സെക്കന്‍റ് കണക്കിന്‍റെ പെൺഭേദങ്ങൾ

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. രാവിലെ ക്ലാസ് തുടങ്ങി പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് അന്‍സി എത്തിയത്. സാധാരണ വൈകുന്ന കുട്ടിയല്ല. വൈകിയെത്തുക എന്നത് ഭീകര സംഭവമായി കണക്കാക്കപ്പെടുന്ന കാലഘട്ടമാണ് . ക്ലാസില്‍ കയറി ഇരുന്നോളാന്‍ മാഷ് പറഞ്ഞിട്ടും അവളുടെ മുഖം തെളിഞ്ഞില്ല. കണ്ണൊക്കെ കലങ്ങിയിരിക്കുന്നു. സാധാരണ അവള്‍ ഇങ്ങനെയേ അല്ല. ക്ലാസില്‍ കയറി വന്നു അവള്‍ പിന്നിലുള്ള സീറ്റില്‍ ഇരുന്നു. തിരിഞ്ഞു നോക്കാനുള്ള ത്വര മൂന്നാല് തവണ ഉണ്ടായെങ്കിലും നോക്കിയില്ല.

ആദ്യത്തെ പിരീഡ് കഴിഞ്ഞപ്പോള്‍ ഞാന്‍ പതിയെ പുറകിലേയ്ക്ക് തിരിഞ്ഞ് എന്താണ് കാര്യമെന്നന്വേഷിച്ചു. പെട്ടെന്ന് അവളങ്ങു കരയാന്‍ തുടങ്ങി. ഞാന്‍ മെല്ലെ അവളെയും കൂട്ടി കാന്‍റീന്‍ എന്ന് ഞങ്ങള്‍ സങ്കൽപിക്കാറുള്ള മില്‍മ കടയുടെ അടുത്തേയ്ക്ക് നടന്നു. 'കാര്യം പറ അന്‍സി ,കാര്യം പറ അന്‍സി' ന്നു പറഞ്ഞു കൊണ്ടിരുന്നു. അവസാനം അവള്‍ കാര്യം പറഞ്ഞു.

സ്‌കൂളിലേയ്ക്ക് വരാന്‍ പിറകില്‍ കൂടി ഒരു ചെറിയ ഇടവഴിയുണ്ട്. ഒന്നുരണ്ടു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് നടന്നു ഞാനും അവളുമൊക്കെ ആ വഴിയിലൂടെയാണ് സ്ഥിരം വരാറ്. റോഡിലൂടെ വരുമ്പോഴുള്ള ബഹളവും ഒഴിവാക്കാം. അധികം ആള്‍സഞ്ചാരം ഒന്നുമില്ല. ഇരുവശത്തുമുള്ള വീടുകളുടെ മതിലുകള്‍ പൊങ്ങി നില്‍ക്കുന്നതിനിടയിലൂടെ കൂളായി നടക്കാം . സ്‌കൂളില്‍ നിന്നും പിള്ളേര്‍ ഉച്ചക്ക് പോയി സിപ്പപ്പ് മേടിക്കുന്ന വീട് ആ വഴിയുടെ തുടക്കത്തിലാണ്. സ്‌കൂള്‍ ടൈം കഴിഞ്ഞാല്‍ പിന്നെ അധികം വഴിയിലാരും കാണില്ല.

അവള്‍ രാവിലെ അങ്ങനെ നടന്നു വരുമ്പോള്‍ അവിടെയൊരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. വഴിയിലെങ്ങും മറ്റാരുമില്ല. അവള്‍ മെയിന്‍ റോഡില്‍ നിന്ന് ഇടവഴിയിലേയ്ക്ക് കയറിയപ്പോള്‍ മുതല്‍ അയാള്‍ കൂടെ കൂടിയതാണ്. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം നടക്കാവുന്ന വഴി. പത്തു മിനിട്ടോളം ഉള്ളിലൂടെ നടക്കണം സ്‌കൂള്‍ എത്താന്‍. ഇയാള്‍ അവള്‍ക്കൊപ്പം തന്നെ നടക്കാന്‍ തുടങ്ങി. സ്വതവേ പേടിത്തൊണ്ടിയാണ് അന്‍സി . ആരുമില്ലാത്ത വഴിയിലൂടെ ഒരാള്‍ തന്‍റെ പിന്നാലെ വരുന്നത് അവള്‍ക്ക് ഭയങ്കര പേടിയും അസ്വസ്ഥതയുമൊക്കെയായി. അയാളാണെങ്കില്‍ അവളെ ആകമാനം ഉഴിഞ്ഞുനോക്കിയായിരുന്നു നടപ്പ്. അവള്‍ സകലശക്തിയുമെടുത്ത് സ്പീഡില്‍ നടന്നു. പക്ഷേ അയാള്‍ വിടുന്ന ഭാവമില്ല. അവള്‍ ഇത്തിരി ഓടി. അയാള്‍ സൈഡിലുള്ള പോക്കറ്റ് വഴിയിലൂടെ കയറിപ്പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ അയാളെ കാണാതെ അവള്‍ക്ക് സന്തോഷമായി. ഒന്നുരണ്ടു വളവുതിരിവുകള്‍ ഒക്കെയുള്ള വഴിയാണ്. അവള്‍ വേഗത്തില്‍ നടന്നു. ഇരുട്ടും തണുപ്പും വശത്തെ ഓടയില്‍ നിന്നുള്ള വേസ്റ്റ് വെള്ളത്തിന്‍റെ ഗന്ധവും ഒന്നും ശ്രദ്ധിക്കാതെ നേരെ നടന്നു. എന്തോ അങ്കലാപ്പിലായിരുന്നു മനസ്സ് മുഴുവന്‍.

നടന്നു നടന്നു സ്‌കൂള്‍ എത്താറായി. സ്‌കൂള്‍ മതിലിന്‍റെ പുറകുവശത്ത് എത്തിയപ്പോള്‍ അരികിലെ വഴിയില്‍ നിന്നും പെട്ടെന്ന് നേരത്തെ പിന്നാലെ വന്ന ആള്‍ കയറി വന്നു. വഴി തടഞ്ഞുകൊണ്ട് അവളുടെ മുന്നില്‍ കയറി നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുന്‍പേ അയാള്‍ ഉടുത്തിരുന്ന കള്ളിമുണ്ട് പൊക്കി. അവള്‍ എന്ത് ചെയ്യണം എന്നറിയാതെയായിപ്പോയി. പതിനാലു വയസുള്ള, കൗമാരത്തുടക്കത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് അത്രയും മതിയല്ലോ   പേടിക്കാന്‍. അവള്‍ ഞെട്ടി നിന്നപ്പോഴേക്കും അയാള്‍ ചിരിച്ച് കുഴഞ്ഞ് നേരെ റോഡിലേയ്ക്ക് കയറിപ്പോയത്രെ. എന്ത് ചെയ്യണം എന്നറിയാതെ നാലഞ്ച് മിനിറ്റ് അവള്‍ അവിടെ ഇടവഴിയില്‍ തന്നെ ഇരുന്നു പോയി. പിന്നീട് പൊട്ടിക്കരഞ്ഞു. ഇതൊക്കെ കഴിഞ്ഞാണ് ക്ലാസില്‍ വരുന്നത്.

അവള്‍ രൂപം പറഞ്ഞപ്പോള്‍ എനിക്ക് ആളെ മനസിലായി. മിക്ക വൈകുന്നേരങ്ങളിലും അയാള്‍ ആ വഴിയില്‍ നിക്കുന്നത് മുന്‍പ് കണ്ടിട്ടുണ്ട്. ലൈബ്രറിയിലൊക്കെ പോയി ലേറ്റായി വരുമ്പോള്‍ അയാള്‍ ഇടയ്ക്ക് ഉണ്ടാവാറുണ്ട്. പക്ഷേ, എന്നോട് അതുവരെ അങ്ങനെ ഒന്നും കാണിച്ചിരുന്നില്ല. ഈ കഥ പറഞ്ഞുതീര്‍ന്നപ്പോഴും അവള്‍ കരഞ്ഞു. എന്‍റെ ക്ഷുഭിതകൗമാരം തിളച്ചു. കരയണ്ടാ, വഴിയുണ്ടാക്കാമെന്നു പറഞ്ഞ് അവളെ സമാധാനപ്പെടുത്തി.

ഞാന്‍ നേരെ ആറാംക്ലാസില്‍ പഠിക്കുന്ന ഞങ്ങളുടെ പേഴ്‌സണല്‍ ആര്‍മിയെ പോയി കണ്ടു. ഒരു പത്തു പന്ത്രണ്ടു പിള്ളേരുണ്ട്. ഒടുക്കത്തെ സാമൂഹ്യപ്രതിബദ്ധരാണ്. അന്നൊക്കെ ജൂനിയേഴ്‌സുമായാണ് പ്രധാന കൂട്ട്. ഞങ്ങള്‍ കാര്യങ്ങള്‍ അടിയന്തിരയോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 'ചേച്ചി എന്താന്നു വച്ചാ പറഞ്ഞാ മതി, നമുക്ക് പണി കൊടുക്കാം ' കൂട്ടത്തിലെ നേതാവ് ജാബിര്‍ പറഞ്ഞു. വൈകുന്നേരം സ്‌കൂള്‍ വിട്ടു. തീരുമാനിച്ച പ്ലാന്‍ പ്രകാരം സ്‌കൂള്‍ വിട്ടു ഒരു മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഞങ്ങള്‍ പുറത്ത് ഇറങ്ങിയത്. തെരക്കൊഴിയട്ടെ .വഴിയൊക്കെ വിജനമാവട്ടെയെന്നു കരുതി മനപ്പൂര്‍വം വൈകിച്ചതായിരുന്നു.

ഇടവഴിയെത്തി.'7' എന്നെഴുതിയ പോലെയാണ് വഴി. കുറച്ചു ദൂരം നേരെ നടന്നാല്‍ ഇടത്തോട്ടൊരു വളവുണ്ട്. ഞാന്‍ ഏറ്റവും മുന്നില്‍ നടന്നു. പിന്നില്‍ ആറാം ക്ലാസ് ആര്‍മി. ഏറ്റവും പിന്നില്‍ ഒറ്റക്കാണ് പോവുന്നതെന്ന പോലെ പതുങ്ങി പതുങ്ങി അന്‍സി. ഞങ്ങളാരും പരസ്പരം അറിയുന്ന ഭാവം കാണിച്ചില്ല. ഇനിയെങ്ങാനും അയാള്‍ വരാതിരിക്കുമോ എന്നായിരുന്നു എന്‍റെ ഭയം. അങ്ങനായാല്‍ നേരത്തെ വീട്ടിലെത്തേണ്ട പിള്ളേര്‍ക്ക് ഇന്ന് കേള്‍ക്കുന്ന ചീത്ത ഒക്കെ വെറും വേസ്റ്റ് ആവും.

പക്ഷേ, അത് വേണ്ടി വന്നില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അന്‍സിയ്ക്കും പിള്ളേര്‍ക്കും ഇടയിലുള്ള ഇടവഴിയിലെ പോക്കറ്റു വഴിയില്‍ കള്ളിമുണ്ട് പ്രത്യക്ഷപ്പെട്ടു. പിള്ളേര് പെട്ടെന്ന് മേലെ മാങ്ങയ്ക്ക് എറിയാന്‍ എന്നുള്ള മട്ടില്‍ ആകാശം നോക്കി നിന്നു. അന്‍സി ഒന്ന് വിരണ്ടെങ്കിലും പത്തിരുപതടി അകലത്തില്‍ ഞങ്ങള്‍ ഉള്ളതുകൊണ്ട് ഇത്തിരി ധൈര്യത്തോടെ നിന്നു.

അയാള്‍ നേരെ ഇടവഴിയിലേയ്ക്ക് ഇറങ്ങിയതും വഴിയിലെ കല്ല് മുഴുവന്‍ പെറുക്കിയെടുത്തു പിള്ളേര്‍ പട്ടിയെ എറിഞ്ഞോടിക്കുംപോലെ തുരുതുരാ എറിഞ്ഞതും ഒരുമിച്ചായിരുന്നു. അന്‍സി ഇടയിലൂടെ എങ്ങനെയോ ഓടി ഞങ്ങളുടെ സൈഡില്‍ എത്തി. മുട്ടന്‍ കല്ല് വീണ് അയാളുടെ തലയൊക്കെ പൊട്ടി. ഞാനാണെങ്കില്‍ 'എറിയടാ എറിഞ്ഞോടിക്ക് ,വല്ല്യ കല്ലെടുക്ക് ' എന്നൊക്കെ ആക്രോശിച്ചു കൊണ്ടിരുന്നു . അയാള്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി. ഓപ്പറേഷന്‍ സക്‌സസ്!

വിജയം ഞങ്ങള്‍ അപ്പുറത്തെ വീട്ടില്‍ നിന്നും സിപ്പപ്പ് വാങ്ങിത്തിന്ന് ആഘോഷിച്ചു. അന്‍സിക്കും സന്തോഷമായി. അവള്‍ കരഞ്ഞുകൊണ്ട് ചിരിച്ചു. പിന്നീട് പ്ലസ്ടു വരെ ആ സ്‌കൂളില്‍ പഠിച്ചിട്ടും കള്ളിമുണ്ടുകാരനെ ആ വഴിയില്‍ കണ്ടിട്ടേയില്ല. സന്തോഷിച്ച് ചിരിച്ച് കളിച്ച് ആടിപ്പാടി പോകുംവഴി '7'എന്നെഴുതിയ മാതിരിയുള്ള വഴിയുടെ ലെഫ്റ്റ് ടേണ്‍ എത്തിയത് ഞാനറിഞ്ഞില്ല. കൃത്യം ഇടത്തോട്ടുള്ള കോണില്‍ എത്തിയപ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി. നേരെ മുന്നിലെ ഇലക്ട്രിക്  പോസ്റ്റ്'തിരിയല്ലേ ,തിരിയല്ലേ എന്നെ ഇടിച്ച് ചമ്മന്തിയാക്കല്ലേ ' എന്നൊന്നും പറഞ്ഞത് ഞാന്‍ കേട്ടുമില്ല. എന്തായാലും ധീരകൃത്യത്തിന് നെറ്റിയില്‍ വലിയൊരു മുഴമെഡലും കൊണ്ടാണ് അന്ന് വീട്ടില്‍ പോയത്.

പ്രിയപ്പെട്ട സഹോദരന്‍മാരെ(പിന്നെ ചില സഹോദരിമാരെ),

മൃദുവായ, പ്രണയപൂര്‍വമായ,സുന്ദരമായ, തൂവലുപോലുള്ള ചില നോട്ടങ്ങളില്ലേ. സ്വപ്നങ്ങളിലൊക്കെ കാണുന്നത് പോലെ? നിങ്ങള്‍ അമ്മാതിരി നോട്ടം നോക്കൂ. എന്തു രസമാണത് ? കൗമാരം കടന്നുപോയാല്‍ അത്തരം സുന്ദരന്‍ നോട്ടങ്ങള്‍ പിന്നെ സ്വപ്നങ്ങളില്‍ ഒരിക്കലും കാണാന്‍ പറ്റില്ല. അവ അവിടങ്ങളില്‍ നിന്നിറങ്ങി നിങ്ങളുടെ കണ്ണുകളില്‍ കുടിയേറിയിരിക്കും. അവയെ പ്രാവുകളെപ്പോലെ പറത്തി വിടൂ. ഞങ്ങളുടെ കണ്ണിലും കവിളിലും തോളിലുമെല്ലാം അവ വന്നിരുന്ന് ചുമ്മാ കുറു കുറുവെന്ന് പ്രേമിക്കട്ടെ .

ഇതിനു പകരം ഉള്ളിലെ സകല ദാഹത്തോടെയും കുടിച്ചു വറ്റിക്കാന്‍ പാകത്തില്‍ നോക്കി കൊല്ലാതിരിക്കൂ. പതിനാലു സെക്കന്‍ഡോക്കെ അധികമാണ്. ബുദ്ധന്‍ പറഞ്ഞത് കേട്ടിട്ടില്ലേ . മൂന്നു സെക്കന്‍ടുകള്‍ നിങ്ങള്‍ ഒരു സ്ത്രീയെ തുറിച്ചു നോക്കുന്നുവെങ്കില്‍ നിങ്ങളെ പരിഷ്‌കൃത മനുഷ്യസമൂഹത്തിലെ ഒരംഗം എന്ന് വിളിക്കാന്‍ കൊള്ളില്ല. (പകരം മറ്റെന്തെങ്കിലും ഒക്കെ കൂട്ടി വിളിക്കേണ്ടി വരും ).

ഒരാളെ നോക്കുമ്പോള്‍ കണ്ണുകള്‍ കൊണ്ട് നമ്മള്‍ അയാളെ തൊടുകയാണ്. അതാണ് ആദ്യസ്പര്‍ശനം. ഉഴിഞ്ഞിറങ്ങുന്നത് ആത്മാലിംഗനമാണ്. എന്നാല്‍ തൃഷ്ണ നിറഞ്ഞ നോട്ടങ്ങള്‍ അപരന്റെ ശരീരത്തില്‍ കത്തി കൊണ്ട്  പൊരിക്കും മുന്‍പ് മസാല തേയ്ക്കാന്‍ അമ്മ മീന്‍ വരയും പോലെ മുറിവുണ്ടാക്കും.

അമ്മേ, അയാള് നോക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ പണ്ട് 'നീ നോക്കീട്ടല്ലേ' എന്ന് മറുപടി കേട്ടിട്ടുണ്ട്. നിങ്ങളുടെ കുഞ്ഞ് ഇങ്ങനെ പറയുന്നുണ്ടെങ്കില്‍ അതൊരിക്കലും അവഗണിക്കരുത്. നേരെ പോയി കുഞ്ഞിനെക്കൊണ്ടു തന്നെ ചോദിപ്പിക്കണം. അല്ലെങ്കില്‍ നാളെ വല്ല ഇടവഴിയിലും കാത്തു നിന്ന് കണ്ണുകൊണ്ട് ഇന്ന് ചെയ്യുന്നത് കൈകൊണ്ടും കാലുകൊണ്ടുമൊക്കെ അവന്‍ നാളെ ചെയ്‌തെന്നു വരും. നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഓരോരുത്തരും പറഞ്ഞ അഭിപ്രായം വളരെ രസകരമായിരുന്നു. ഇഷ്ടമില്ലാത്തവര് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കുമ്പോള്‍ ഈ ലോകം ഒരു ചീഞ്ഞ തക്കാളിയാണെന്ന് തോന്നും. ഇഷ്ടമുള്ളവര് നോക്കിയാലോ, 'ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്ക് നീളുന്ന'എന്നൊക്കെ പാടാന്‍ തോന്നും !

പെണ്ണുങ്ങളും മോശമൊന്നും അല്ല നോട്ടത്തില്‍. ഒരു പരിചയവും ഇല്ലെങ്കില്‍ പോലും ചുമ്മാ നോക്കി വഷളന്‍ ചിരി ചിരിക്കുന്ന പെണ്ണുങ്ങളും ഒരുപാടുണ്ട് ഇവിടെ. കൂടെ ചെലപ്പോ ചൊറിയുന്ന വിശേഷം ചോദിക്കലും വരും. പൂര്‍ത്തിയായി. ആണുങ്ങളെക്കാള്‍ ശല്യമാണ് ഇത്തരം പബ്ലിക് ന്യൂയിസന്‍സമ്മച്ചിമ്മാര്‍. അതുകൊണ്ട് ചേട്ടാ, ചേച്ചീ.. പതിമൂന്ന് സെക്കന്ഡ് നേരം നീളുന്ന നോട്ടങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം നോക്കപ്പെടുന്നവരുടെതാണ്. നോക്കുന്നവന് കയ്യില്‍ നിന്നെറിഞ്ഞ കല്ല് പോലെയാണത്. കണ്ണീന്ന് വിട്ടാല്‍ പോയി!

പിന്നെ അത് എങ്ങനെ എവിടെ തിരിച്ചെറിയണം എന്ന് തീരുമാനിക്കുന്നത് ഇപ്പുറത്ത് നിന്നാണ്. ഓര്‍ത്താല്‍ കഠോരനയനാനന്ദസുഖകുതുകികള്‍ക്ക് നന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.