പച്ചവിരലാൽ എഴുതപ്പെട്ടത്

ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവെച്ച കഥയാണ് ദയാബായിയുടെത്. സന്യസ്ത ജീവിതത്തിന്‍െറ മേലങ്കി ഉപേക്ഷിച്ച് കര്‍മത്തിന്‍െറ വിരല്‍കൊണ്ട് ഓരോ മനുഷ്യനിലേക്കും വെളിച്ചം പകരുന്നതാണ് ‘പച്ചവിരല്‍’ എന്ന അവരുടെ ജീവിതകഥ. മധ്യപ്രദേശിലെയും ഉത്തരേന്ത്യയിലെയും അറിയപ്പെടാത്ത ഗ്രാമങ്ങളിലെ ആദിവാസികള്‍ക്കും  അനാഥര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വനിതയുടെ ജീവിതത്തെക്കുറിച്ച് ഗവേഷണ ചാതുരിയോടെ പഠിച്ച്   ജനങ്ങളിലേക്കത്തെിക്കുക എന്ന കര്‍ത്തവ്യം പുസ്തകം തയാറാക്കിയ വില്‍സണ്‍ ഐസക് അതീവ ചാരുതയോടെ നിര്‍വഹിച്ചിരിക്കുന്നു.  വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടയാവുകയും തന്‍െറ ദൗത്യം അതിന്‍െറ എല്ലാ പീഡനങ്ങളോടും സംഘര്‍ഷങ്ങളോടും ശിരസ്സിലേറ്റി ജീവിക്കുകയും ചെയ്ത ഒരു ധീര വനിതയുടെ ആത്മീയതയില്‍ ചാലിച്ച ജീവിത കഥയാണിത്. വനമേഖലയോട് ചേര്‍ന്ന ഗോത്രവര്‍ഗ ജില്ലയായ ചിന്ത് വാഡായിലെ സുര്‍ളാഘാപ്പ, തിന്‍സൈ, ബറൂള്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജീവിതങ്ങളും അനുഭവങ്ങളുമാണ് പ്രധാനമായും ഈ പുസ്തകത്തിലൂടെ പറയുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട അന്വേഷണത്തിന്‍െറ പാത ഉപേക്ഷിച്ച് ഗോത്രവര്‍ഗ ജീവിതം തെരഞ്ഞെടുത്തതും ജീവിതം എന്ന സത്യത്തെ അടിസ്ഥാനമാക്കിയുള്ള ദൈവികത മുന്‍നിര്‍ത്തിയുള്ള ജീവിതം, അനുഭവം എന്നീ ഭാഗങ്ങള്‍ക്കൊപ്പം ‘ദൈവശാസ്ത്രം’ എന്ന സാമൂഹിക വിശകലനം ഈ പുസ്തകത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.

‘മനുഷ്യനായ ദൈവമാണ് എന്‍െറ മുന്നിലുള്ളത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാനവനെ കണ്ടത്തെുന്നു. അവന്‍െറ സഹനങ്ങളെ അനീതികള്‍ക്കിരയായവനിലേക്കും  പാവപ്പെട്ടവനിലേക്കും ദുരിതമനുഭവിക്കുന്നവനിലേക്കും എത്തുന്ന അവന്‍െറ തിരിച്ചറിവിനെ. അവന്‍ പിറന്നത് അവര്‍ക്കുവേണ്ടിയാണ്. അതുകൊണ്ട് എന്‍െറ ക്രിസ്മസ് ദാരിദ്ര്യത്തിന്‍െറ ഉത്സവമാണ്. ഒരു വശത്ത് ഹസാരിബാഗിലെ ക്രിസ്ത്യന്‍ കോണ്‍വെന്‍റിലെ ധാരാളിത്തത്തിന്‍െറ പകിട്ടിലും ആഘോഷങ്ങളിലും രമിക്കുന്ന ക്രിസ്മസ്. മറുവശത്ത് കോണ്‍വെന്‍റ് മുറ്റത്ത് തമ്പടിച്ച ആദിവാസികളുടെ ദാരിദ്ര്യത്തിന്‍െറയും പട്ടിണിയുടെയും ക്രിസ്മസ്. അതേറെനേരം കണ്ടുനില്‍ക്കാന്‍ കഴിയാതെ ദയാബായി എന്ന 22 കാരി മദര്‍ സുപ്പീരിയറിന്‍െറ വാതില്‍ മുട്ടി. മതി എനിക്കവരുടെ കൂടെ പോകണം എന്നുപറഞ്ഞ് 1958 ല്‍ ബിഹാറിലെ ഹസാരിബാഗ് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന മലയാളി പെണ്‍കുട്ടി കന്യാസ്ത്രീ പദവി ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ സഭവിട്ട് ചേരികളിലും  ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ജീവിച്ച് ഉദ്യോഗസ്ഥരോടും അധികാര സ്ഥാപനങ്ങളോടും കലഹിച്ച് ജൈവികമായ പച്ചപ്പിനായി നിലകൊണ്ട ഓരോ സംഭവവും വളരെ വ്യക്തതയോടെ വായനക്കാരനില്‍ എത്തിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞു.

പെന്‍ഷനുവേണ്ടിയല്ല സമരം ചെയ്തതെന്നു പറഞ്ഞ് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നിരസിച്ച ഗാന്ധിയനായ പുല്ലാട്ടു കുടുംബത്തിലെ മാത്യുവിന്‍െറ രണ്ടാമത്തെ മകളായ ദയാബായിക്ക് എക്കാലവും പിന്തുണയും പ്രോത്സാഹനവും നല്‍കിയത്  പിതാവാണെന്ന അനുഭവം അവര്‍  പങ്കുവെക്കുന്നു.
പുരസ്കാരങ്ങള്‍ പ്രതീക്ഷിച്ചല്ല ദയാബായി സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. സേവനം അവര്‍ തെരഞ്ഞെടുത്ത ജീവിതരീതിയായിരുന്നു. ജീവശാസ്ത്രത്തില്‍ ബിരുദവും  എം.എസ്.ഡബ്ള്യുവും ആദിവാസികള്‍ക്കിടയിലെ പൗരാവകാശങ്ങളെ കുറിച്ച്  ബോധവത്കരിക്കുന്നതിനായി നിയമവും പഠിച്ചു.  സത്യസന്ധതയുടെയും നീതിബോധത്തിന്‍െറയും ആര്‍ജവത്തിന്‍െറയും മൂര്‍ത്തരൂപമാണവര്‍. തന്‍െറ പ്രവര്‍ത്തനമേഖലയില്‍ പല സന്ദര്‍ഭങ്ങളിലായി അനുഭവിക്കേണ്ടിവന്ന പൊലീസ് മര്‍ദനങ്ങളും മറ്റുള്ളവര്‍ക്ക് നീതിയുറപ്പിക്കാന്‍ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടി വന്ന സന്ദര്‍ഭങ്ങളും പുസ്തകത്തില്‍ പറയുന്നു.

ബറൂള്‍ എന്ന ആദിവാസി ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ കൈകളാലുള്ള വിത്തെറിയലും കളപറിക്കലും, അവിടെ പൂക്കളും പഴങ്ങളും പച്ചക്കറിയും ധാന്യവിളകളും പ്രകൃതിയെ നോവിക്കാതെ കൈകോര്‍ത്ത് വളര്‍ത്തി. ‘ബഹന്‍ജി’ നിന്‍െറ പുണ്യഭൂമിയിലൂടെ പോകുമ്പോള്‍ മാത്രം ചൂടുകാലത്തും പ്രത്യേകം തണുപ്പാണ്’ എന്ന ബറൂളിലെ ഗ്രാമവാസികളുടെ വാചകം വായിക്കുമ്പോള്‍ വായനക്കാരുടെ മനസ്സിലും ആ ബറൂള്‍ കുളിര്‍മ അനുഭവപ്പെടുന്നു.
‘പാനി രോക്കോ
മിട്ടി രോക്കോ
ധര്‍ത്തീ മാം കോ ബചായേം
പത്തര്‍ ബീനേ
മേട് ബാംദേ
ചാരാ ലഗായേ’
(വെള്ളം സംരക്ഷിച്ചു നിര്‍ത്തി, മണ്ണിനെ തടഞ്ഞുനിര്‍ത്തി  ഭൂ മാതാവിനെ രക്ഷിക്കൂ... കല്ലുകള്‍ പെറുക്കിവെച്ചും ഭൂമി തിരച്ചും, പുല്ലു വളര്‍ത്തിയും ഭൂമി മാതാവിനെ രക്ഷിക്കൂ). മണ്ണ് സംരക്ഷണത്തിന്‍െറയും ജലസംരക്ഷണത്തിന്‍െറയും പ്രകൃതി പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഉപയോഗിക്കുന്ന പാട്ടുകളാണിത്. പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയുമുള്ള ബോധനരീതികളും മണ്ണിനെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അവരുടെ പച്ചവിരല്‍ വിപ്ളവത്തിന്‍െറ ആത്മാര്‍ഥത തുറന്നുകാട്ടുകയാണിവിടെ.

ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍െറയും തീച്ചൂളയില്‍ ഒരു മനുഷ്യന്‍െറ എല്ലാ ദൗര്‍ബല്യങ്ങളും വെന്തുരുകിപ്പോകുമെന്നും കരുത്തുറ്റ ഒരു മനുഷ്യസ്നേഹിയായി ആര്‍ക്കും സമാധാനത്തോടെ ജീവിക്കാമെന്നുമാണ് ദയാബായിയുടെ ജീവിതം സമൂഹത്തിന് നല്‍കുന്ന സന്ദേശം. പച്ചവിരല്‍ എന്ന പുസ്തകം വായനക്കാര്‍ക്ക് പല തിരിച്ചറിവുകള്‍ക്ക് കാരണമാവും. ഗോത്രവര്‍ഗ മേഖലകളിലെ, പ്രത്യേകിച്ച് ഗോണ്ട് വിഭാഗത്തില്‍പ്പെടുന്നവരുടെ   ജീവിതരീതികള്‍ ഭംഗിയായി അവതരിപ്പിച്ച  പുസ്തകത്തില്‍ അവര്‍ക്കു നേരെ നടത്തുന്ന  ചൂഷണങ്ങള്‍ നമ്മുടെ കൂടി പ്രശ്നമാണെന്ന ബോധ്യം   ഉണര്‍ത്തുന്നു. വില്‍സണ്‍ ഐസക്കാണ് ഈ ജീവിത പുസ്തകത്തിന്‍റെ  രചയിതാവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.