വെടിയുണ്ട തുളഞ്ഞ നെഞ്ചിൻ കൂടുകളുമായി ഒരു ജനത ചിതറിത്തെറിക്കുകയാണ്. കൊരുത്ത വിരലുകള്‍ അടർത്തി മാറ്റി, അവർക്ക്  പലായനം ചെയ്യാതെ വയ്യ. അവരൊരു രാജ്യമോ ജനതയോ അല്ലത്രേ. അവര്‍ ഫാലസ്തീനികള്‍. ഇസ്രായേല്‍ അധിനിവേശത്തിന്‍റെ കറുത്തനിഴലുകളാല്‍ ഒന്നടങ്കം  വിഴുങ്ങപ്പെട്ട ഫലസ്തീനികള്‍. എങ്കിലും തലക്ക് മീതെ തലങ്ങും വിലങ്ങും പായുന്ന വെടിയുണ്ടകളുടെയും ബോംബുകളുടെയും ഇടയിലൂടെ അവർക്ക്  സ്വപ്നം കാണാനാവുന്നുണ്ട്. "നിങ്ങൾക്ക് ഞങ്ങളെ നശിപ്പിക്കാനാകും, പക്ഷേ തോൽപിക്കാനാവില്ല" എന്നാർത്തു വിളിക്കാനാവുന്നുണ്ട്, പ്രണയിക്കാനാവുന്നുണ്ട്.

“ഇടിമിന്നലുകളുടെ പ്രണയം“ എന്നത് പൂർണമായും ഫലസ്തീനെ ആധാരമാക്കി രൂപപ്പെടുത്തിയ ഒരു നോവലാണ്‌. ചരിത്രപരമായും രാഷ്ട്രീയപരമായും പി .കെ .പാറക്കടവിനുള്ള അവഗാഹം അതിസൂക്ഷ്മമായി  ഈ നോവലിനെ  മെനഞ്ഞെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഓരോ അധ്യായവും അഗാധമായ വെളിപ്പെടുത്തലുകളിലൂടെ കടന്നുപോകുന്നു. കയ്യടക്കപ്പെട്ട ജനതയുടെ പരിഭ്രാന്തി, വേവലാതികള്‍, വിലാപങ്ങള്‍, കൂട്ടമരണങ്ങള്‍, ഉയിർത്തെഴുന്നേൽപ്, പോരാട്ടങ്ങള്‍, എന്നിവയുടെയൊക്കെ ഒരു നേർസാക്ഷിയാവുകയാണ് വായനക്കാരനിവിടെ.

ശഖാവി എന്ന പന്ത്രണ്ടു വയസ്സുകാരന്‍, തന്‍റെ ഉമ്മി പറഞ്ഞുകൊടുത്ത കഥകളിലെ ഫലസ്തീനിനെ തിരയുന്നുണ്ട്. പക്ഷേ കരിഞ്ഞ മാംസത്തിന്‍റെ ഗന്ധവും വെടിയൊച്ചകളും ചിതറിയ കളിപ്പാട്ടങ്ങളുമാണ് ഇപ്പോഴത്തെ അവന്‍റെ നാട്. തനിക്കു ചുറ്റും റോന്തു ചുറ്റുന്ന പട്ടാളക്കാർക്ക്  നേരെ വിദ്വേഷത്തിന്‍റെ കല്ലെടുത്തെറിഞ്ഞു പിടിയിലാകുമ്പോഴും അവന്‍റെ ചുണ്ടുകള്‍ മന്ത്രിക്കുന്നത് “എന്‍റെ നാട് എന്‍റെ നാട്” എന്നുതന്നെയാണ്

തന്‍റെ ഹൃദയമായ ഫർനാസിന്‍റെ മൃതശരീരത്തിന് സാക്ഷിയായിക്കൊണ്ട് അലാമിയ ഓർക്കുന്നത് “നഗരവും മനുഷ്യരെപ്പോലെയാണ്, അതിനും വ്യഥയും എകാന്തതയുമുണ്ട്“ എന്ന് ഫർനാസ് ഇടക്കിടെ ഉദ്ധരിക്കാറുള്ള കനഫാനിയുടെ വരികളാണ്. അതേ ...ഒരു നഗരം മനുഷ്യമനസ്സുപോലെ വിലപിക്കുകയാണ് ... ഫർനാസ് അലാമിയയോട് പറയുന്നുണ്ട് ”ഞാന്‍ നിന്നെ ഏറെ സ്നേഹിക്കുന്നു പക്ഷേ, ഫലസ്തീനിനെ നിന്നെക്കാള്‍ സ്നേഹിക്കുന്നു...” അലാമിയയെ, തന്‍റെ പ്രണയത്തെ, ജീവനെ, എല്ലാം ഫർനാസ് ഫലസ്തീന് സമർപ്പിക്കുകയാണ്. മരണശേഷവും ഫർനാസ് അലാമിയയ്ക്കൊരു നിരന്തര സാന്നിധ്യമാവുന്നു. ഒടുവില്‍, ആകാശത്തുനിന്നും ഭൂമിയിലേക്ക്‌ നീണ്ടൊരു മാന്ത്രികക്കുഴലിലൂടെ അവള്‍ പ്രതീക്ഷയുടെ സ്വർഗം കാണുന്നു. ഒരു നീണ്ട സ്വപ്നത്തിനൊടുവില്‍ സ്വയം കാഞ്ചിവലിച്ച് അലാമിയഫർനാസിലെക്കെത്തുന്നു” ഫലസ്തീൻകാർക്ക്  ഫലസ്തീന്‍ അവരുടെ ജന്മാവകാശമാണ് “ എന്നുറക്കെപ്പറഞ്ഞ ഭൂമിയിലെ പോരാളിയെ, ഗാന്ധിജിയെ അവരവിടെ കണ്ടുമുട്ടുന്നു.. തികച്ചും കാൽപനികമെങ്കിലും, വല്ലാത്തൊരു രാഷ്ട്രീയം ഉണർത്തുന്നുണ്ട് ഈ നോവല്‍. അധിനിവേശങ്ങളെ കീറിമുറിച്ച് ഒരു ജനതയുടെ പ്രതിഷേധത്തിനൊപ്പം ഇത് കൂട്ടിവായിച്ചിരിക്കുന്നു.

“ഇടിമിന്നലുകളുടെ പ്രണയം “ അതിദാരുണമായി കൊല്ലപ്പെട്ട ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ചരിത്രമാണ്. ഇബ്തിസാം ഹെർബിന്‍റെയും ആയത് അല്‍ അഖ് റാസിന്‍റെയും ചാവേര്‍ മരണങ്ങളുടെ കാതടപ്പിക്കുന്ന നിശബ്ദതയാണ്. മഹമൂദ് ദർവീശിന്‍റെയും ഷൗഖി അബിഷക്കറയുടെയും ഇഖ്ബാല്‍ തമീമിയുടെയും തീ തുപ്പുന്ന കവിതകളാണ്. അലാമിയയുടെയും ഫർനാലസിന്‍റെയും തീവ്രാനുരാഗത്തിന്‍റെ സ്വച്ഛതയാണ്. ദൃഢനിശ്ചയങ്ങളുടെ കൈകോർക്കലാണ്. സർവോപരി, അതിതീവ്രമായ ഒരു വായനാനുഭവമാണ്. പി.കെ. പാറക്കടവിന്‍റെ  തീർത്തും  വ്യത്യസ്തമായ ഒരു “ധ്യാനം”...!!

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT