അലങ്കാരമത്സ്യ മേഖലയിൽ നക്ഷത്രത്തിളക്കവുമായി തൃപ്തി ഷെട്ടിയും ദീപ മനോജും. വെല്ലുവിളികൾ ഏറെയുള്ള അലങ്കാര മത്സ്യകൃഷി മേഖലയിൽ കഠിനാധ്വാനവും മാനേജ്മെന്റ് വൈദഗ്ധ്യവുംകൊണ്ട് കരുത്ത് തെളിയിച്ചവരാണ് രണ്ടുപേരും. കോവിഡ്കാല പ്രതിസന്ധികളെ മനോധൈര്യത്തോടെ നേരിട്ടാണ് തൃപ്തിയും ദീപയും അവരുടെ ബിസിനസ് സംരംഭം വിജയകരമാക്കിയത്. ലോക വനിത ദിനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഇവരെ ആദരിക്കും.
ട്രാൻസ്ജെൻഡറായ ആലുവ കടുങ്ങല്ലൂർ സ്വദേശി തൃപ്തി ഷെട്ടി സി.എം.എഫ്.ആർ.ഐയുടെ സയൻസ് ടെക്നോളജി ഇന്നൊവേഷൻ ഹബ് പദ്ധതിയുടെ ഗുണഭോക്താവാണ്. കേരളത്തിലെ ആദ്യകാല ട്രാൻസ്ജെൻഡർ സംരംഭകയായി ശ്രദ്ധനേടിയ തൃപ്തി അലങ്കാര മത്സ്യകൃഷിയിലൂടെയാണ് മത്സ്യമേഖലയിൽ കരുത്ത് തെളിയിച്ചത്.
ലോക്ഡൗണിൽ കനത്ത നഷ്ടമുണ്ടായെങ്കിലും പിന്മാറാൻ തയാറായില്ല. തൃപ്തി അക്വാട്ടിക്സ് എന്ന സംരംഭം വഴി 50 ശതമാനത്തോളം അധികവരുമാനം കുടുംബത്തിന് ലഭിക്കുന്നുണ്ട്. ട്രാൻസ്ജെൻഡറായ എം. ഹൃത്വിക്കാണ് തൃപ്തിയുടെ പങ്കാളി.
പെരുമ്പാവൂർ കീഴില്ലം സ്വദേശിയാണ് ദീപ മനോജ്. അലങ്കാരമത്സ്യ കുഞ്ഞുങ്ങളെ വളർത്തുകയും വിൽക്കുകയും ചെയ്ത് ഉപജീവനമാരംഭിച്ച ദീപ പിന്നീട് അയൽപക്കത്തുള്ള തൊഴിൽരഹിതരായവരെ കണ്ടെത്തി അവരെക്കൂടി അലങ്കാരമത്സ്യ കൃഷിയിലേക്ക് ആകർഷിച്ച് സംരംഭം വിപുലമാക്കി. പ്രതിസന്ധികൾക്കിടയിലും വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താനായതും കൂട്ടായ്മ രൂപവത്കരിച്ച് അവരെ അലങ്കാരമത്സ്യ കൃഷിയിലേക്ക് ആകർഷിക്കാനായതുമാണ് ദീപയുടെ വിജയം.
വാണിജ്യമൂല്യമുള്ള അലങ്കാരമത്സ്യങ്ങളുടെ കൃഷിയും പ്രജനനവും അവരെ പരിശീലിപ്പിച്ചു. ഈ മത്സ്യങ്ങളുടെ വിപണന ശൃംഖല വികസിപ്പിച്ചു. അറ്റ്ലാന്റ ഫിഷ് ഫാം എന്ന തന്റെ സംരംഭം വഴി ധാരാളം പേർക്ക് സ്വയംതൊഴിലിനുള്ള അവസരവും ലഭ്യമാക്കി.
കോവിഡിൽ ഏറെ പ്രതിസന്ധികളുണ്ടായെങ്കിലും ലോക്ഡൗൺ കാലത്ത് പലരും അലങ്കാര മത്സ്യകൃഷി പോലെയുള്ള സ്വയംതൊഴിൽ മേഖലയിലേക്ക് തിരിഞ്ഞത് ഗുണകരമായെന്നും ദീപ മനോജ് പറയുന്നു. സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന പരിപാടിയിൽ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഇരുവരെയും ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.