വനിത ക്രിക്കറ്റിൽ ചരിത്രം രചിക്കാനൊരുങ്ങുകയാണ് യു.എ.ഇ ക്രിക്കറ്റ് ടീം. പ്രഥമ അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകപ്പിലേക്ക് അവർ യോഗ്യത നേടിക്കഴിഞ്ഞു. അതും, തുടർ ജനങ്ങളോടെ. വനിത സീനിയർ ടീം തുടർച്ചയായ പത്തിലേറെ മത്സരങ്ങൾ ജയിച്ചതിന് പിന്നാലെയാണ് അനുജത്തിമാരും വിജയ യാത്ര തുടരുന്നത്. മലയാളി താരങ്ങളടങ്ങുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് ഇതിൽ ശ്രദ്ദേയം.
19 വയസിൽ താഴെയുള്ള പല താരങ്ങളും സീനിയർ ടീമിലും അംഗമാണ്. 15 വയസുള്ള വൈഷ്ണവ് മഹേഷ് മുതൽ തീപ്പൊരി താരങ്ങളാണ് യു.എ.ഇ ക്രിക്കറ്റിന്റെ വനിത കരുത്ത്. മുൻ ഇന്ത്യൻ താരം റോബിൻ സിങിന്റെ ശിക്ഷണത്തിലാണ് ഈ ടീമിന്റെ മുന്നേറ്റം.
സീനിയർ ടീമിലും അണ്ടർ 19ലുമായി മൂന്ന് മലയാളി സഹോദരിമാർ അണിനിരക്കുന്നത് കേരളത്തിനും അഭിമാന നിമിഷമാണ്. വയനാട് ബത്തേരി സ്വദേശികളായ റിഷിത രജിത്, റിനിത രജിത്, റിതിക രജിത് എന്നിവരാണ് യു.എ.ഇ ജഴ്സിയിൽ കളത്തിലിറങ്ങുന്നത്. റിനിതയും റിതികയും സീനിയർ ടീമിലും അംഗമാണ്. യു.എ.ഇയിലെ ടോപ് റാങ്കിങ്ങ് ബാഡ്മിന്റൺ താരങ്ങൾ കൂടിയാണ് 15കാരിയായ റിഷിതയും 16കാരി റിനിതയും. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ വിദ്യാർഥികളായ ഇവർ കോഴിക്കോട്ട് നടന്ന സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബ്ൾസിലും സ്വർണമണിഞ്ഞു. കഴിഞ്ഞ മാസം ഫ്രാൻസിൽ നടന്ന സ്കൂൾ ഒളിമ്പിക്സിൽ റിനിത വെങ്കലം നേടിയിരുന്നു. നൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിലായിരുന്നു റിനിതയുടെ മിന്നും പ്രകടനം. മാർച്ചിൽ ഒമാനിൽ നടന്ന ഗൾഫ് കപ്പ് ക്രിക്കറ്റിലാണ് റിനിതയും റിതികയും ആദ്യമായി ദേശീയ ടീമിൽ ഇടം നേടിയത്.
മുൻ കേരള രഞ്ജി താരവും കണ്ണുർ സ്വദേശിയുമായ സി.ടി.കെ. മഷൂദിന്റെ മകൾ ഇഷിദ സഹ്റയും യു.എ.ഇ അണ്ടർ 19 ടീമിലുണ്ട്. ദുബൈ ഇന്ത്യൻ ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഇഷിദ ടെല്ലിച്ചേരി ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലനം. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം അജിത് വീരക്കൊടിയുടെയും മലയാളി കോച്ചും മുൻ യു.എ.ഇ താരവുമായ കൃഷ്ണ ചന്ദ്രയുടെയും കീഴിലാണ് പരിശീലനം. വലംകൈ ബാറ്ററാണ്.
മലേഷ്യയിൽ നടന്ന യോഗ്യത മത്സരത്തിൽ മിന്നും പ്രകടനമാണ് യു.എ.ഇ നടത്തിയത്. ഇമാറാത്തി ടീമിന്റെ തേരോട്ടത്തിൽ തായ്ലൻഡ്, ഭൂട്ടാൻ, മല്യേഷ, നേപ്പാൾ, ഖത്തർ എന്നിവർ ഇടറി വീണു. ക്യാപ്റ്റൻ തീർഥ സതീഷാണ് മുന്നിൽ നിന്ന് നയിച്ചത്. അടുത്തവർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യ ലോകകപ്പ്. 2021ൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റ് കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.