാകണം. ഭരണഘടനയെ ചേർത്തുപിടിക്കുന്ന സമാധാന കാംക്ഷികളായ ജനങ്ങൾ തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകാൻ പുറത്തേക്കിറങ്ങുകതന്നെ വേണം. അതിലൂടെ ജനാധിപത്യത്തിന്‍റെ യഥാർഥ ഫലമുണ്ടാകണം.
യഥാർഥ ലക്ഷ്യം സാധ്യമാകാതെ വിപരീത ഫലമുണ്ടാകും വിധം നിയമങ്ങളെ ക്രൂരമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യമുണ്ട്. യു.എ.പി.എ നിയമത്തിന്‍റെ രൂപവത്കരണം കൃത്യമായ ലക്ഷ്യപൂർത്തീകരണത്തോടെയല്ലാതെ സ്ഥിരപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതാണ് കാഴ്ച. യു.പി.എ സർക്കാറിന്‍റെ കാലത്ത് കൃത്യമായ നിലയിലാണ് നിയമം പരിപാലിക്കപ്പെട്ടത്. എന്നാൽ, ഇന്നത്തെ സർക്കാർ അത് ക്രൂരമായാണ് ഉപയോഗപ്പെടുത്തുന്നത്. ജാമ്യം ലഭിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളിലെ വ്യവസ്ഥകൾ കഠിനമാണ്.
ഏതൊരു വ്യക്തിയെയും ഭീകരവാദിയാക്കി മുദ്രകുത്താവുന്ന നിലയിലാണ് കാര്യങ്ങൾ. ഏതെങ്കിലും അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമാകാത്തയാളുകളെപ്പോലും ഇത്തരത്തിൽ ചിത്രീകരിക്കാൻ അവർക്ക് കഴിയുന്നു. യു.പി.എ സർക്കാർ ഈ നിയമം നടപ്പാക്കുന്നതിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നാൽ, എൻ.ഡി.എ അധികാരത്തിലെത്തിയതോടെ കൃത്യമായ ദുരുപയോഗമാണ് നടന്നത്.
ഇൻഡ്യ മൂവ്മെന്റിന്‍റെ മുന്നേറ്റത്തെക്കുറിച്ച് അതിശയോക്തികരമായ ഒരു പ്രതീക്ഷ വെക്കുന്നില്ല. എന്നാൽ, പ്രതീക്ഷയോടെ പ്രവർത്തനങ്ങളെ വീക്ഷിച്ച് കാത്തിരിക്കുകയാണ്.
യുവ മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്നത് വളരെ പ്രയാസമേറിയ ഒരു സമയത്തെയാണ്. 39 വർഷം മുമ്പ് മാധ്യമപ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതീക്ഷാനിർഭരമായിരുന്നു കാര്യങ്ങൾ. ജൂനിയർ റിപ്പോർട്ടർക്കും അവരുടെ ആശയങ്ങൾ എഡിറ്ററോടും ന്യൂസ് എഡിറ്ററോടും സംവദിക്കുന്നതിനുള്ള സ്വാതന്ത്ര്യവും സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ, ഇന്ന് അത് സാധ്യമല്ല. ന്യൂസ് റൂമുകളുടെ ഘടനതന്നെ മാറിപ്പോയിരിക്കുന്നു.
ബീറ്റ് റിപ്പോർട്ടിങ് ഇല്ലാതായി. ഇവന്റ് അധിഷ്ഠിതമായ സെൻസേഷനൽ റിപ്പോർട്ടിങ്ങാണ് ഇന്നുള്ളത്. ഇതിലെല്ലാമുപരി പക്ഷപാതപരമായ റിപ്പോർട്ടിങ്ങിന്‍റെ കൂടി കാലമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള സാഹചര്യം ഇന്ന് ന്യൂസ് റൂമുകളിലില്ലെന്ന് വേണം മനസ്സിലാക്കാൻ. ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസ പ്രശ്നങ്ങൾ, പൊതുജനാരോഗ്യം, എതിർശബ്ദങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളൊക്കെ പരിഗണനകൾ അർഹിക്കാതെ പോകുന്നു. അതിനാൽ യുവമാധ്യമപ്രവർത്തകർക്ക് ഇതൊരു കഠിനമായ കാലഘട്ടംതന്നെയാണ്.
ഓരോ ദിവസവും നിരവധി മാധ്യമപ്രവർത്തകരെ കണ്ടുമുട്ടാറുണ്ട്. അവരൊക്കെ വലിയ പ്രതീക്ഷയോടെ മേഖലയിലേക്ക് കടന്നുവരുന്നവരാണ്. അതാണ് ജനാധിപത്യത്തിന്‍റെ ശക്തിയും. യുവജനങ്ങൾ കൂടുതലായി മാധ്യമപ്രവർത്തന മേഖലയിലേക്ക് കടന്നുവരുകതന്നെ വേണം. അവർക്ക് മാർഗനിർദേശങ്ങളും പിന്തുണയും നൽകുകയെന്നത് പതിറ്റാണ്ടുകളായി മേഖലയിലുള്ള എന്നെപ്പോലുള്ളവരുടെ കടമയാണെന്നാണ് വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.