പുസ്തക വായന മരിക്കുന്നുവെന്ന് വെള്ളൂരുകാർ പറയില്ല. പ്രത്യേകിച്ച് ഗ്രാമത്തിലെ വീട്ടമ്മമാർ. കാരണം അവരെ വായിപ്പിക്കാൻ രാധയുണ്ട്. നാട്ടുകാരുടെ അഭിരുചിയറിഞ്ഞ് പുസ്തകവുമായി വീട്ടിലെത്തുന്ന രാധ ഒരു ഗ്രാമത്തിന്റെ വായനയുടെ മാത്രമല്ല, സംസ്കാരത്തിന്റെ കൂടി മറു പേരാണ്.
ഡിജിറ്റൽ യുഗപ്പിറവിക്ക് മുമ്പുതന്നെ വായന കുറയുന്നുവെന്ന് വന്നപ്പോൾ പുസ്തകവുമായി വീടുകളിലേക്ക് നടക്കാൻ നിയോഗിക്കപ്പെട്ടയാളാണ് വെള്ളൂരിലെ വി.പി. രാധ എന്ന വീട്ടമ്മ. 21ാം വർഷവും ആ ദൗത്യം ഫലപ്രദമായി തന്നെ നിറവേറ്റുന്നു. പയ്യന്നൂരിനും കരിവെള്ളൂരിനുമതിരിടുന്ന ചെറിയൊരു ദേശമാണ് വെള്ളൂർ.
എന്നാൽ വായനയുടെ കാര്യത്തിൽ വിശാലമാണ് ഗ്രാമം. അതിന് ഗ്രാമം കടപ്പെടുന്നത് വെള്ളൂരിലെ ജവഹർ വായനശാലയോടും വി.പി. രാധയെന്ന പുസ്തകക്കാരിയോടും. 2002ൽ വീട്ടമ്മമാർക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പയ്യന്നൂർ നഗരസഭയാണ് മൊബൈൽ ലൈബ്രറി പദ്ധതി മുന്നോട്ടു വെച്ചത്.
പുസ്തകമെത്തിക്കാൻ ആളില്ലാതായതോടെ വായനശാലയുടെ എക്സിക്യൂട്ടിവ് അംഗം കൂടിയായ 57കാരി രാധ തന്നെ പുസ്തകവും ചുമന്ന് വീടുകളിൽ എത്തുകയായിരുന്നു. രണ്ടു പതിറ്റാണ്ട് പിന്നിട്ടും അതുതുടരുന്നു.
വാഹനങ്ങൾ പായുന്ന കറുത്ത പാതയിലൂടെയും ഇടുങ്ങിയ നാട്ടിടവഴികളിലൂടെയും തോളത്ത് വലിയ ബാഗ് നിറയെ പുസ്തകങ്ങളുമായി രാധ നടക്കുന്നു. ലൈബ്രറി സന്ദർശിക്കാൻ കഴിയാത്ത വായനക്കാരുടെ വീട്ടകങ്ങളിലേക്ക്.
ചെറിയ വരുമാനമുള്ള തൊഴിൽ എന്നതിനപ്പുറം പുണ്യ പ്രവൃത്തി എന്ന നിലയിലാണ് ദൗത്യം ഏറ്റെടുത്തതെന്ന് നല്ലൊരു വായനക്കാരി കൂടിയായ രാധ പറയുന്നു. തുടക്കത്തിൽ 60 വായനക്കാർ പദ്ധതിയിൽ ചേർന്നു. നിലവിൽ 240 സജീവ വനിത വായനക്കാരാണ് പദ്ധതിക്ക് കീഴിലുള്ളത്.
ഓരോ വായനക്കാരനും ലൈബ്രറിയിൽ നിന്നെടുത്തു നൽകുന്ന പുസ്തകം വായിച്ചു തീർക്കാൻ ഒരാഴ്ച സമയം നൽകുന്നു. രാധയുടെ ബാഗിനുള്ളിലുള്ളവയിൽ നിന്ന് വായനക്കാർക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം.
ഏതെങ്കിലും പ്രത്യേക പുസ്തകം ആവശ്യമുണ്ടെങ്കിൽ അടുത്ത ആഴ്ച അവർക്കായി കരുതിയിരിക്കും. മൊബൈൽ കാലത്തും വായന വർധിച്ചതായി അവർ പറയുന്നു. മനസ്സ് സന്തോഷിച്ചു ചെയ്യുന്ന പ്രവൃത്തിയായതിനാൽ ബാഗിലെ ഭാരം ഒരിക്കലും അമിതമായി തോന്നിയില്ലെന്ന് രാധയുടെ തിയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.