കോന്നി: അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീ അവകാശ സംരക്ഷണത്തിനായി മുറവിളി കൂട്ടുമ്പോൾ ഒരേ ഒരു വനിത പൊലീസ് മാത്രമാണ് കോന്നി സ്റ്റേഷനിലുള്ളത്. മാവേലിക്കര സ്വദേശി ബിയാൻസ എന്ന ഏക സി.പി.ഒ ആണ് പരാതികളുമായി എത്തുന്ന വനിതകൾക്ക് ഏക ആശ്വാസം. മാവേലിക്കരയിൽനിന്ന് കോന്നിവരെ 72കിലോമീറ്റർ യാത്ര ചെയ്താണ് ഇവർ കോന്നി പൊലീസ് സ്റ്റേഷനിൽ ജോലിക്ക് എത്തുന്നത്.
അഞ്ച് വനിത പൊലീസുകാരാണ് വേണ്ടത്. തസ്തിക ഒഴിഞ്ഞുകിടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നികത്താൻ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ല.
പോക്സോ കേസുകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കേസുകളും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോന്നിയിൽ വനിത ജീവനക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആവശ്യമുന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ അധികൃതർ റിപ്പോർട്ട് നൽകാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. വീടുകളിൽ പൊലീസ് നടത്തുന്ന പരിശോധനകളിൽ വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യം നിർബന്ധമാണ് എന്നാണ് നിയമം. എന്നാൽ, ഡ്യൂട്ടി കഴിഞ്ഞ് ബിയാൻസ വീട്ടിൽ പോയാൽ പരിശോധനകൾക്ക് അടുത്തുള്ള സ്റ്റേഷനിൽനിന്ന് വനിത ഉദ്യോഗസ്ഥരെ കോന്നിയിൽ എത്തിക്കേണ്ടിവരും. ജില്ലയിൽ ഏറ്റവും അധികം സ്ത്രീസംബന്ധമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോന്നി സ്റ്റേഷനിലാണ്.
അന്താരാഷ്ട്ര വനിത ദിനത്തിൽ ബിയാൻസയെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. കോന്നി എൻ.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളും വനിത കൂട്ടായ്മയും ചേർന്ന് ഈ പെൺകരുത്തിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.