സ്ത്രീശാക്തീകരണത്തിെൻറ പുതിയ പാഠങ്ങളുമായി വീണ്ടുമൊരു വനിതദിനം കടന്നുപോകുേമ്പാൾ നമ്മുടെ വനിത സാമാജികർ സ്വയം വിലയിരുത്തുക യാണിവിടെ. സ്ത്രീയുണർവിെൻറ കാലഘട്ടത്തിലും അവർ നേരിടുന്ന പ്രതിസന്ധികൾ, സാക്ഷര കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
പെരുകുന്നതിന് പരിഹാര മാർഗങ്ങൾ, നിയമസഭയിൽ വനിത പ്രാതിനിധ്യം കൂടാത്തതിന്റെ കാരണങ്ങൾ? യുവതലമുറയോട് അവർക്ക് പറയാനുള്ളത്...അയിഷ പോറ്റി, ഷാനിമോൾ ഉസ്മാൻ, യു. പ്രതിഭ എന്നിവർ പ്രതികരിക്കുന്നു....
14ാം നിയമസഭ അവസാനനാളുകളിലെത്തുേമ്പാൾ സാമാജിക എന്ന നിലയിലുള്ള തങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തരെന്ന ഉറച്ച സ്വരമാണ് വനിത എം.എൽ.എമാർക്ക് പങ്കുെവക്കാനുള്ളത്. വെല്ലുവിളികൾ ഏറെ നിറഞ്ഞ പൊതുജീവിതത്തിൽ കരുത്തോടെ തലയുയർത്തി നിൽക്കാൻ കഴിയുന്നതിെൻറ അഭിമാനം അവരുടെ വാക്കുകളിൽ നിറയുന്നു.
കേരള സമൂഹത്തിൽ കൂടുതൽ പോസിറ്റിവ് മാറ്റങ്ങൾക്കായി ആത്മവിശ്വാസത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരൂ എന്ന ആഹ്വാനമാണ് പുതുതലമുറയിലെ വനിതകൾക്കായി ഇൗ ദിനത്തിൽ കേരളത്തിെൻറ വനിത സാമാജികർക്ക് നൽകാനുള്ളത്.
അയിഷ പോറ്റി
ജനപ്രതിനിധി എന്ന നിലയിലും വനിത എന്ന നിലയിലും ഏറ്റവുമധികം മാനസിക സംതൃപ്തി ഉണ്ടായ ടേം ആയിരുന്നു ഇത്തവണ. മണ്ഡലത്തിൽ വ്യത്യസ്ത മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നലിംഗക്കാരുടെയും സമിതിയുടെ അധ്യക്ഷയായി അഞ്ചു വർഷം പ്രവർത്തിച്ചതിലൂടെ ലഭിച്ച സന്തോഷവും വളരെയധികമുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലമാണ് ഇന്ന്. കുടുംബത്തിലെ പ്രശ്നങ്ങൾ, ഇൻറർനെറ്റ് സ്വാധീനം, ലഹരി എന്നിങ്ങനെ പലവിധ കാരണങ്ങളുണ്ട്. മനോഭാവത്തിലെ പ്രശ്നങ്ങളും പ്രധാനഘടകമാണ്. കുടുംബങ്ങളിൽ നിന്ന് മാറ്റം തുടങ്ങുന്ന തലത്തിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ കേരളീയ സമൂഹത്തിലെ അത്തരം മൂല്യശോഷണത്തിന് പരിഹാരം.
എം.എൽ.എ എന്ന അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ചില ഉദ്യോഗസ്ഥർ സ്ത്രീയാണ് സംസാരിക്കുന്നത് എന്നറിയുേമ്പാൾ നമുക്ക് ഒന്നും അറിയാത്തവരാണ് എന്ന മനോഭാവത്തോടെ ഇടപെടുന്ന സന്ദർഭങ്ങൾ ഒാർമയിലെത്തുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ചൂളിപ്പോകുകയല്ല, നമ്മിൽ നിക്ഷിപ്തമായ അധികാരത്തിെൻറ കരുത്തിൽ ഒട്ടും വിട്ടുകൊടുക്കാതെ മറുപടി നൽകുകയാണ് വേണ്ടത്.
എം.എൽ.എയായാലും എം.പിയായാലും സ്ത്രീകളല്ലേ, വിലകുറച്ച് കാണാം എന്നു കരുതുന്നവരോട് എപ്പോഴും ശക്തമായി തന്നെ പോരാടുക എന്നതാണ് നയം. പോരാടി നിൽക്കുകയാണ് എപ്പോഴും നിലനിൽപ്പിന് ആധാരം. ഇടിച്ചുകയറിതന്നെ ഉയർന്നുവരുക. അല്ലാതെ ആരും ഇങ്ങോട്ട് ഒന്നും കൊണ്ടുതരില്ല.
വനിതകൾക്ക് അവസരങ്ങൾ കിട്ടുക എപ്പോഴും പ്രയാസമായിരിക്കും, എന്നാൽ, അവസരങ്ങൾ നമ്മിലേക്ക് എത്താൻ തക്ക അനിവാര്യതയുള്ളവരായി സ്വയം ഉയരുകയാണ് ചെയ്യേണ്ടത്. സ്ത്രീകൾ സമസ്ത മേഖലകളിലും ഉയർന്നുവരണം എന്ന് വാചകങ്ങൾ മുഴങ്ങുേമ്പാഴും അത് യാഥാർഥ്യത്തിലേക്ക് എത്താൻ ഇത്തരം പോരാട്ടങ്ങൾ ഇനിയും ഏറെ നടക്കേണ്ടതുണ്ട്.
നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം ഇനിയും ഉയരുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും കാര്യമായ പരിഗണന നൽകണം. അറിവും ആത്മവിശ്വാസവും നിറഞ്ഞ സ്ത്രീകൾ ധാരാളമുണ്ട്. അവസരങ്ങൾ ലഭിച്ചാൽ, സമൂഹത്തിനായി ഒേട്ടറെ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആർജവമുള്ളവരാണ് അവർ.
സ്ത്രീകളാണ് വോട്ടർമാരിൽ കൂടുതലുമുള്ളത്. രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന തലത്തിലേക്ക് സ്ത്രീകൾ കൂടുതൽ എത്തിയാൽ ഇപ്പോഴുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. നിലവിൽ സ്ത്രീകൾ രാഷ്ട്രീയത്തിൽ എത്തുന്നത് തുലോം കുറവാണ്. പലർക്കും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവസരം പോലും ലഭിക്കില്ല. അവിടെയാണ് രാഷ്ട്രീയപാർട്ടി നൽകുന്ന പിന്തുണയുടെ ബലം കരുത്താകുന്നത്.
കാര്യമായ ബോധവത്കരണം ഇക്കാര്യത്തിൽ ലഭിക്കേണ്ടതുണ്ട്. ഉടനെ തെരഞ്ഞെടുപ്പ് വരുകയാണ്. സ്ത്രീകളാണ് വോട്ടർമാരിൽ കൂടുതൽ. സമൂഹത്തിലെ കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാനും മുന്നോട്ടുവരാനും നാടിെൻറ നന്മക്കായി ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും എല്ലാവർക്കും കഴിയണം.
ഷാനിമോൾ ഉസ്മാൻ
കുറച്ച് സമയം, കൂടുതൽ കാര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഏറെകാര്യങ്ങൾ മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞു എന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. കഠിനാധ്വാനത്തിലൂടെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന് പൂർണ സംതൃപ്തി നൽകുന്നു.
സൗഹൃദങ്ങളെ നിക്ഷേപെമന്ന നിലയിൽ കാണുന്ന ഒരാൾ എന്ന നിലയിൽ നിരവധി പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. സാമാജിക എന്ന നിലയിൽ നിയമസഭയിൽ എത്തുേമ്പാൾ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള മികച്ച വ്യക്തിബന്ധം പുലർത്തുന്നവരുടെ പിന്തുണ പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാതെ മുന്നേറാൻ സഹായിച്ചു. സഭയിൽ പുതുതായി ജയിച്ച് സഭയിലെത്തിയവരിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചു എന്നു തന്നെ പറയാം.
നിയമസഭയിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം കൂടേണ്ടതുണ്ട് എന്ന അഭിപ്രായം തന്നെയാണുള്ളത്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചേമതിയാകു. നയരൂപവത്കരണ സമിതികളിൽ സ്ത്രീകളുടെ സാന്നിധ്യമില്ലാതാകുന്നത് കേരളത്തെ പിന്നോട്ടടിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യാന്തരതലത്തിൽ തന്നെ സ്ത്രീകൾ മുൻനിരയിൽ കൂടുതൽ സ്ഥാനം പിടിക്കുേമ്പാൾ നമ്മുടെ കേരളത്തിൽ നിയമസഭയിലും ഇവിടെനിന്നുള്ള പാർലമെൻറ് സീറ്റുകളിലും സ്ത്രീകളുടെ എണ്ണം കുറവാണ് എന്നത് അപമാനമാണ്.
സ്വന്തം അനുഭവത്തിെൻറ വെളിച്ചത്തിൽ പുതുതലമുറയിലെ പെൺകുട്ടികേളാട് രാഷ്ട്രീയത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരൂ എന്നാണ് പറയാനുള്ളത്. ഏതു പാർട്ടിയിലായാലും പുരുഷന്മാരെക്കാൾ കൂടുതൽ വെല്ലുവിളികൾ സ്ത്രീകൾക്ക് മുന്നിലുണ്ട്. കുടുംബത്തിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും കൊണ്ടുപോകുക ഒരിക്കലും എളുപ്പമല്ല.
എന്നാൽ, കഠിനാധ്വാനം ചെയ്താൽ കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങളില്ല. എന്നും പൂച്ചെണ്ടുകൾ മാത്രം ലഭിക്കും എന്ന തോന്നൽ വേണ്ട. സമതുലിതമായി മുന്നേറുന്നതിലാണ് കാര്യം. അതിന് സ്ത്രീകൾക്ക് തീർച്ചയായും കഴിയും.
യു. പ്രതിഭ
നല്ല വർഷങ്ങളായിരുന്നു നിയമസഭ അംഗമെന്ന നിലയിൽ കടന്നുപോയത്. ഒരുപാട് അവസരങ്ങളും അനുഭവങ്ങളും ലഭിച്ചു. സ്ത്രീയാണ് എന്ന തരത്തിലൊരു വേർതിരിവും സഭയിൽ നേരിടേണ്ടിവന്നിട്ടില്ല. ജനങ്ങൾക്കായി ഒരുപാട് ചോദ്യങ്ങളുയർത്താനും ഇടപെടലുകൾ നടത്താനും കഴിഞ്ഞു.
14ാം കേരള നിയമസഭയിൽ ആദ്യത്തെ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് വ്യക്തിപരമായി ഏറെ സംതൃപ്തി നൽകിയ അനുഭവമായിരുന്നു. ജനങ്ങളുടെ ഇടയിലാണെങ്കിൽ, വനിത സാമാജിക എന്ന നിലയിൽ ഒരുപാട്പേർ സ്വാതന്ത്ര്യത്തോടെ അടുത്ത് പെരുമാറുന്ന അനുഭവമാണ് ലഭിച്ചത്. ഒരുപക്ഷേ, പുരുഷന്മാരെ താരതമ്യം ചെയ്തുനോക്കിയാൽ ഭയമില്ലാതെ ഇടപെടാൻ കഴിയുന്നു എന്ന തോന്നലിൽ എല്ലാം വിഭാഗം ജനങ്ങളും ഒപ്പംനിന്നു. മുതിർന്നവർ വാത്സല്യത്തോടെ ഇടപെടുന്ന അനുഭവങ്ങളും ധാരാളം.
കഠിനാധ്വാനത്തിെൻറ വില എന്താണെന്ന് മനസ്സിലാക്കി തന്ന വർഷങ്ങൾ കൂടിയാണിത്. കുടുംബവും പൊതുപ്രവർത്തനവും ചിട്ടയോടെ കൊണ്ടുപോകാൻ ഇൗ കഠിനാധ്വാനം വനിത സാമാജികരെ ഏറെ സഹായിക്കുന്നു. തിരിഞ്ഞുനോക്കുേമ്പാൾ പൂർണ തൃപ്തി എന്ന് ഉറക്കെ പറയാനാകുന്നതും ഇൗ കഠിനാധ്വാനം നൽകുന്ന ആത്മവിശ്വാസമാണ്.
ആക്രമണങ്ങൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും അതിനോടെല്ലാം പാകപ്പെട്ടു. ഒരു വ്യക്തിയോടല്ല, അധികാര സ്ഥാനത്തോടാണ് കലഹം എന്നു കാണാൻ സാധിക്കുന്നുണ്ട് ഇപ്പോൾ. സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾക്ക് കൂടുതൽ ചർച്ചകളിലേക്ക് വഴിതുറക്കും എന്നതാണ് അധികാര സ്ഥാനത്തുള്ളവർ ഉൾപ്പെടെയുള്ള വനിതകളെക്കുറിച്ച് പലവിധ അപവാദങ്ങളും പെെട്ടന്ന് പ്രചരിക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.
സ്വന്തം മനോഭാവം ശക്തമാക്കുകയാണ് സമൂഹത്തിൽ നിന്നുള്ള നെഗറ്റിവ് ശക്തികളെ പ്രതിരോധിക്കാൻ ഏറ്റവും എളുപ്പം. രാഷ്ട്രീയത്തിലെത്തുന്ന സ്ത്രീകൾക്ക് സ്വാഭാവികമായും ഇത്തരം കരുത്തുറ്റ നിലപാട് വന്നുചേരും. എല്ലാവരും നമ്മളെക്കുറിച്ച് നല്ലത് ചിന്തിക്കുകയും പറയുകയുമില്ലെന്ന ബോധ്യത്തോടെ സ്വയം കരുത്തോടെ മുന്നോട്ടുപോകുക. സമൂഹത്തെയും അതിലൂടെ മുന്നോട്ടുനയിക്കാൻ കഴിയും.
സമൂഹത്തിനായുള്ള ജീവിതത്തിനിടയിൽ സന്തോഷവും ദുഃഖവും ഒരുപോലെയുണ്ടാകും. ഒരിക്കലും പാതിവഴിയിൽ ഇട്ടുപോകാതെ കരുത്താർജിച്ച് മുന്നേറുകയാണ് പ്രധാനം. രാഷ്ട്രീയത്തിലേക്ക് പുതുതലമുറയിൽനിന്ന് പെൺകുട്ടികൾ ധൈര്യപൂർവം കടന്നുവരണം. തേൻറടത്തോടെ കാര്യങ്ങളിലെ ശരിതെറ്റുകൾ മനസ്സിലാക്കി കരുത്തോടെ മുന്നോട്ടുപോയാൽ സമൂഹത്തിെൻറ മനോഭാവമെല്ലാം തനിയെ മാറും.
ഗീത ഗോപി
നാടിെൻറ വികസനത്തിൽ വനിതകൾക്ക് എത്രമാത്രം മികവുറ്റ പ്രവർത്തനങ്ങൾ നടത്താനാകും എന്നുതെളിയിക്കാൻ കഴിഞ്ഞ നാളുകളാണ് ജനപ്രതിനിധി എന്ന നിലയിൽ കടന്നുപോയത്. പ്രതിസന്ധിയിലാക്കുന്ന വിമർശനങ്ങൾക്കും മറ്റും ചിട്ടയായും ദീർഘവീക്ഷണത്തോടെയും മറുപടി നൽകാൻ സാധിച്ചിട്ടുണ്ട്.
അവയൊന്നും ഒരിക്കലും വെല്ലുവിളിയായി കണക്കാക്കിയിട്ടില്ല. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ജാഗ്രതയോടെ നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഭരണഘടനാപരമായി തന്നെ സ്ത്രീകൾക്ക് അർഹമായ സ്ഥാനം നമ്മുടെ രാജ്യത്ത് നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി സ്ത്രീ പ്രാതിനിധ്യം കൂടുന്നത് വരെയൊന്നും കാത്തുനിൽക്കേണ്ടതില്ല.
അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന സ്ത്രീകൾ എല്ലാ കാര്യങ്ങളും പോസിറ്റിവായി കാണണം. നെഗറ്റിവ് ആയി ഒന്നിനെയും കാണരുത്. വികസന പ്രവർത്തനം ലക്ഷ്യമിട്ട് ഒരു തീരുമാനമെടുക്കാൻ ആലോചിച്ചാൽ, സമൂഹമാണ്, അവിടെ പല തരത്തിലുമുള്ള ചോദ്യങ്ങളുയരും.
എന്നാൽ, നാടിന് നല്ലതെന്ന് ഉറപ്പുണ്ടെങ്കിൽ ഒരു ചോദ്യം ചെയ്യലിന് മുന്നിലും പതറാതെ ഉറേപ്പാടെ മുന്നോട്ടുപോകണം. മറ്റുള്ളവരെയും വഴികാട്ടണം. നടക്കില്ല എന്നു പറയുന്നിടത്ത്, നടക്കും എന്ന ആത്മവിശ്വാസവുമായി മുന്നേറാൻ കഴിയണം. അങ്ങനെ നേടാൻ പറ്റാവുന്നതും നേടാൻ പറ്റാത്തതുമായ കാര്യങ്ങൾ കൈയെത്തിപ്പിടിക്കാൻ സ്ത്രീകൾക്ക് കഴിയും എന്നു തെളിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.