ശ്രീകണ്ഠപുരം: സ്വപ്ന ലോകം ചക്രക്കസേരയിലിരുന്ന് വർണങ്ങളാൽ വിതറുകയാണ് അഞ്ജലി സണ്ണി. ശ്രീകണ്ഠപുരം കൊട്ടൂർ വയലിലെ ഞാറോലിക്കൽ അഞ്ജലി സണ്ണിയാണ് വേദനയെ മറന്ന് പ്രതീക്ഷയുടെ ലോകത്ത് കുതിക്കുന്നത്. പരിധിയില്ലാത്ത കാടിന്റെ പച്ചപ്പും മലമടക്കുകളും ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകളും സ്വന്തം വിരൽതുമ്പിൽ വർണങ്ങളാൽ വിരിയിക്കുമ്പോൾ അഞ്ജലിക്കുണ്ടാവുന്ന സന്തോഷം ഏറെയാണ്. മറ്റുള്ളവർക്കും, കൂടാതെ തന്നെപ്പോലുള്ളവർക്കും പ്രതീക്ഷയുടെ ലോകം സമ്മാനിക്കുകയാണ് അഞ്ജലി. ജന്മനാ മസിലുകൾക്ക് തളർച്ചയുണ്ടായിരുന്നു. ശ്രീകണ്ഠപുരം പഴയങ്ങാടി ഗവ.യു.പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടതായി അറിയുന്നത്. ജീവിതതാളം തെറ്റുന്നതായി അവർ തിരിച്ചറിഞ്ഞു. അതിനകം ജീവിതത്തിന്റെ ഭാഗമായി മാറിയ സംഗീതം കൈവിരൽ കീബോർഡിൽ നിന്നകന്നതോടെ താളപ്പിഴയിലേക്ക് നീങ്ങി. പിതാവ് സണ്ണിയും മാതാവ് ബിൻസിയും സഹോദരങ്ങളായ അബിലും ആഷ്ലിയുമായിരുന്നു കൂടെ നിന്ന് കൈ പിടിച്ചത്. ക്രമേണ മസ്കുലർ ഡിസ്ട്രോഫിയാണ് ശരീരഭാഗങ്ങളെ തളർത്തുന്നതായറിഞ്ഞത്.
പല തവണ പകച്ചെങ്കിലും മനോധൈര്യം ഈ കുടുംബത്തിന് കൂട്ടായി. തുടർന്ന് അഞ്ജലിയുടെ സ്കൂൾ യാത്ര ഓട്ടോയിൽ. പിന്നാലെ ചക്രക്കസേരയിലേക്ക്. സ്കൂൾ കാലത്ത് കൂട്ടുകാരിയായിരുന്ന ലിനി എല്ലാത്തിനും കൂട്ടായി ഒപ്പമെത്തി. പ്ലസ് ടു പഠനശേഷം വേർപിരിഞ്ഞെങ്കിലും ഡിഗ്രി പഠന കാലത്ത് ലിനി തിരികെയെത്തി. ക്ലാസിലെത്തിക്കാനും തിരികെയിറക്കാനും ലിനി വീണ്ടും അഞ്ജലിക്ക് താങ്ങായി. അങ്ങിനെ ബി.ബി.എ പൂർത്തിയാക്കി. അക്രിലിക്ക് ചിത്രങ്ങൾക്ക് പിന്നാലെ ഗ്രാഫിക് ഡിസൈനുകളിലും അഞ്ജലി തിളങ്ങി. അക്കൗണ്ടിങ്ങിൽ കഴിവുണ്ടായതിനാൽ നിരവധി കമ്പനികൾ ജോലിക്ക് വിളിച്ചു. രണ്ടര വർഷം ജോലി ചെയ്തു. പിന്നീട് അതും നിർത്തേണ്ടി വന്നു. പിന്നീട് വീണ്ടും വരയിലേക്ക്. ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫോർ ഇൻക്ലൂഷൻ ഫെലോഷിപ്പിലേക്ക് തെരഞെടുക്കപ്പെട്ട 11 പേരിൽ ഏക മലയാളിയാണ് വര പഠിച്ചിട്ടില്ലാത്ത അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.