ഹൃദയത്തിൽ ഇടം നേടിയവർ

സത്യസന്ധമായ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് സെബാസ്റ്റ്യെൻറ ‘ഹൃദയ നിവാസികൾ’. ജീവിച്ചിരിക്കുന്നവരെയും കർമമണ്ഡലം വിട്ടൊഴിഞ്ഞു പോയവരെയും അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കുകയാണിവിടെ. ആത്മമിത്രങ്ങളും ആദരണീയ വ്യക്തിത്വങ്ങളും ഹൃദയ നിവാസികളായി ഈ പുസ്തകത്തിൽ കടന്നുവരുന്നു. പ്രഫ. സുകുമാർ അഴീക്കോട്, പ്രഫ.എം.എൻ. വിജയൻ, എ. അയ്യപ്പൻ, ഗുരു ഗോപാലകൃഷ്ണൻ, വി.കെ. സുബൈദ, പി.എ. നാസിമുദ്ദീൻ തുടങ്ങിയവരാണ് സെബാസ്റ്റ്യൻെറ ഹൃദയനിവാസികൾ.

സുകുമാർ അഴീക്കോട് എന്ന ചരിത്രപുരുഷൻ ഓർമയായി മാറുന്ന നിമിഷങ്ങളിൽനിന്നാണ് ‘രാത്രിയിലേക്ക് പടർന്ന കടൽപച്ച’ ആരംഭിക്കുന്നത്. ‘സാംസ്കാരിക നായകൻ’ എന്ന വാക്കിന് അഴീക്കോട് എന്ന അർഥമായിരുന്നു വളരെക്കാലം മലയാളി നൽകിയിരുന്നത്. സഹൃദയനായ ഏതൊരു മലയാളിയെയും പോലെ ആദരവോടും തെല്ലുഭയത്തോടും ‘ചെറുമഴപോലെ തുടങ്ങി പെരുമഴയായി’ മാറുന്നതായി സെബാസ്റ്റ്യൻ പറയുന്നുണ്ട്. പയ്യാമ്പലത്തെ ചരിത്രപുരുഷന്മാരുടെ ബലികുടീരങ്ങൾക്കടുത്ത് ചിതറിയിട്ട ആയിരം പൂക്കൾക്ക് നടുവിൽ എരിഞ്ഞടങ്ങുന്ന ചിത നോക്കിനിൽക്കുകയാണ് കവി. അഴീക്കോടിെൻറ പിൻവാങ്ങൽ ഒരുതരം അന്ധകാരത്തിലേക്കാണ് മലയാളിയുടെ സാംസ്കാരിക ലോകത്തെ  തള്ളിയിട്ടത്. ‘ഈ കെട്ട കാലത്ത് ഇനി ആ ഗിരിപ്രഭാഷണങ്ങൾ ആരിൽനിന്ന് കേൾക്കും’ എന്ന സന്ദേഹം ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്. അഴീക്കോടിൻെറ സാമൂഹിക ഇടപെടലുകൾ, അഴീക്കോടിെൻറ അഭിപ്രായങ്ങൾക്കുവേണ്ടി മാധ്യമങ്ങൾ കാത്തുനിന്ന സന്ദർഭങ്ങൾ, ഇങ്ങനെ അഴീക്കോട് എന്ന സാംസ്കാരിക നായകനിലേക്ക് തുറന്നിട്ട വാതിലാണ് സെബാസ്റ്റ്യൻെറ ഓർമകൾ.

ഒരിക്കലും ഒരു മരവിപ്പും ചരിത്രത്തിൽ ശാശ്വതമല്ല എന്ന എം.എൻ. വിജയൻെറ നിരീക്ഷണം എം.എൻ. വിജയനെക്കുറിച്ചുള്ള സ്മരണകൾക്ക് ശീർഷകമാവുന്നു. സ്ഥാപനവത്കരിക്കപ്പെട്ട സാഹിത്യകാരന്മാരുടെ സ്ഥാനപ്പേരുകളിലുള്ള കൊതിക്കണ്ണിനപ്പുറം, സാഹിത്യസിംഹാസനങ്ങളുടെ രാജകീയ സുഖങ്ങൾക്കപ്പുറം, കൊടുങ്ങല്ലൂരിലെ യൗവനങ്ങളെ, തൊഴിലാളികളെ, ജീവിത ദുരിതത്തിൻെറ ഉച്ചവെയിൽ ചുമലിൽ വീണുകിടക്കുന്ന സാധാരണ മനുഷ്യരെ വിലമതിച്ച ഋഷിതുല്യനായ എഴുത്തുകാരനായാണ് എം.എൻ. വിജയനെ സെബാസ്റ്റ്യൻ കാണുന്നത്. അറിവിനെ അലങ്കാരങ്ങളിൽനിന്നും ആഡംബരങ്ങളിൽ നിന്നും മുക്തമാക്കി അതിെൻറ തനതായ ജൈവരൂപത്തിലേക്ക് നൈസർഗികതയിലേക്ക് തിരിച്ചുകൊണ്ടുവന്ന മഹാജ്ഞാനിയായിരുന്നു എം.എൻ. വിജയനെന്ന് സെബാസ്റ്റ്യൻ എഴുതുന്നു. കൊടുങ്ങല്ലൂരിൻെറ ചരിത്രത്തിലൂടെ എം.എൻ. വിജയൻെറ ധൈഷണിക ജീവിതത്തിൻെറ ഗരിമയും അതിെൻറ അതീവലളിതമായ സാധാരണത്വവും ഇവിടെ പരാമർശിക്കുന്നു.

എ. അയ്യപ്പൻെറ ‘ബലിക്കുറിപ്പുകൾ’ വായിച്ച് അയ്യപ്പനെ തേടിപ്പുറപ്പെട്ട, പിന്നീട് അയ്യപ്പനെ കൂടെകൂട്ടുകയായിരുന്നു സെബാസ്റ്റ്യൻ. നീണ്ട മുപ്പതു വർഷങ്ങൾ അയ്യപ്പനൊത്തുള്ള ജീവിതം ആലങ്കാരികതകളില്ലാതെ ഈ പുസ്തകത്തിലുണ്ട്. കവിതയെ കണ്ണിലെ കൃഷ്ണമണിപോലെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ കവിയോടൊപ്പം കവിതയെ ഉപാസിച്ചു കഴിഞ്ഞ സർഗാത്മകതയുടെ ഒരുകാലം ഇവിടെ തെളിഞ്ഞുവരുന്നുണ്ട്. ഗുരു ഗോപാലകൃഷ്ണൻ, പ്രഫ. വി.കെ. സുബൈദ, കവി പി.എ. നാസിമുദ്ദീൻ തുടങ്ങിയവരെക്കുറിച്ച സ്മരണകളാണ് പിന്നീടുള്ളത്. ഇവരെല്ലാം സെബാസ്റ്റ്യൻ എന്ന കവിയുമായി ആത്മബന്ധം പുലർത്തുന്നവർ. സെബാസ്റ്റ്യൻെറ കവിതകളുടെ ആസ്വാദകയും വിമർശകയുമാണ് സുബൈദ ടീച്ചർ. സമകാലിക കവിതക്കുവേണ്ടി സംസാരിക്കുന്ന, പുതിയ കവികളെ കേൾക്കാനിഷ്ടപ്പെടുന്ന അധ്യാപിക. സർഗാത്മകതയുടെ നൂതന മേഖലകളിലേക്ക് കടന്നുചെല്ലാൻ മടിക്കുന്ന കലാലയ അധ്യാപകർക്ക് അപവാദമാണ് വി.കെ. സുബൈദ.

സഹയാത്രികനായ കവിയാണ് പി.എ. നാസിമുദ്ദീൻ. കവിതയുടെ കനലുകൾ കെടാതെ കാത്തുസൂക്ഷിക്കുന്നയാൾ. ഉത്തരാധുനികതയുടെ ഭാവുകത്വത്തെ വളരെ മുന്നേ തിരിച്ചറിഞ്ഞ കവി. ഗ്രാമീണജീവിതത്തിെൻറ പാർശ്വവത്കരിക്കപ്പെട്ട ജീവിതചിത്രങ്ങൾ പുതിയ ഭാഷയിലവതരിപ്പിച്ച് നാസിമുദ്ദീൻെറ കാവ്യലോകത്തിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാണിത്. അഭിനയമോ നൃത്തമോ പഠിച്ചിട്ടില്ലെങ്കിലും ഗുരു ഗോപാലകൃഷ്ണനെ ഗുരുവായി അംഗീകരിക്കുകയാണ് സെബാസ്റ്റ്യൻ. ഗുരുശിഷ്യബന്ധത്തിൻെറ നൈർമല്യം ഗുരു ഗോപാലകൃഷ്ണൻ, വി.കെ. സുബൈദ തുടങ്ങിയവരെക്കുറിച്ച സ്മരണകളിൽ ദൃശ്യമാണ്. ഒരു കവിയുടെ നിരീക്ഷണങ്ങളാണിവ. ചുരുക്കം വാക്കുകളിൽ വൈകാരികാംശം ചോർന്നുപോകാതെ  ആത്മാർഥതയോടെയാണ് സെബാസ്റ്റ്യൻ ഈ ഓർമക്കുറിപ്പുകൾ തയാറാക്കിയിട്ടുള്ളത്. അവകാശവാദങ്ങൾ ഉന്നയിക്കാതെ ഒന്നും മൂടിവെക്കാതെ മനുഷ്യരിലെ നന്മകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള എഴുത്താണിവിടെയുള്ളത്.

Tags:    
News Summary - Sebastian'S BOOK HRIDAYA NIVASIKAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT