വീരപ്പനെക്കുറിച്ച് വീണ്ടും..

മരിച്ച് മണ്ണടിഞ്ഞ് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും വീരപ്പൻ എന്ന കാട്ടുകള്ളന്‍റെ കഥ ഇന്നും ജനങ്ങൾക്ക് രോമാഞ്ചം പകരുന്നതാണ്. പുസ്തകങ്ങളും സിനിമയും എല്ലാം പുറത്തിറങ്ങിയിട്ടും ഇന്നും വീരപ്പനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് ഉത്തരം മുഴുവനായും കിട്ടിയിട്ടില്ല. ഇരയുടേയും വേട്ടക്കാരന്‍റെയും ഭാഗത്ത് നിന്ന് കഥ പറയുന്ന വീരപ്പൻ: ചേസിങ് ദ ബ്രിഗാൻഡ് എന്ന പുസ്തകം ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ദശാബ്ദക്കാലം വീരപ്പനെ പിടിക്കാനുള്ള പ്രത്യേക ദൗത്യ സംഘത്തലവനായ ബി.വിജയകുമാറാണ് പുസ്തകത്തിന്‍റെ രചയിതാവ് എന്നത് കൂടുതൽ ഉദ്വേഗത്തിന് വഴിനൽകുന്നു.

ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന താൽപര്യത്തോടെ ഈ പുസ്തകം വായിക്കപ്പെടണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് വിജയകുമാർ പറയുന്നു.

പുസ്തകത്തിൽ രണ്ട് ഭാഗങ്ങളായിട്ടാണ്  സംഭവങ്ങൾ വിശദീകരിക്കപ്പെടുന്നത്. ഒന്ന് ആരംഭിക്കുന്നത് 2001ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ടെലിഫോൺ കോൾ വിജയകുമാറിന് ലഭിക്കുന്നിടത്ത് നിന്നാണ്. തമിഴ്നാട് പ്രത്യേക ദൗത്യസംഘത്തിന്‍റെ ചുമതലയേൽക്കുന്നതിന് വേണ്ടിയായിരുന്നു അത്.

മറ്റൊരു ഭാഗം ആരംഭിക്കുന്നത് 1992ലാണ്. കൊള്ളയെക്കുറിച്ചുള്ള വീരപ്പന്‍റെ ഓർമകളും കൂട്ടുകാരോടും അനുയായികളോടുമുള്ള സംഭാഷണങ്ങളും ആത്മഗതങ്ങളും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അവസാന ഭാഗത്ത്ിൽഈ രണ്ടു ഭാഗങ്ങളും തമ്മിൽ അനായാസമായ ഒരു യോജിപ്പ് കൈവരുന്നതായും കാണാം. ദൗത്യസംഘത്തിലെ ഇൻസ്പെക്ടറായിരുന്ന കുപ്പുസ്വാമിയുടെ നിരീക്ഷണങ്ങൾ വീരപ്പൻ എന്ന മനുഷ്യൻ എങ്ങനെ ഇത്തരത്തിൽ രൂപപ്പെട്ടു എന്ന് മനസ്സിലാക്കുന്നതിന് സഹായിച്ചു എന്നും വിജയകുമാർ എഴുതുന്നു.

എന്നാൽ കൂടുതൽ വായിക്കുന്നതാക്കുക എന്ന തന്ത്രമവലംബിച്ചതു കൊണ്ടാവാം വസ്തുതകളുടെ ആധികാരികത പലപ്പോഴും പുസ്തകത്തിന് നഷ്ടപ്പെടുന്നതായി തോന്നാം. മാത്രമല്ല, വീരപ്പനെ പിടികൂടിയ ഓപ്പറേഷൻ കൊക്കൂൺ എന്ന ദൗത്യത്തെക്കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ അതിനെ നീക്കുന്നതിനുള്ള ശ്രമവും ഗ്രന്ഥകർത്താവിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതും പ്രത്യേകം പറയേണ്ടിവരും.

ജീവചരിത്രം എന്ന് പറയുമ്പോഴും വീരപ്പനെ പിടിക്കുന്ന ദൗത്യസംഘത്തിലും രാജീവ് ഗാന്ധി വധക്കേസിലെ ദൗത്യ സംഘാംഗം, കശ്മീരിലെ അതിർത്തി രക്ഷാസേന ഉദ്യോഗസ്ഥൻ എന്ന നിലക്കുള്ള വിവരങ്ങളൊന്നും ഇതിൽ നിന്ന് ലഭ്യമല്ല. വീരപ്പന്‍റെ കാര്യം പറയുകയാണെങ്കിൽപോലും എവിടെയോ എന്തൊക്കെയോ ബാക്കി നിൽക്കുന്നു എന്ന തോന്നൽ ബാക്കിനിർത്തുന്നുണ്ട പുസ്തകം.

Tags:    
News Summary - Veerappan: Chasing the Brigand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT