എഴുതിയെഴുതി സ്വയമൊരു കാവ്യമായി മാറിയവൾ. കവിതകൊണ്ട്, എഴുത്തുകൊണ്ട് ജീവിതത്തിെൻറ ആഹ്ലാദം കണ്ടെത്തുന്ന പെൺകുട്ടി. ഫർസാനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങാം. അസാധാരണത്വങ്ങെളാന്നുമില്ലാത്ത ജീവിതം സ്വപ്നങ്ങളെക്കൊണ്ട് പൂരിപ്പിക്കുന്നവളെന്നും. ഫർസാനക്ക് ചുറ്റും വെളിച്ചം മാത്രമേയുള്ളൂ. ചിരികൊണ്ട്, വാക്കുകൊണ്ട് പ്രകാശം വിതറുന്നവൾ.
ജീവിതം വേദനകളുടെ സമാഹരണമാക്കി ദുഃഖങ്ങളുടെ കൂട്ടിൽ തനിച്ചിരിക്കാൻ ഫർസാനക്ക് സാഹചര്യങ്ങൾ ഏറെയാണ്. വിശാലമായ ലോകം, വിദ്യാലയാനുഭവങ്ങൾ, ചെറുപ്പത്തിെൻറ കളിചിരികൾ എന്നിവ നഷ്ടമായവൾ. അതിലൊന്നും അടയിരിക്കാതെ ജീവിതത്തിെൻറ ആഹ്ലാദം തേടി അവൾ നടന്നു. മൗനം പുണർന്നുകിടന്ന നൊമ്പരങ്ങളെല്ലാം കൂട്ടിവെച്ചു. ഒടുവിൽ ഒരു തീരത്തണഞ്ഞു -വാക്കുകളിൽ സ്വപ്നം പൂക്കുന്നിടത്ത്. ജീവിതമേൽപിച്ച പരിക്കുകളിൽനിന്ന് ചിലതെല്ലാം വീണ്ടെടുക്കാനുള്ള മോഹത്തോടെ ആ തീരത്തിരുന്നവൾ എഴുതി. നഷട്ങ്ങളും സ്വപ്നങ്ങളും അപ്പോൾ കവിതയായി വിരിഞ്ഞു.
ഫർസാനയുടെ പുസ്തകം ‘മൗനം പുണർന്ന ശലഭച്ചിറകുകൾ’ ഡിസംബറിൽ പുറത്തിറങ്ങി. പ്രകാശനം നിർവഹിച്ചത് അവൾക്കേറെ പ്രിയപ്പെട്ട സാമൂഹിക പ്രവർത്തക ദയാബായിയും തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറവും ചേർന്ന്. മുതിർന്ന മാധ്യമപ്രവർത്തകരായ ഒ. അബ്ദുറഹ്മാൻ, ഒ. അബ്ദുല്ല, പി.ടി. നാസർ, മന്ത്രി കെ.ടി. ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ, ടി. ആരിഫലി, പ്രഫ.സിദ്ദീഖ് ഹസൻ, എഴുത്തുകാരായ പി. സുരേന്ദ്രൻ, ഹമീദ് ചേന്ദമംഗലൂർ, എം.എം. നാരായണൻ, ഷൗകത്ത്, ഗീത ഗായത്രി, കാർട്ടൂണിസ്റ്റ് ഇ. സുരേഷ്, ഗായകൻ ഷഹബാസ് അമൻ തുടങ്ങിയവർ സാക്ഷികളായ ചടങ്ങ്. 18കാരിയുടെ ആദ്യ കവിത പുസ്തകത്തിെൻറ പ്രകാശനത്തിന് ഇവരെല്ലാം ഒരുമിച്ചതിെൻറ പ്രാധാന്യം ഫർസാനയുടെ ജീവിതം പറയും.
സെറിബ്രൽപാഴ്സി ഇടതുകൈയും കാലുകളും തളർത്തി ഫർസാനയെ ജന്മനാ വീൽചെയറിലാക്കി. മറ്റു കുട്ടികളെപ്പോലെ ഫർസാന പിച്ചവെച്ചില്ല. വീടിനുചുറ്റും ഒാടിയില്ല. മുറ്റത്ത് കളികളിലൊന്നും ഏർപ്പെട്ടില്ല. ആശുപത്രികളിലേക്കുള്ള യാത്രയിൽ വാഹനത്തിനരികിലൂടെ നീങ്ങിമായുന്ന പുറംകാഴ്ചകൾമാത്രം. കുറ്റിപ്പുറം കഴുത്തല്ലൂരിലെ വീട്ടിലിരുന്നാൽ തൊട്ടടുത്ത സ്കൂളിലെ ബഹളങ്ങൾ കേൾക്കാം. കാതോർത്താൽ ക്ലാസ്മുറികളിലെ അധ്യാപനങ്ങളും. വീട്ടിൽ ചക്രക്കസേരയിലും കിടക്കയിലുമായി ഫർസാന അവയെല്ലാം കേട്ടിരുന്നു.
അങ്ങനെയിരിക്കെ അഞ്ചാം വയസ്സിൽ ഫർസാനക്കും മോഹമുണ്ടായി. സ്കൂളിൽ പോകണം, അക്ഷരം പഠിക്കണം. പേക്ഷ എങ്ങനെ! മോഹങ്ങൾ ചക്രക്കസേരകൾക്ക് ചുറ്റും കറങ്ങി. എൻ.െഎ.യു.പി സ്കൂളിലെ അധ്യാപകർ അതിന് പരിഹാരവുമായെത്തി. സ്കൂളിൽ ചേരുക, വീട്ടിലിരുന്ന് പഠിക്കുക. അയൽവാസി റസീന ടീച്ചർ അങ്ങനെ ആദ്യ ഗുരുവായി. വീടിെൻറ ഉമ്മറത്തിരുന്ന് ഫർസാന പഠിപ്പുതുടങ്ങി. മൂന്നാം ക്ലാസ് മുതൽ മറ്റൊരു അയൽക്കാരി മുംതാസാണ് ടീച്ചർ. വാർഷിക പരീക്ഷക്ക് അധ്യാപകർ ചോദ്യം വീട്ടിലെത്തിക്കും. ഫർസാന ഉത്തരം പറയും. താഴ്ന്ന ക്ലാസിൽ പഠിക്കുന്നയാൾ അത് പകർത്തി അധ്യാപകർക്ക് തിരിച്ചെത്തിക്കും. അങ്ങനെ കഴിഞ്ഞ വർഷം ഫർസാന പത്താംക്ലാസ് ജയിച്ചു. ഇപ്പോൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥി.
അക്ഷരം അറിഞ്ഞതുമുതൽ ഫർസാന എഴുതി തുടങ്ങിയതാണ്. പലയിടങ്ങളിലായി കുറിച്ചിട്ട ആ വരികളിൽ കവിതയുണ്ടെന്ന് കണ്ടെത്തിയത് വീട്ടിൽ പതിവായെത്തുന്ന ബി.ആർ.സിയിലെ രേഖ ടീച്ചർ. ഫർസാനയുടെ ജീവിതവും എഴുത്തും അങ്ങനെ വാർത്തയായി. കുറ്റിപ്പുറം ഷെൽട്ടർ പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തി തുടങ്ങിയതോടെ ജീവിതം ആകെ മാറി. നിറയെ കൂട്ടുകാരെ കിട്ടി. അവർ ആവോളം സ്നേഹം വിളമ്പി. ആ കൂട്ടത്തിൽ കുറ്റിപ്പുറത്തെ ഫാത്തിമ നസ്റിനുമുണ്ടായിരുന്നു. ഇരുവരും പെട്ടന്നുതന്നെ പ്രിയപ്പെട്ടവരായി. കൂട്ടുകാരിക്ക് പ്രിയമായതെെന്തങ്കിലും കരുതിവെക്കണമെന്ന് ഫാത്തിമ നസ്റിന് അകമേ കുറിച്ചിട്ടു. ഷെൽട്ടർ വഴിയൊരുക്കിയപ്പോൾ ഫർസാന വീടിന് പുറത്തെ ലോകവും, ജീവിതവും കണ്ടു തുടങ്ങി. എഴുത്തുകളിൽ കൂടുതൽ നിറങ്ങൾ വന്നുചേർന്നു.
കവിതകൾ ചേർത്തുവെച്ച് പുസ്തകമാക്കാം എന്ന ആശയം മുന്നോട്ടുവെച്ചതും കുറ്റിപ്പുറത്തെ ആ കൂട്ടായ്മയാണ്. നിയതം ബുകസ് അതേറ്റെടുത്തു. അങ്ങനെ ഫർസാനയുടെ കവിതകൾ 115 പേജുള്ള പുസ്തകമായി. ജീവിതം പറയാൻ ബാക്കിവെച്ചതും, സ്വപ്നങ്ങളിൽ വന്ന് നൊമ്പരപ്പെടുത്തിയതുമായ 96 കവിതകളുടെ സമാഹാരം. പുസ്തക പ്രകാശനവേദിയും കുറ്റിപ്പുറത്തുകാർ ഒരുക്കി. കൂട്ടുകാരി ഫാത്തിമ നസ്റിെൻറയും അയാസിെൻറയും വിവാഹ ദിവസം. സാമൂഹിക പ്രവർത്തകനായ നജീബ് കുറ്റിപ്പുറം മകളുടെ വിവാഹവേദിയിൽ അതിനുകൂടി സൗകര്യം ഒരുക്കി. ഫാത്തിമ നസ്റിനും, ഫർസാനക്കും അത് ഇരട്ടിമധുരമായി. വിവാഹവേദി ഉത്തമമായൊരു മാതൃകയും.
പരസഹായമില്ലാതെ ഫർസാനക്ക് ചലിക്കാനാകില്ല, പക്ഷേ, സ്വപ്നങ്ങൾ അതിനും മുകളിൽ പറക്കുന്നു, ലക്ഷ്യങ്ങളിൽ തൊടുന്നു. ശരിക്കും, ഫർസാന ശലഭച്ചിറകുള്ള പെൺകുട്ടിയല്ലേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.