ജൈവ കൃഷിയിലെ പെണ്‍കരുത്താണ് ചെറുപുഴ കന്നിക്കളത്തെ പൂതക്കുഴിയില്‍ നബീസ ബീവി (52) എന്ന വീട്ടമ്മ. ഏതൊരു കര്‍ഷകനും മാതൃകയാക്കേണ്ടതാണ് നബീസ ബീവിയുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടം. വിവിധയിനം പച്ചക്കറികളുടെ കലവറയാണിവിടം.
നേരത്തേ തന്നെ വീട്ടുപരിസരത്ത് വിവിധതരം വിളകള്‍ കൃഷി ചെയ്തിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലെ കര്‍ഷക കൂട്ടായ്മകളാണ് നബീസ ബീവിയെ ജൈവകൃഷിയിലേക്ക് വഴി നടത്തിയത്. പച്ചക്കറി കൃഷിയില്‍ നിന്ന് ലഭിക്കുന്ന മാനസിക ഉല്ലാസവും കഴിക്കുന്ന ഭക്ഷണം വിഷരഹിതമായിരിക്കണം എന്ന ആഗ്രഹവുമാണ് മികച്ച കര്‍ഷകയാക്കിയത്.
ഭര്‍ത്താവ് അബ്ദുറഹ്മാനും മക്കളായ റിനാല്‍, റിനിയ, മരുമകള്‍ ഫൗസിയ എന്നിവര്‍ ചേര്‍ന്നതാണ് കുടുംബം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ ഭര്‍ത്താവിനെ കൃഷിയില്‍ സഹായിച്ചു തുടങ്ങിയതാണ് നബീസ ബീവി.
ഭര്‍ത്താവ് വിദേശത്തേക്ക് പോയതോടെ കൃഷിക്കാര്യങ്ങള് നോക്കി നടത്തേണ്ട ചുമതല നബീസയുടേതായി. കാര്‍ഷിക വൃത്തിയില്‍നിന്ന് നേടിയ പരിചയസമ്പത്ത് വ്യത്യസ്തയിനം കാര്‍ഷിക വിളകള്‍ നട്ടുപരിപാലിക്കാനും അവയില്‍ നിന്നും മികച്ച വിളവ് കണ്ടെത്താനും തുണയായി.
ഇപ്പോള്‍ ഇവരുടെ കൃഷിയിടത്തില്‍ വഴുതന, കാന്താരി, പച്ചമുളക്, കാബേജ്, ചോളം, പയര്‍, തക്കാളി, കക്കിരി, കുമ്പളം, കോളി ഫ്ലവര്‍, സവാള, പൊതിന, വിവിയിനം ചീരകള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാമുണ്ട്. മീന്‍ വളര്‍ത്തല്‍, മുട്ടക്കോഴി പരിപാലനം, ചെറുതേന്‍ ഉല്പാദനം, ആടുവളര്‍ത്തല്‍ ഇങ്ങനെ മൃഗപരിപാലനത്തിലൂടെയും വരുമാനം കണ്ടെത്താനാവുന്നുണ്ട്.
വീട്ടിലെ ആവശ്യങ്ങള്‍ക്ക് മതിയായ ശേഷം വിളവെടുക്കുന്ന പച്ചക്കറികള്‍ മുഴുവന്‍ വില്പന നടത്തുകയാണ് ചെയ്യുന്നത്. ചെറുപുഴ പഞ്ചായത്തിലെ മാതൃക കര്‍ഷകരില്‍ ഒരാളാണ് നബീസ. പഞ്ചായത്തും ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകളും മികച്ച കര്‍ഷകക്കുള്ള ഉപഹാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കാനും നബീസ ബീവി സമയം കണ്ടെത്താറുണ്ട്. മികച്ച വിളവ് തരുന്ന വിത്തിനങ്ങളുടെയും ചെറുധാന്യങ്ങളുടെയും സംരക്ഷക കൂടിയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.