ഒ.എന്‍.വി അനശ്വരതയിലേക്ക്

ചങ്ങമ്പുഴക്ക് ശേഷം മലയാള കവിത ജനസാമാന്യത്തിലേക്കെത്തുന്നത് ഒ.എന്‍.വിയിലൂടെയായിരുന്നു. നിസ്വ വര്‍ഗ്ഗത്തിന്‍റെ പാട്ടുകാരനായ മാനവികതയുടെ ഭാവഗായകനായും പ്രകൃതിയുടെ ജീവഗീതകനായും മലയാളി മനസ്സില്‍ നിറഞ്ഞുനിന്ന ഒ.എന്‍.വിയുടെ അന്ത്യകാലഘട്ടത്തിലെ കവിതകളുടെ സമാഹാരമാണ് അനശ്വരതയിലേക്ക്. മാറിമാറിവന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ താൽക്കാലികതയില്‍ പങ്കുചേരാതെ പാടുക എന്നതാണ് തന്‍റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് മരണമെത്തുംവരെ അതു നിര്‍വഹിച്ച കവിയാണദ്ദേഹം. വാര്‍ദ്ധക്യകാല രോഗപീഡകളാല്‍ ശയ്യാവലംബിയായിട്ടും അദ്ദേഹത്തിന്‍റെ കാവ്യധാര പ്രവഹിച്ചുകൊണ്ടേയിരുന്നു.

ശബ്ദം പരിക്ഷീണമാകുന്നുവോ? അതോ ഹംസഗാനത്തിലെന്നപോലെ ഉറക്കെയാകുന്നുവോ? ഇങ്ങനെയെല്ലാം പുസ്തകത്തിന്‍റെ ആമുഖക്കുറിപ്പില്‍ കവി ചോദിക്കുന്നുണ്ട്. എങ്കിലും
'മണ്‍വിളക്കുകള്‍ വിട്ടു പാറിപ്പോം
പ്രകാശത്തെ പിന്‍തുടരുമ്പോള്‍
കൂട്ടിന്നെനിക്കീ പാട്ടാണല്ലോ,
മര്‍ത്യത നഷ്ടപ്പെട്ടതെങ്ങെന്നു തിരയുവാന്‍
കത്തിച്ചുപിടിച്ച കൈവിളക്കുമിപ്പാട്ടല്ലോ,
കൂട്ടിനു പോരാറുള്ളതെനിക്കിപ്പാട്ടാണല്ലോ,
പാട്ടിതെന്‍ കൂടപ്പിറപ്പാണെന്‍റെ നിഴലല്ലോ' എന്നു പാടുന്നു.
കാലംകഴിഞ്ഞ, കുപ്പയിലെറിയാന്‍മാത്രം കൊള്ളുന്നതാണ് തന്‍റെ കവിതയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള ഒരു മറുപടി കവിതയുണ്ട് ഈ സമാഹാരത്തില്‍. അതിങ്ങനെയാണ്:

എക്‌സ്‌പൈറി ഡേറ്റ്

എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞൊരാസാധനം
കുപ്പയിലേക്കു വലിച്ചെറിയൂ!
എന്‍റെ കവിതയെപ്പറ്റിയാ പണ്ഡിതന്‍
നിന്ദിച്ചുചൊന്നതു ഞാന്‍ കേട്ടു.
എക്‌സ്‌പൈറി ഡേറ്റിനരികിലെത്തുന്നൊരാള്‍
അത്യന്ത നൂതനമെന്തഴുതാന്‍!
എന്നെ നിന്ദിച്ചോളൂ പാടുകയെന്നതാ-
ണെന്‍റെ നിയോഗം! ഞാന്‍ പാടുന്നു...
എന്‍റെ എക്‌സ്‌പൈറി നേരായ് വരുവോളം!
എന്‍പ്രിയ ഭൂമി ജീവിക്കുവോളം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT