സൗദി അറേബ്യയുടെ ‘വിഷൻ 2030’ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് സ്ത്രീ ശാക്തീകരണം. തൊഴിൽ രംഗത്ത് 30 ശതമാനം പ്രാതിനിധ്യം സ്ത്രീകൾക്ക് നൽകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സ്വദേശി വനിതകളുടെ ശാക്തീകരണമാണ് വർത്തമാനകാലത്ത് രാജ്യം ലക്ഷ്യംവെക്കുന്നത്. അതിനുള്ള സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി ദ്രുതവും സമഗ്രവുമായ വളർച്ചയും വികസനവുമാണ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി 2018 മുതൽ നിരവധി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് നിലവിൽവന്നിട്ടുള്ളത്.
1955ൽ ജിദ്ദയിൽ പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ തുറന്നത് തൊട്ട് വനിത ശാക്തീകരണത്തിന് തുടക്കംകുറിച്ചിരുന്നെങ്കിലും മുന്നേറ്റം വളരെ പതുക്കെയായിരുന്നു. എന്നാൽ, 1999ൽ സ്ത്രീകൾക്ക് ദേശീയ തിരിച്ചറിയൽ കാർഡ് നൽകിയതും 2005ൽ നിർബന്ധിത വിവാഹം നിരോധിച്ചതും 2009ൽ സൗദിയിലെ ആദ്യത്തെ വനിത മന്ത്രിയായി നൂറ ബിൻത് അബ്ദുല്ല അൽ ഫായിസ് ചുമതലയേറ്റതുമെല്ലാം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗങ്ങളായി നടന്നു. 2011ൽ അബ്ദുല്ല രാജാവ് സ്ത്രീകൾക്ക് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുകയും ശൂറാ കൗൺസിൽ അംഗത്വം നൽകുകയും ചെയ്തു. സൗദി വനിതകൾക്ക് സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനും അനുമതിയായി.
2017ൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഗവൺമെന്റ് സർവിസുകളിലേക്ക് പുരുഷ രക്ഷാകർത്താവില്ലാതെ പ്രവേശനം അനുവദിക്കുന്നതായി സൽമാൻ രാജാവ് ഉത്തരവിറക്കി. തുടർന്നുണ്ടായ പരിഷ്കാരങ്ങളൊക്കെയും രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലുകളായിരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 2018ൽ പീഡനവിരുദ്ധ നിയമം നിലവിൽവന്നു. ഇതനുസരിച്ച് കുറ്റവാളികൾക്ക് അഞ്ചുവർഷംവരെ തടവും കനത്ത പിഴയുമാണ് ശിക്ഷ.
പൊതുനിരത്തുകളിൽ വാഹനമോടിക്കാനുള്ള അവകാശം 2018 ജൂണിൽ നിലവിൽവന്ന ശേഷം ഏകദേശം 25 ലക്ഷം വനിത ഡ്രൈവർമാരാണ് പൊതുനിരത്തിലുള്ളത്. 2019 ആഗസ്റ്റിൽ 21 വയസ്സിനുമുകളിലുള്ള വനിതകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാനും ഒറ്റക്ക് യാത്രചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകി ഉത്തരവിറക്കി. 2021ലെ ഉത്തരവ് പ്രകാരം പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകൾക്ക് ഒറ്റക്ക് താമസിക്കാനും ജീവിക്കാനുമുള്ള അനുമതിയും അധികൃതർ നൽകി.
സൈന്യത്തിൽ സേവനമനുഷ്ഠിക്കാനുള്ള അവകാശം നൽകിയതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലടക്കം വിവിധ വകുപ്പുകളിൽ ജോലി ചെയ്യാൻ സൗദി വനിതകൾക്ക് അവസരം കിട്ടി. കൂടാതെ സായുധ സേനയിലും അവസരം തുറന്നുകൊടുത്തു. അങ്ങനെ ഉന്നത റാങ്കുകളിൽ വനിതകളുടെ സാന്നിധ്യമുണ്ടായി. കായിക രംഗത്തേക്കുള്ള സ്ത്രീകളുടെ വരവ് നല്ലൊരു മുന്നേറ്റമാണ് സാധ്യമാക്കിയത്.
വിവിധ മത്സരങ്ങളിൽ വനിതകൾക്ക് പരിശീലനം ലഭിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും അനുവാദം ലഭിച്ചു. കൂടാതെ പുരുഷന്മാർ മാത്രം പങ്കെടുത്തിരുന്ന കായിക മത്സരവേദികൾ സ്ത്രീകൾക്കും കുട്ടികൾക്കും തുറന്നുകൊടുത്തു. വേതനം, തൊഴിൽ, ജോലിസമയം തുടങ്ങി എല്ലാ കാര്യങ്ങളിലും ജോലിസ്ഥലത്ത് ആൺ-പെൺ തുല്യതയും വാണിജ്യ രംഗത്ത് ഒറ്റക്കിടപെടാനുള്ള സ്വാതന്ത്ര്യവും നൽകുന്നു.
സൗദി അറേബ്യയുടെ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് അയക്കുമെന്ന പ്രഖ്യാപനവും ഫിഫ സൗദി വനിത അന്താരാഷ്ട്ര റഫറിയെ നിയമിച്ചതുമടക്കം നിരവധി സ്ത്രീമുന്നേറ്റ തീരുമാനങ്ങൾ അടുത്തിടെയുണ്ടായി. സൗദി വനിതകളുടെ സാന്നിധ്യമില്ലാത്ത മേഖലകൾ ഇന്ന് രാജ്യത്തില്ലെന്നുതന്നെ പറയാം. ‘വിഷൻ 2030’ന്റെ ഭാഗമായി നടത്തുന്ന ഈ മാറ്റങ്ങൾ സൗദി അറേബ്യ എന്ന രാജ്യത്തിന്റെ വൈവിധ്യവത്കരണം ലക്ഷ്യംവെച്ചുള്ളതാണ്. ഈ മാറ്റങ്ങളെല്ലാം ഇതിനോടകംതന്നെ രാജ്യത്തുടനീളം ലക്ഷ്യംകാണുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.