തയ്യല്‍ക്കാരനായ ഉപ്പ, കുടുംബിനിയായ ഉമ്മ എന്നതില്‍ക്കവിഞ്ഞ് വലിയ സാമ്പത്തിക പശ്ചാത്തലമൊന്നും ചൂണ്ടിക്കാണിക്കാനില്ല മലയാളിയായ ഈ പെൺകരുത്തിന്. എറണാകുളത്തെ ഒരു യാഥാസ്ഥിതിക- മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനനം. സമൂഹത്തിന്റെ കണ്ണുരുട്ടലുകളെ ഭയന്ന് നൈസര്‍ഗ്ഗികമായ കഴിവുകളെ സ്വയം കുഴിച്ചുമൂടി എന്‍ജിനീയറിങ് മേഖലയിലേക്ക് ചേക്കേറി. പക്ഷേ തന്റെതായ ഇടം കണ്ടെത്താനാകാതെ നിരാശരായി മടങ്ങേണ്ടിവന്നു ഈ കൊച്ചുപെണ്‍കുട്ടിക്ക്. ഒടുക്കം തന്നെ ബാധിച്ച വിഷാദാവസ്ഥയില്‍ നിന്നും ഒരു വലിയ ഇടം സൃഷ്ടിച്ച് ലോക വനിതാ സംരംഭകത്വത്തിനുമേല് തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് അഫ്ര ഷബീബ്.
എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അഫ്ര ദുബൈയിലേക്ക് തിരിച്ചു. പഠനം ഉപേക്ഷിച്ചതിന്റെ പ്രതിസന്ധികള്‍ ഓരോന്നായി അഫ്രയില്‍ നിരാശ ജനിപ്പിച്ചു. പിന്നീടുണ്ടായ ഒറ്റപ്പെടലും മുഷിഞ്ഞ നേരങ്ങളും നിരാശയെ പതിയെ വിഷാദത്തിലേക്ക് നയിച്ചു. അവിടെയാണ് അഫ്ര താന്‍ എന്നോ അടക്കം ചെയ്ത കിനാവുകളെ വീണ്ടും വിരുന്നു വിളിക്കുന്നത്. ദുബൈയില്നിന്നുകൊണ്ട് എന്ത് ചെയ്യാനാകുമെന്ന അഫ്രയുടെ വീണ്ടുവിചാരം ചെന്നെത്തി നില്‍ക്കുന്നത് ഇന്നത്തെ വേള്‍ഡ് ഫേമസ് 'മാള്‍ ഓഫ് അബായ'യിലാണ്. ഒരുപാട് സാധ്യതാപഠനങ്ങള്ക്കു ശേഷം 2016 ജൂണിലാണ് മാള്‍ ഓഫ് അബായയുടെ ഓണ്‍ലൈന്‍ വിപണനത്തിന് തുടക്കം കുറിക്കുന്നത്.
ദുബൈയില്‍നിന്നും നാട്ടിലേക്കുള്ള കൊറിയര്‍ സംവിധാനം വളരെ ചെലവ് കൂടിയതും സമയദൈര്ഘ്യമുള്ളതും ആയിരുന്നു. എങ്കിലും വാഗ്ദാനം ചെയ്ത ഗുണമേന്മയും വ്യത്യസ്തതയും ആളുകളില്‍ ഏറെ സ്വീകാര്യത നിറച്ചു. പതിയെ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ എണ്ണം കൂടി ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും മാര്‍ക്കറ്റിങ് അതിവേഗം വ്യാപിച്ചു. മാര്‍ക്കറ്റിങ് സ്ട്രാറ്റജിയിലെ ഭര്‍ത്താവ് ഷബീബിന്റെ മികവ് മാള്‍ ഓഫ് അബായയുടെ വളര്‍ച്ചയില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. അഫ്രയുടെ നൂതന ഡിസൈനുകളില്‍ പണിതെടുത്ത വസ്ത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കസ്റ്റമേഴ്സില്‍ നിന്നും ഒരു ഷോപ്പിനു വേണ്ടിയുള്ള അപേക്ഷകള്‍ ഉയര്‍ന്നു തുടങ്ങി. അങ്ങനെ 2020 ല്‍ കേരളത്തില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ആദ്യ ഔട്ട്ലെറ്റിനു രൂപം നല്കി. 2021ല്‍ കണ്ണൂരും മഞ്ചേരിയിലുമായി രണ്ട് ഔട്ട്ലെറ്റുകള് കൂടെ പ്രവര്‍ത്തനമാരംഭിച്ചു. ഇവ മൂന്നിന്റെയും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഏറെ ആശ്ചര്യകരമായിരുന്നു.
പെടുന്നനെയാണ് ഇടിത്തീ രൂപത്തില്‍ ലോകത്ത് കൊവിഡ്19 പടര്‍ന്നു പിടിക്കുന്നത്. ഇതോടെ ഓണ്‍ലൈന്‍ വിപണനം വളരെയധികം ദുസ്സഹമായി. പതിയെ ഷോപ്പുകളിലും ആളുകള്‍ എത്തിച്ചേരാതായി. നാട്ടിലും വിദേശത്തുമായി തന്റെ തൊഴിലാളികള്‍ക്ക് സംരഭത്തിനു പുറമെ മാസംതോറും 10 ലക്ഷം രൂപ കണ്ടെത്തണമെന്നത് അഫ്ര നേരിടേണ്ടിവന്ന വലിയ വെല്ലുവിളിയായിരുന്നു.
ദുബൈയിലും ബിസിനസ് മാനേജ്മെന്റും മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നാട്ടിലുമായിരുന്ന കാലം. എന്നാൽ, അതിജീവനത്തിനു വേണ്ടിയുള്ള സമരമനസ്സായിരുന്നു അഫ്രയുടേത്. ആദ്യപടിയായി തൊഴിലാളികളുടെ എണ്ണം കുറച്ചു. പിന്നീട് ദുബൈയിലെ ടൂ ബി.എച്ച്.കെയില്‍ നിന്നും തന്റെ സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം ഒരു ബെഡ് സ്പേസിലേക്ക് താമസം മാറ്റി. ജീവിതച്ചെലവുകള്‍ പാടെ കുറച്ചു. പതിയെ യു.എ.ഇയില്‍ കൊവിഡ് അമര്‍ന്നു തുടങ്ങി. ഓണ്‍ലൈന്‍ ഡെലിവറി നല്ല രീതിയില്‍ മുന്നോട്ടു പോയി. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് തന്റെ നാല്പതോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടിവരുമെന്ന അവസ്ഥ സംജാതമായി.
ബസ്സും ടാക്സിയും മാത്രം ആശ്രയിച്ച് അബായ ക്ലോത്ത് പര്‍ച്ചേഴ്സിന് വേണ്ടി എമിറേറ്റ്സ് മുഴുക്കെയുള്ള രാപ്പകല്‍ യാത്രകള്‍ അക്ഷരാര്‍ത്ഥത്തില്‍ അഫ്രയെ ഏറെ തളര്‍ത്തി. നിരന്തരം ടാക്സിക്ക് പണമില്ലാതായതോടെ യു.എ.ഇയില്‍ സ്വയം ട്രാവല്‍ ചെയ്തു പര്‍ച്ചേഴ്സ് ചെയ്യാനുള്ള വഴി അന്വേഷിച്ചു തുടങ്ങി. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അഫ്ര യു.എ.ഇ ലൈസന്‍സ് സ്വന്തമാക്കി. ചെറിയ കാര്‍ സംഘടിപ്പിച്ചു. അങ്ങനെയങ്ങനെ നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി തിരിച്ചുപിടിച്ചു. നാട്ടിലെ മൂന്ന് ഔട്ട്ലെറ്റുകളും ദുബൈ ഓണ്‍ലൈന്‍ വിപണനവും സ്വപ്ന വേഗതയില്‍ കുതിച്ചു. ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും അഫ്രക്ക് ആവശ്യക്കാരേറി വന്നു.
ഇന്ന്, ഇഷടവാഹനമായ മിനിക്കൂപ്പറില്‍ ദുബൈ നിരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മെനഞ്ഞെടുക്കാന്‍ ഏറെ ഗഥകാല സ്മരണകളുണ്ട് ഈ 27കാരിക്ക്. ലോകമൊട്ടുക്കെ കൊറോണയെ ഭീതിയോടെ വീക്ഷിക്കുമ്പോള്‍ ഇവിടെ തന്റെ ലക്ഷ്യങ്ങള്‍ക്കുമേല്‍ കൊറോണയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചു ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു അഫ്ര ഷബീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.