അന്ധതയും ബധിരതയും മൂകതയുമൊന്നും സ്വപ്നങ്ങൾക്ക് പരിമിതി തീർക്കില്ല. അത് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് പൊന്ന്യം കുണ്ടുചിറയിലെ കാരുണ്യയിൽ വരപ്രത്ത് ആനന്ദ കൃഷ്ണന്റെയും കുനുമ്മൽ പറമ്പത്ത് പ്രീതയുടെയും മകൾ സിഷ്ന ആനന്ദ്.
കലാരംഗത്ത് വൈഭവമാണ് 30 പിന്നിട്ട ഈ യുവതി. കാഴ്ചയില്ല, സംസാരശേഷിയില്ല, കേൾവിശക്തിയില്ല. ആറു വയസ്സിനിടെ ആറു തവണ ഓപറേഷന് വിധേയയായ സിഷ്ന പ്രതിബന്ധങ്ങളെ മറികടന്നാണ് ജീവിതം. സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസ് കൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും.
കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും അങ്ങനെയൊക്കെ അത്ഭുതമാണ് ഈ കലാകാരി. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ഫാർമസിയിൽ കഴിഞ്ഞ നാല് വർഷത്തിലേറെയായി ജോലിചെയ്യുന്ന സിഷ്ന തന്റെ ജീവിതം ഒന്നിനും തടസ്സമാകില്ലെന്ന് മറ്റുളളവർക്ക് മുന്നിൽ തുറന്നുകാട്ടുകയാണ്.
വിരൽ തുമ്പിലാണ് സിഷ്നയുടെ ലോകം. ടാക്ടൈൽ സൈൻ ലാംഗ്വേജ് (Tactile sign language - തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ) എന്ന ആശയവിനിമയ രീതി പഠിച്ചതിനാൽ കൈവിരലുകൾ തൊട്ട് സിഷ്ന സംസാരിച്ചു തുടങ്ങി. സിഷ്നയോട് സംസാരിക്കാൻ അച്ഛനും അമ്മയും ‘തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ’ സിഷ്നയിൽനിന്നും പഠിച്ചെടുത്തു.
ബ്രെയിൽ ലിപി പഠിച്ചതോടെ പവർ ബ്രെയ്ലി എന്ന ഉപകരണത്തിന്റെ സഹായത്താൽ എഴുതാനും വായിക്കാനും സാധിച്ചു. മൊബൈൽ ഫോണിലെയും കമ്പ്യൂട്ടറിലെയും ടെക്സ്റ്റ് മെസേജുകൾ പവർ ബ്രെയ്ലി എന്ന ഉപകരണം വഴി ബ്രെയിൽ ലിപിയിലേക്ക് മാറ്റിയാണ് സിഷ്ന വായിക്കുന്നത്. അവ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനും സിഷ്നക്ക് സാധിക്കും. ന്യൂഡൽഹി, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന വിവിധ സെമിനാറുകളിൽ സിഷ്ന സംസാരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.