ആളിപ്പടർന്ന അഗ്നിയിൽ ജീവിതവേഷം കത്തിത്തീർന്ന അമ്മയുടെ ഓർമയാണ് തിരശ്ശീല ഉയരുമ്പോൾ ഇന്നും ജൂലിയുടെ മനസ്സിലേക്ക് ആദ്യമെത്തുക. നെഞ്ചകം പൊള്ളിച്ച ആ വാർത്തയറിഞ്ഞിട്ട് വർഷം 19 പിന്നിടുന്നു. പാലായിൽ നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് തീപിടിച്ച് നിരവധി പേർ മരിച്ച അപകടത്തിലാണ് ജൂലിക്ക് മമ്മിയെ നഷ്ടമായത്. തിരുവനന്തപുരത്ത് ഒരു നാടകത്തിൽ വേഷമിട്ട ശേഷം മടങ്ങുകയായിരുന്നു നടി കൂടിയായ മാതാവ് തങ്കം ജോസ്. മമ്മിയായിരുന്നു ജൂലിക്ക് അതുവരെ വേദികളിലേക്കുള്ള കൂട്ട്.
പ്രഫഷനൽ നാടകങ്ങൾക്കുള്ള 2016ലെ കേരള സംഗീത നാടക അക്കാദമി അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജൂലി ബിനു ഈ നേട്ടം കാണാൻ മമ്മിയില്ലാതെ പോയല്ലോയെന്ന സങ്കടത്തിലാണ്. പാലാ കമ്യൂണിക്കേഷൻസിൻെറ ‘മധുരനൊമ്പരപ്പൊട്ട്’ എന്ന നാടകത്തിലെ അഭിനയത്തിനാണ് പുരസ്കാരം. പിറന്നുവീണത് ദലിത് കുടുംബത്തിലായെന്ന കുറ്റത്തിന് ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് ഓടിയൊളിക്കേണ്ടിവന്ന മലയാള സിനിമയിലെ ആദ്യ നായികയുടെ കഥയാണിത്. വേദികളിലെല്ലാം ലഭിച്ച നിറഞ്ഞ കൈയടിയാണ് ജൂലി ബിനുവിന് സംസ്ഥാന അവാർഡിനേക്കാൾ എന്തുകൊണ്ടും വിലപ്പെട്ടത്.
മാസങ്ങൾക്കു മുമ്പ് ഷൊർണൂരിലെ ഒരു വേദിയിൽ നാടകം കാണാനിടയായ ഈ ലേഖകന് പറയാനുള്ളതും േപ്രക്ഷകനെ പിടിച്ചിരുത്തുന്ന ആ അഭിനയമികവിനെക്കുറിച്ച് തന്നെയാണ്. സദസ്സിലെ വെളിച്ചമണഞ്ഞതു മുതലുള്ള ഓരോ നിമിഷവും ജൂലിയും മറ്റ് അഭിനേതാക്കളും ജാതിമേധാവിത്വം മുടിയഴിച്ചാടിയ ആ കാലഘട്ടത്തെ അക്ഷരാർഥത്തിൽ പുനഃസൃഷ്ടിക്കുകയായിരുന്നു. എത്ര മികച്ച അഭിനേത്രിയായാലും സ്ത്രീക്ക് ഉയരണമെങ്കിൽ അവളുടെ അഭിമാനം പണയപ്പെടുത്തണമെന്ന ചിന്ത ശക്തമായൊരു കാലത്തെ അതിന്റെ എല്ലാ തീവ്രതയോടെയും വരച്ചുകാണിക്കുന്നു രചന നിർവഹിച്ച ഫ്രാൻസിസ് ടി. മാവേലിക്കരയും സംവിധായകൻ വത്സൻ നിസരിയും.
17ാം വയസ്സിൽ പ്രീഡിഗ്രിക്കാലത്ത് വീടിനടുത്തുള്ള ഒരു ട്രൂപ്പ് വഴി നാടകവേദിയിലെത്തിയതാണ് തൊടുപുഴ സ്വദേശിനിയായ ജൂലി. പിതാവ് പി.എം. ജോസടക്കം കുടുംബത്തിൽ എല്ലാവരും നാടകത്തെ ജീവനുതുല്യം സ്നേഹിക്കുന്നവർ. പിതാവും പിതാവിന്റെ സഹോദരി സിസിലി ജോയിയും പിതൃസഹോദരനുമെല്ലാം നാടകങ്ങളിൽ വേഷമിട്ടു. കഴിഞ്ഞ തവണത്തെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സിസിലി ജോയിയാണ് ഏറെ പ്രചോദനം. പൂഞ്ഞാർ നവധാരയുടെ ‘തീരം കാശ്മീരം’ ആണ് ജൂലിയുടെ ആദ്യ നാടകം.
തുടർന്ന് തിരുവനന്തപുരം സംഘചേതനയുടെ 'മുദ്രമോതിരം', സൗമ്യസാരയുടെ ‘അധികാരോത്സവം’, കാഞ്ഞിരപ്പള്ളി അമലയുടെ 'നക്ഷത്രക്കണ്ണുകൾ', കോഴിക്കോട് സങ്കീർത്തനയുടെ 'മുത്തപ്പൻ' തുടങ്ങി എത്രയെത്ര വേദികൾ. ജയൻ തിരുമല, വക്കം ഷക്കീർ, രാജീവ് മമ്പിളി, പയ്യന്നൂർ മുരളി... തുടങ്ങി എത്രയെത്ര സംവിധായകർ. സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടെങ്കിലും ചിലതെല്ലാം സ്റ്റേയിലും മറ്റും കുരുങ്ങി. പ്രാദേശികാടിസ്ഥാനത്തിൽ ഇതിനകം 40ഒാളം അവാർഡുകൾ തേടിയെത്തി. ‘മധുരനൊമ്പരപ്പൊട്ട്’ അടക്കം നിരവധി നാടകങ്ങളിലെ അഭിനേതാവും 2000ത്തിലെ സംസ്ഥാന അവാർഡ് ജേതാവുമായ വൈക്കം ബിനുവാണ് ഭർത്താവ്. ഒരു സഹോദരനുണ്ട്.
നാടകം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന പ്രചാരണത്തിൽ തെല്ലും കഴമ്പില്ലെന്ന പക്ഷക്കാരിയാണ് ജൂലി. സ്ത്രീയെന്നത് എനിക്ക് ഒരിക്കലും പ്രതിബന്ധമായിട്ടില്ല. ഒരു കുടുംബാംഗത്തെപ്പോലെയാണ് എല്ലാവരും പെരുമാറുന്നത്. ഭർത്താവിന്റെ പിന്തുണ വലിയ ഘടകമാണെന്നതും പ്രധാനമാണ്. ഏഴ് വയസ്സുള്ള മകനും നാടക ജീവിതത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു. ഒരു വയസ്സായിരിക്കുമ്പോൾ നാടകത്തിൽ വേഷമിട്ട അനുഭവവും അവനുണ്ട്. അവാർഡ് ലഭിച്ച ‘മധുരനൊമ്പരപ്പൊട്ട്’ കൂടുതൽ ജനകീയമായത് അതിൽ കൈകാര്യം ചെയ്ത വിഷയത്തിന്റെ കാലികപ്രസക്തി കൊണ്ടു കൂടിയാകുമെന്ന് ജൂലി പറയുന്നു.
പാലാ കമ്യൂണിക്കേഷൻസിന്റെ ചുമതലക്കാരനായ ഫാദർ ജോയൽ പണ്ടാരപ്പറമ്പിലുൾപ്പെടെ സമിതിയിലെ ഓരോരുത്തരും മുൻകാല ട്രൂപ്പുകളുടെ സംഘാടകരും സംസ്ഥാന അവാർഡിലേക്കുള്ള യാത്രയിൽ നൽകിയ പിന്തുണ ജൂലി നേട്ടത്തിന്റെ നെറുകയിലും മറക്കുന്നില്ല. നാടകത്തിലെ നല്ല വേഷങ്ങളിൽ തൃപ്തയായതിനാൽ സിനിമാ മോഹങ്ങളില്ലെന്ന് കൂടി അരങ്ങിനെ പ്രണയിക്കുന്ന ഈ അഭിനേത്രി പറഞ്ഞുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.