'ഫന്‍റാസ് മിന്‍റ' ഒരു വീടിന്‍റെ പേരല്ല..

എറണാകുളം മറൈന്‍ഡ്രൈവ്. വൈകുന്നേരം ഒരു പുസ്തകപ്രകാശന ചടങ്ങ്. സ്‌റേറജില്‍ നിന്ന് ഞാനിറങ്ങി വരുന്നു. വഴിയിലേക്കോടി വന്ന് തടസ്സം നിന്ന് എന്റെ കൈയില്‍ പിടിച്ച് ചിരിച്ചുസംസാരിക്കുന്ന പെണ്‍കഥാപാത്രം. പൊക്കം കുറഞ്ഞ, എന്നേക്കാള്‍ മെലിഞ്ഞ ഇത്തിരിപ്പോന്ന കഥാപാത്രം , ഞാന്‍ എന്ന കഥാാകാരിയോടുള്ള ഇഷ്ടം എന്ന ബാധകേറി നില്‍പ്പാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു. കഥാപാത്രത്തിന്റെ ശരീരത്തിലൊരിടത്തും തൊടാതെ കിടക്കുന്ന അയഞ്ഞ കുപ്പായത്തിലേക്കും കൈയില്‍ തൂങ്ങി നില്‍ക്കുന്ന കുഞ്ഞിപ്പെണ്‍കുട്ടിയിലേക്കും നോക്കി , ഇനി എന്താ ചെയ്യേണ്ടത് എന്നൊരെത്തും പിടിയുമില്ലാതെ നില്‍പ്പാണ് ഞാന്‍.

വസുജയും ആമിയും
 

'എന്‍റെ വീടിന്‍റെ പാലുകാച്ചലിന് പ്രിയയെ വിളിക്കാന്‍ ഞാന്‍ ഒരുപാടു ട്രൈ ചെയ്തു. കുസാറ്റ് കാമ്പസിലെ എസ്.ബി.ഐയിലാണ് വര്‍ക് ചെയ്യുന്നത്. അവിടെ വരാറുള്ള യൂനിവേഴ്‌സിറ്റിക്കാരില്‍നിന്നാണ് പ്രിയയുടെ  ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചത്. പക്ഷേ പ്രിയ ഫോണെടുത്തില്ല.. പ്രിയ ലീവിലാണ് കുറേ നാളായി എന്നും അസുഖമാണ് എന്നുമൊക്കെ പിന്നീടറിഞ്ഞു.' എല്ലാം ഞാന്‍ ഒരു ചിരിയോടെ കേട്ടുനിന്നു.  എന്റെ കഥയോടുള്ള ഇഷ്ടം കൊണ്ട് , എന്നെ പാലുുകാച്ചലിന് വിളിക്കാന്‍ നോക്കിയതാവും എന്നേ ഞാന്‍ കരുതിയുള്ളൂ.

'വീടെവിടെയാണ്' എന്നു ചോദിച്ചു. 'തേവക്കല്‍ അടുത്ത്' എന്നു പറഞ്ഞപ്പോള്‍ 'എന്‍റെ മകന്റെ സ്കൂള്‍ അവിടെയാണ് ' എന്നു ഞാന്‍ പറഞ്ഞു. 'വീടിന്റെ പേര് പ്രിയയുടെ കഥയിലെ ഒരു പേരാണ്, അപ്പോ പ്രിയയോട് പറയുക എന്നത് ഒരു സാമാന്യമര്യാദയല്ലേ' എന്നു കൂടി  ആ അയഞ്ഞകുപ്പായക്കാരി പറഞ്ഞു.

അപ്പോഴും ഞാന്‍ ഒരു ചിരിയോടെ നിന്നു. 'ഫന്‍റാസ് മിന്‍റ' എന്നാണ് വീട്ടുപേര് എന്നു കേട്ടതും  ഞാന്‍ ഞെട്ടിഞെട്ടിത്തരിച്ചു.  'ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും' എന്ന കഥയിലെ ജാനു എന്ന കുട്ടി വര്‍ണ്ണക്കുമിളകള്‍ ഊതിവിടുകയും അത് പുല്ലില്‍പ്പറ്റിപ്പിടിച്ചിരിക്കുകയും അതിലൂടെ സൂര്യരശ്മികള്‍ തിളങ്ങിക്കടന്നുപോകുമ്പോള്‍ , ആരും കേട്ടിട്ടില്ലാത്ത ഒരു വാക്ക് -ഫന്റാസ് മിന്റ - പണിത് അതിനെ പുന്നാരിച്ചുവിളിക്കുകയും  ചെയ്യുന്നുണ്ട്. ആ ഫന്റാസ് മിന്റയാണ് ഈ ഫന്റാസ് മിന്റ!

വിവാഹമോചിതയായ ഒരമ്മയുടെയും മകളുടെയും കഥയാണത്. ജീവിതത്തിന്റെ ഓരോ പടവിലും വച്ച്  , മുന്നോട്ടുള്ള കാലടിവെയ്പ്പ്  ഇനി എങ്ങനെ എന്നാധിപിടിക്കുന്ന  ഒരെട്ടുവയസ്സുകാരി. ചാണകം പാക്കറ്റിലാക്കി വിറ്റാലോ, വീട് അഴുക്കാവാതിരിക്കാന്‍ ഒരു വീട്-കുപ്പായ നിര്‍മ്മാണപദ്ധതി നടപ്പിലാക്കിയാലോ എന്നൊക്കെ അമ്മയെ സഹായിക്കാന്‍ ഉള്ളുരുകി നടക്കുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ എങ്ങനെ നിര്‍മ്മിച്ചു എന്ന് കെ. ആര്‍  മീര പലപ്പോഴും ചോദിച്ചിട്ടുണ്ട്. 'പ്രിയക്കിത്തരം ആധി പിടിച്ച ഒരു ബാല്യമുണ്ടായിരുന്നിട്ടേയില്ലല്ലോ' എന്ന് മീര ചോദിച്ചപ്പോഴൊക്കെ , എരമല്ലൂരിലെ എന്റെ വീട്ടില്‍ ഒരത്താണിയും ഇല്ലാതെ വന്നുനിന്ന ഒരമ്മയുടെയും മകളുടെയും  കാര്യവുംഅവരുടെ അനാഥത്വം പിടച്ചിലാക്കി ഞാനെഴുതിയതാണ്  ആ കഥയെന്നും  ഞാന്‍ മീരയോട് പറഞ്ഞു. 'എന്നാലും പ്രിയയ്‌ക്കെങ്ങനെ അത് ഇത്ര നന്നായി ...'എന്ന് പിന്നെയും പിന്നെയും മീര ചോദിച്ചു,പല തവണ,പല കാലങ്ങളില്‍.കുഴലൂത്തവസാനം വര്‍ണ്ണക്കുമിളകള്‍ , പുല്ലില്‍ സൂര്യനെനോക്കിപ്പറ്റിപ്പിടിച്ചിരിക്കുമ്പോഴൊക്കെ പലരും എന്നോട് ഞങ്ങളതിനെ 'ഫന്റാസ് മിന്റ' എന്നാണ് വിളിക്കാറ് എന്നു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഒരു പക്ഷേ ജീവിതകാലം മുഴുവനും താമസിക്കേണ്ടിവരുന്ന ഒരു വീടിന് ഒരര്‍ത്ഥവുമില്ലാത്ത ഒരു വിചിത്രപ്പേര് ഇടുക എന്നു വച്ചാല്‍..- ഞാന്‍ കുപ്പായക്കാരിയെയും ചുണ്ടെലിപോലുള്ള മകളെയും മാറിമാറി നോക്കി. ഞാന്‍ പിന്നെയും ചോദിച്ചു അവരുടെ പേര്-വസുജ,ആമി. ആമി വരയ്ക്കും എന്ന് അവളുടെ അമ്മ പറഞ്ഞു. പുറകില്‍ നിന്ന കഥാപാത്രത്തെ വസുജ പരിചയപ്പെടുത്തി-ഭര്‍ത്താവ് . ഞാന്‍ ആ മനുഷ്യനെ അന്ധാളിപ്പോടെയും ബഹുമാനത്തോടെയും നോക്കി അനങ്ങാതെ നിന്നു. 'വീടിന്റെ പേരെന്താ ഇങ്ങനെ' എന്നു മനുഷ്യര്‍ ചോദിച്ചപ്പോഴൊക്കെ 'എന്റെ ഭാര്യക്കിഷ്ടമുള്ള ഒരു കഥാകൃത്തുണ്ട്, അവരുടെ കഥയിലെ ഒരു പ്രയോഗമാണിത് 'എന്ന് പറഞ്ഞ് അയാള്‍ തോറ്റിട്ടുണ്ടാവുമോ? 'അരച്ചുനിന്നെ ദോശ ചുട്ടോളാം 'എന്നു പറയുമ്പോലെ ഏതെങ്കിലും ഒരു ഭാവം അയാളുടെ മുഖത്തുണ്ടോ എന്ന് ഞാന്‍ നോക്കാന്‍ ഭാവിക്കുമ്പോള്‍ ,അമ്മേ പോകാം എന്ന് മകന്‍ എന്റെ കൈയില്‍ പിടിച്ചുവലിച്ചു.

'മോദിയും നോട്ടുകെട്ടും' എന്ന ദുരന്തനാടകത്തിന്റെ ഒന്നാം ദിവസം ,  മാറ്റിയെടുക്കാനുള്ള കുറച്ചായിരങ്ങളും  പിടിച്ച് കുറേ കറങ്ങുകയും  പിന്നെ തളര്‍ന്ന്  , ഈ  മോഹന്‍ലാലൊക്കെ സിനിമയില്‍ ചെയ്യുന്നതുപോലെ ഇതുമുഴുവന്‍ തലയ്ക്കുമുകളിലേക്ക് എറിഞ്ഞ് ആര്‍ത്തുചിരിച്ച് ഓടിപ്പോയാലോ എന്ന് ഗതികെട്ടുചിന്തിച്ചുപോവുകയും ചെയ്ത നിമിഷത്തില്‍ ഞാന്‍ വസുജയെ ഉപദ്രവിക്കാന്‍ തീരുമാനിച്ചു. കുസാറ്റ് കാമ്പസിലെ SBI യില്‍ ചെന്ന് ഇത്തിരിപ്പോന്ന വസുജയെ ആളുകളുടെ മഹാസമുദ്രത്തിനിടയിലൂടെ നുഴഞ്ഞുകയറി കണ്ടുപിടിച്ചു. നട്ടുച്ചയായിട്ടും പൈസ വന്നിട്ടുണ്ടായിരുന്നില്ല ബാങ്കില്‍. പെസ മാറാനുള്ള ഫോം പൂരിപ്പിച്ച് വേണ്ട അനുസാരികള്‍ ചേര്‍ത്തുവച്ച് പൈസ വസുജയെ ഏല്‍പ്പിച്ച് ഞാന്‍ തിരിച്ചുപോന്നു.  മനുഷ്യരുടെ ക്യൂവിന്റെ നടുവില്‍ വസുജ പിന്നെയും ചെറുതായതുപോലെ തോന്നി . വൈകിട്ടുചെന്ന് പൈസ കളക്റ്റ് ചെയ്ത് തിരക്കിലൂടെത്തന്നെ നുഴഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുണ്ണിയെ ഓര്‍ത്തു. അവനാണ് എപ്പോഴും ജാനുവിന്റെ പോലുള്ള നൂറായിരം ആധികള്‍. 'അമ്മയ്ക്ക് പൈസ മാറ്റിക്കിട്ടുമോ' എന്ന് പലതവണ ചോദിച്ചിരുന്നു അവന്‍ സ്‌ക്കൂളില്‍പ്പോകും മുമ്പ്.

തലേന്ന് രാത്രി അവന്‍ ചോദിച്ചിരുന്നു , 'ഇപ്പോള്‍ നമ്മള്‍ ശരിക്കും ദരിദ്രരായി അല്ലേ അമ്മേ ? ' 'ഇതല്ല ദാരിദ്ര്യം' എന്നു പറഞ്ഞ് ഞാനവനോട് യുദ്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ ആന്‍ ഫ്രാങ്കിനെയും ഹിരോഷിമയിലെ 'ദ ഗേളി'നെയും കുറിച്ച് ഓരോന്നുപറഞ്ഞ് ആധി പെരുത്ത് മിണ്ടാതെ കിടന്നുറങ്ങി.. അവനുറങ്ങിക്കഴിഞ്ഞപ്പോള്‍ , വേണ്ടായിരുന്നു, അവന്റെ ആധി കൂട്ടേണ്ടായിരുന്നു , ഞാനെന്ന് പഠിക്കും ഡിപ്‌ളോമസി എന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ  വഴക്കുപറഞ്ഞു. സ്‌ക്കൂളില്‍ നിന്നു വന്നു കയറുമ്പോഴേ  'അമ്മയ്ക്ക് പൈസ മാറ്റിക്കിട്ടിയോ' എന്നു ചോദിക്കും അവന്‍ എന്ന് ഞാനോര്‍ത്തു . വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു, 'അവന്‍ സ്‌ക്കൂള്‍ വാനില്‍ നിന്നിറങ്ങിയതേ അമ്മയ്ക്ക് പൈസ കിട്ടിയോ എന്നു ചോദിച്ചാണ് 'എന്ന് . വസുജ പിന്നെ പലദിവസങ്ങളിലും മോദിയും നോട്ടുകെട്ടുകളും നാടകം കളിച്ച് രാത്രി  വളരെ വൈകിയാണ് വീട്ടിലെത്തിയത്, ആമിയെ നോക്കാന്‍ നാട്ടിലെ അച്ഛനമ്മമാരെ വിളിച്ചുകൊണ്ടുകവരെ ചെയ്തു വസുജ ! ആരോ അടുത്തയിടെ എന്നോടു ചോദിച്ചു,' ഉള്ളിത്തീയലിലെ ജാനുവിനെ എഴുതിയത് കുഞ്ഞുണ്ണിയെ മോഡലാക്കിയല്ലേ' എന്ന്.

ഞാന്‍ ചിരിച്ചു, അന്ന് കുഞ്ഞുണ്ണി അവതരിച്ചിട്ടില്ല, അവതരിക്കും എന്ന് ധാരണപോയിട്ട്  അങ്ങനൊരു സ്വപ്‌നം പോലുമില്ലാത്ത കാലമായിരുന്നു അത്. ഫന്റാസ് മിന്റക്കഥയെഴുതിയ ഈ ഞാന്‍ ,  ആ കഥയിലെ  ആധിപെരുത്ത ജാനുവിനെ സ്‌നേഹിച്ച വസുജയുടെ അടുത്തു ചെന്ന് , എന്റെ ശരിക്കുമുള്ള ജീവിതത്തിലെ കുഞ്ഞു-കുഞ്ഞുണ്ണിയുടെ ആധിമാറ്റാനായി ചില്ലറ സമ്പാദിച്ചുവരുമ്പോള്‍ , 'ജീവിതമേ ഞാന്‍ നിന്നെ സല്യൂട്ട് ചെയ്യുന്നു, കഥയേ,ഞാന്‍ നിന്നെ ചേര്‍ത്തുപിടിക്കുന്നു' എന്നല്ലാതെ  മറ്റെന്താണ് പറയുക?

കെ.ആര്‍ മീര ഇന്നാളും പറഞ്ഞു , 'എഴുതിയ പോലൊക്കെ വരുമോ' എന്നൊരു പേടിയുണ്ട് ഉള്ളിലെവിടെയോ.ഫോണ്‍ വച്ചു കഴിഞ്ഞ് ആലോചിച്ചപ്പോള്‍ എനിക്ക് മീരയോട് പറയാന്‍ തോന്നി -  എന്തുവേണമെങ്കിലും വന്നോട്ടെ മീരാ, അത് നമ്മള്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന ഭാഗ്യമാണ് , വരാനിരിക്കുന്ന പിടച്ചിലിനെ നേരത്തേ പരിചയപ്പെടുത്തി തന്ന് ...അതിന്റെ തീവ്രതയുടെ പാതി   വളരെ നേരത്തേ അനുഭവിപ്പിച്ച് .. നമ്മളെഴുതിയ കഥകള്‍ നമുക്കു മുമ്പേ പറക്കട്ടെ. സാധാരണ മനുഷ്യര്‍ ഓരോ അനുഭവത്തിന്റെ നേരത്തും ഞെട്ടുന്നതിന്റെ പാതി ഞെട്ടിയാല്‍ മതിയല്ലോ പിന്നെ നമുക്ക്...

Tags:    
News Summary - Fantaminta and priya A S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.