വിഗ്രഹങ്ങൾ ഉടയും, ഈ ആത്മകഥ വായിക്കുമ്പോൾ

ഗാന്ധിയന്മാർ, കമ്മ്യൂണിസ്റ്റ് നേതാക്കൾ, അക്കാദമിക് പണ്ഡിതർ, എഴുത്തുകാർ തുടങ്ങിയവരുടെ ആത്മാനുഭവങ്ങളാൽ സമ്പന്നമാണ് മലയാളനാട്. അതിൽ പലതിലും ദേശത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിലെല്ലാം മൂടിവെച്ച മറ്റൊരു കേരളമുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം കുഞ്ഞാമൻെറ 'എതിര്' പുരോഗമന കേരളത്തിൻെറ സാമൂഹിക- അക്കാദമിക ജീവതത്തിലെ സവർണ മുഖംമൂടി അഴിക്കുകയാണ്. അത് 'ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥത്തിലൂടെ പി.കെ ബാലകൃഷ്ണൻ പറഞ്ഞുവെച്ച ജാതികേരളത്തിൻെറ തുടർച്ചയാണ്. ബാലകൃഷണൻ വിവരിച്ചത് ഭൂതകാല ചരിത്രമായിരുന്നെങ്കിൽ കുഞ്ഞാമന്‍റേത് വർത്തമാനകാല അനുഭവമാണ്.

1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കുഞ്ഞന് വയസ് എട്ട്. ഇം.എം.എസിനെ നിയമസഭയിലേക്ക് അയച്ച പട്ടാമ്പി മണ്ഡലത്തിലെ വാടാനകുറിശിയിലെ സ്കൂളിൽ നിന്നാണ് ഓർമ്മ ആരംഭിക്കുന്നത്. അതിൽ തെളിയുന്നത് ലക്ഷ്മി ഏട്ടത്തിയുടെ ഉപ്പുമാവാണ്. അത് തന്നില്ലായിരുന്നുവെങ്കിൽ തനിക്ക് ക്ലാസിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭരണം ലഭിച്ചിട്ടും അവർ അധ:സ്ഥിതരോട് നീതി കാട്ടിയില്ലെന്നാണ് അനുഭവം. പാടത്തും ചാളയിലും അത് വിധേയത്വത്തോടെ അടങ്ങിയൊതുങ്ങി കഴിഞ്ഞ അച്ഛൻ. നിവർന്നു നിൽക്കാൻ കഴിയുന്ന സമയം ഏറെ തുച്ഛമായിരുന്ന ശരീരമായിരുന്നു അച്ഛൻറേത്. കുടുംബാംഗങ്ങളാകട്ടെ ചോരയും നീരും വറ്റിപ്പോയ ഉണക്ക ശരീരങ്ങൾ. കാരണമൊന്നുമില്ലാതെ അപമാനം ഏറ്റുവാങ്ങിയവർ. വലിയവരുടെ എച്ചിലെടുത്ത് വശപ്പടക്കിയ കുടുംബം. തമ്പ്രാന്മാർ നടത്തിയ ആക്രമങ്ങൾക്കുമുന്നിൽ നിസഹായാരായി നിന്ന് പണിയെടുത്ത ജനത. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റഡി ക്ലാസിൽ നാട്ടിൽ ഒരു നായർ തമ്പുരാൻ കമ്മ്യൂണിസത്തെ കുറിച്ച് വിശദീകരിച്ചു. അടിച്ചവനെ തിരിച്ചടിക്കുകയാണ് കമ്മ്യൂണിസം എന്നും അയാൾ പറഞ്ഞു. എന്നാൽ അപ്പേഴും ദലിതർ തമ്പുരാക്കന്മാരുടെ തല്ലുകൊണ്ടിരുന്നു.

14 വയസുള്ളപ്പോൾ ജൻമി ഗൃഹത്തിൽ പട്ടിക്കൊപ്പം കഞ്ഞികുടിച്ചത് പൊള്ളുന്ന അനുഭവമാണ്. ' മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചു തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടുപട്ടികളുടെ കഞ്ഞിക്ക് വേണ്ടിയുള്ള മത്സരമായിരുന്നു. പട്ടിയുടെ കടിയേറ്റ് മുറിവിൽ നിന്ന് ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്. എൻെറ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.'- ഇത്തരമൊരു അനുഭവം മലയാളത്തിലെ ആത്മകഥകളിലുണ്ടാവില്ല.

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സഹപാഠികളുടെ വീട്ടിലെ സദ്യകളിൽ എച്ചിലിനായി മൽസരിച്ചു. അത് ആർത്തിയോടെ കഴിച്ചു. സ്കൂളിൽ അച്ഛൻ ഒപ്പിട്ടു വാങ്ങിയ ലംസം ഗ്രാൻഡ് 40 രൂപ കൈക്കലാക്കിയത് ജന്മിയുടെ മകനായ മാഷാണ്. അച്ഛൻെറ കൈയിൽ വച്ചാൽ അതുകൊണ്ട് അടുത്തകൊല്ലം മകന് കോളജിലേക്ക് പോകാനാവില്ലെന്നായിരുന്നു ഉപദേശം. ആ തുക തമ്പ്രാനായ മാഷ് ഒരിക്കലും മടക്കി നൽകിയില്ല. 1967 കോളജിൽ ചേരുമ്പോൾ 37 പൈസയായിരുന്നു മുതൽമുടക്ക്. എം.എക്ക് ഒന്നാം റാങ്ക് കിട്ടിയിട്ടും ഒരു ചായപോലും കിട്ടിയില്ലെന്ന് തിരിച്ചറിഞ്ഞ് സർട്ടിഫിക്കറ്റുകൾ കത്തിക്കാൻ തുടങ്ങിയ അവസ്ഥ.

കേരളം കണ്ട പുരോഗമന വിഗ്രഹങ്ങൾ ഉടക്കുന്നുവെന്നതാണ് കുഞ്ഞാമൻെറ അനുഭവക്കുറുപ്പിൻെറ ചരിത്ര പ്രാധാന്യം. ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.ആർ.നാരായണൻ, ഡോ കെ.എൻ.രാജ്, സുകുമാർ അഴീക്കോട്, എ. കെ. ആൻറണി, തോമസ് ഐസക്ക് തുടങ്ങിയവരൊക്കെ ദലിത് വിരുദ്ധ മനോഭാവത്തിന് ഉടമകളാകുന്നതെങ്ങനെയെന്ന് അനുഭവത്തിലൂടെ വരച്ചിടുകയാണ് ഈ പുസ്തകം.

ഒന്നാം റാങ്ക് നേടിയിതിനുശേഷമുള്ള ജീവിതവും ക്ലേശകരമായിരുന്നു. ഒടുവിൽ സി.ഡി.എസിൽ ഗവേഷണ വിദ്യാർഥിയായി. അപ്പോഴാണ് കേരള സർവകലാശാല അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. 32 അപേക്ഷകരിൽ ഒന്നാംറാങ്ക് ലഭിച്ചുവെങ്കിലും നിയമനം കിട്ടിയില്ല. തസ്തിക പൊതുഒഴിവായിരുന്നുവെന്ന് വി.സിയുടെ മറുപടി നൽകി. പട്ടികജാതിക്കാരന് അപേക്ഷിക്കാൻ പാടില്ലായിരുന്നു. മെറിറ്റ് അടിസ്ഥാനത്തിലാണ് ഒന്നാംറാങ്ക് നൽകിയത്. ചരിത്രത്തിലെ വിരോധാഭാസങ്ങളിൽ ഒന്നാണിത്.

ഇടതുപക്ഷത്തിന് സ്വതന്ത്ര ബുദ്ധിയുള്ളവരോട് ശത്രുത 

അക്കാലത്ത് കേരള സർവകലാശാലയിൽ മാടമ്പി ഭരണത്തിലായിരുന്നു. അതിന്‍റെ ഇരയായിരുന്നു കുഞ്ഞാമൻ.  വിദ്യാർത്ഥി പ്രവേശനവും അധ്യാപന നിയമവും മുതൽ സർവ്വകലാശാലയിൽ ജാതി ഇടപെടൽ തുടങ്ങുന്നു. സിൻഡിക്കേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് തെരഞ്ഞെടുക്കുന്നത്. അവർക്ക് ഉന്നതവിദ്യാഭ്യാസമേഖലയിൽ താല്പര്യമുള്ളവരല്ല. അവർക്ക് നിയമനങ്ങളിലും കെട്ടിടനിർമ്മാണത്തിലുമാണ് താൽപ്പര്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സർവകലാശാലയിൽ രാഷ്ട്രീയം പരിശീലിച്ചിരുന്ന അധ്യാപകർ ജാതി നോക്കിയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. ഒരുതരത്തിലുള്ള ഭിന്ന അഭിപ്രായങ്ങളും മുന്നോട്ടുവെക്കരുതെന്ന നിർബന്ധം അവർക്കുണ്ടായിരുന്നു. ഗവേഷണ വിദ്യാർഥി ദളിതൻ ആണെന്നറിഞ്ഞാൽ പല അധ്യാപകരും സമ്മതപത്രം നൽകില്ല. സ്വതന്ത്ര ബുദ്ധിയുള്ള വ്യക്തികളോട് എന്നും ശത്രുതാ മനോഭാവമാണ് ഇടതുപക്ഷത്തിനെന്നും അദ്ദേഹം പറയുന്നു.

ഭൂപരിഷ്കരണം ചരിത്രപരമായ ഒരു വഞ്ചനയായിരുന്നുവെന്ന് വിശദീകരിക്കുന്നത് ആഴത്തിലുള്ള പഠനത്തിലൂടെയാണ്. ഭൂപരിഷ്കരണത്തെ ശേഷവും എന്‍റെറെ അച്ഛനെ പോലെ ഒരാളുടെ ജീവിതം പഴയതുപോലെ തുടർന്നു. മേലാളന്മാർക്ക് വിധേയപ്പെട്ട ജീവിതം. തമ്പ്രാന്മാരുടെ അടിമകളായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വന്നത് സവർണ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവർക്കേ നേതൃത്വത്തിലേക്ക് വരാൻ കഴിയുമായിരുന്നു. അന്നും ഇന്നും അത് തുടരുകയാണ്. ഭൂരഹിതരായ മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി ലഭിക്കാതെ ഭൂപരിഷ്കരണം നടപ്പാക്കി. ഭൂപരിഷ്കരണത്തെ കുറിച്ച് അംബേദ്കർ പരിപ്രേക്ഷ്യം മേലാളർ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇതിനേക്കാൾ വിപ്ലവകരമാണ്. ഇടതുപക്ഷം ഒരു വർഗപക്ഷമല്ല. അതൊരു അറേഞ്ച്മ​​​​​​െൻറ് ആണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരം പങ്കിടാനുള്ള സംവിധാനം മാത്രം.

ഇ.എം.എസിന്‍റെ സ്ഥാനം പരിഭാഷകന്‍റേത് മാത്രം

ഇ.എം.എസ് അവതരിപ്പിച്ചത് അദ്ദേഹത്തിന്‍റെ മൗലിക ചിന്തകളല്ല. ഇ.എം.എസിന് ചരിത്രത്തിൽ നൽകാൻ കഴിയുന്നത് ഒരു പരിഭാഷകന്‍റെ സ്ഥാനമാണ്. വളരെ പ്രാഥമികമായ തലത്തിൽ മാർക്സിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തിയാൾ. മാർക്സിസത്തെക്കുറിച്ചുള്ള യഥാർത്ഥ ടെസ്റ്റുകൾ ലഭ്യമല്ലാതിരുന്ന കാലത്ത് മാർക്സ് പറഞ്ഞ ചില കാര്യങ്ങൾ ഇ.എം.എസ് അവതരിപ്പിച്ചു. മാർക്സിസത്തെ ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങും വിധം വ്യാഖ്യാനിക്കാൻ ഇ.എം.എസിന് കഴിഞ്ഞില്ലെന്ന വിലയിരുത്തൽ വിഗ്രഭജ്ഞനമാണ്. 'ഇ.എം.എസ് കേരളം മലയാളികളുടെ മാതൃഭൂമി വരെ' ചരിത്രാന്വേഷണം നടത്തിയപ്പോഴും കേരളസമൂഹത്തിൻെറ ജാതിവ്യസ്ഥിതിയുടെ വേരുകൾ കണ്ടെത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടവെന്ന ബാലകൃഷണൻെറ ചിന്തക്ക് സമാനമാണിത്.

ദളിതർക്ക് വേണ്ടി രാഷ്ട്രീയ സാമ്പത്തിക വികസന നയങ്ങൾ തീരുമാനിക്കാൻ പണ്ഡിതരും നല്ലവരായ തമ്പുരാക്കന്മാരെയാണ് കേരളം തെരഞ്ഞെടുക്കുന്നത്. വലിയ കാര്യങ്ങൾ വലിയവർക്ക് വിട്ടുകൊടുത്തു. അവർ പാവങ്ങളെ കൈയൊഴിഞ്ഞു. നല്ലവരായ യജമാനന്മാർ എല്ലാം തീരുമാനിച്ചു. അടിമയുടെ മുതുകിൽ ഏൽക്കുന്ന ചാട്ടവാറിൻെറ എണ്ണം അവർ കുറച്ചു. അട്ടപ്പാടിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദിവാസികൾക്ക് എതിരാണ്. ആദിവാസികളുടെ സാമൂഹിക മാറ്റത്തിന് പരിപാടിയുള്ള ഒരു രാഷ്ട്രീയ പാർട്ടിയും അവിടെയില്ല. അട്ടപ്പാടിയിലെ മധു കൊലചെയ്യപ്പെട്ടപ്പോൾ, കുട്ടി മരണങ്ങൾ അരങ്ങേറുമ്പോൾ കാരണം തേടി നെട്ടോട്ടമോടുന്ന രാഷ്ട്രീയപാർട്ടികൾക്കും ആസൂത്രണ വിദഗ്ധർക്കും ബുദ്ധിജീവികൾക്കുമുള്ള മറുപടിയാണ് കുഞ്ഞാമൻെറ എതിര്. ധിക്കാരികളെയും വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നവരെയുമാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പുസ്തകത്തിലുടനീളം അവർത്തിക്കുന്നു. അത് പുസ്തകത്തിൻെ ആത്മാവാണ്. പുസ്തകത്തിൻെറ ആമുഖമെഴുതിയ കെ.വേണുവിന് കുഞ്ഞാമൻെറ അനുഭവക്കുറുപ്പുകളെ അഴത്തിൽ ഉൾക്കൊള്ളനായില്ല. അത് കുമാരനാശൻെറ നളിനി കാവ്യത്തിന് എ.ആർ.രാജരാജവർമ്മയെഴുതിയ അവതാരികക്ക് സമാനമായി. കെ.കണ്ണനാണ് പുസ്തകം തയാറാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT