ആലപ്പുഴ: യോഗയുടെ ചലനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഷാഹിനയുടെ മുന്നിൽ ലോകത്തിന്റെ അതിരുകള്‍ ഇല്ലാതാവും. ഷാഹിനയില്നിന്ന് യോഗയുടെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ ലോകമെമ്പാടും കാതുകൂര്‍പ്പിക്കും. യോഗയിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്ന്നുനല്കാന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തപ്പോള്‍ ആലപ്പുഴ വലിയകുളം ദാറുൽഅസ്മ വീട്ടില്‍ ടി.കെ. ഷാഹിന (50) യോഗയെ സാര്വലൗകികമാക്കുകയായിരുന്നു. വനിതകള്‍ക്കുള്ള ഷാഹിനയുടെ ‘ഷീ-നെസ്റ്റ്’ ഓണ്‍ലൈന്‍ യോഗ ക്ലാസില്‍ പങ്കെടുക്കാൻ കേരളത്തിനൊപ്പം യു.എസ്, യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
ലോകമെമ്പാടുമുള്ള ശിഷ്യരുടെ എണ്ണം 1600 കടന്നുവെന്നാണ് ഷാഹിന പറയുന്നത്. വനിതകളുടെ, പ്രത്യേകിച്ചും അമ്മമാരുടെ ആരോഗ്യസംരക്ഷണമാണ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം. യോഗയിലൂടെ മാനസികസംഘര്‍ഷങ്ങളെ ഇല്ലാതാക്കി ആരോഗ്യജീവനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രാണായാമം, മെഡിറ്റേഷൻ, ശവാസനം അടക്കമുള്ള 12 യോഗാസന്നങ്ങൾ പഠിപ്പിക്കും. ഗൂഗ്ൾമീറ്റ് വഴി ദിവസവും മൂന്ന് ബാച്ചായാണ് പഠനം. പുലർച്ച 5.20, രാവിലെ ഒമ്പത്, രാത്രി 7.20 എന്നിങ്ങനെയാണ് സമയക്രമം. മാറ്റ് വിരിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ആർക്കും കണ്ണികളാകാം.
കേന്ദ്ര സർക്കാറിന്റെ ആയുഷ് ലെവൽ ടു സർട്ടിഫിക്കറ്റ് നേടിയ ഷാഹിന എം.എസ്സി സൈക്കോളജി നേടിയിട്ടുണ്ട്. ജേണലിസത്തിൽ പി.ജി ഡിപ്ലോമയുമുണ്ട്. 2014ൽ ‘സ്ത്രീകളുടെ മനസ്സ് കേൾക്കാനൊരിടം’ ആശയത്തിൽ ആലപ്പുഴയുടെ വിവിധയിടങ്ങളിൽ ഷീ-നെസ്റ്റ് യോഗ സെന്ററുകളിലൂടെയാണ് തുടക്കം. കോവിഡുകാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചതോടെ ഓൺലൈനിലേക്ക് വഴിമാറി. സൗദി റിയാദിലെ സ്കൂളിൽ അഞ്ചുവർഷം ഫിസിക്സ് അധ്യാപികയായിരുന്നു. നാട്ടിലെത്തിയപ്പോൾ തടികുറക്കാനാണ് യോഗപരിശീലനം തേടിയത്.
പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. ഇപ്പോഴത് വരുമാനമാർഗവും. സാമൂഹികപ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ്. എ.ആർ. സലീമാണ് ഭർത്താവ്. അജാസ് (എൻജിനീയർ), അനീസ് (ബിസിനസ്, ചേർത്തല), അസ്മ (ഇന്റർനാഷനൽ ബിസിനസ് മാസ്റ്റേഴ്സ് പി.ജി വിദ്യാർഥി, യു.കെ) എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.