ആർ.ഐ. ഷംസുദ്ദീൻ എഴുത്തുകാരനല്ല. പഠിക്കുന്ന കാലത്ത് എന്തെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ, എഴുത്തുകാരുടെയെല്ലാം സുഹൃത്താണ്. അങ്കണം സാംസ്കാരിക വേദിയിലൂടെ മലയാളത്തിൽ വലിയൊരു എഴുത്ത് സമൂഹത്തെ സൃഷ്ടിക്കാൻ നിരന്തരം ശ്രമിച്ചയാളാണ്. സാമൂഹിക ജീർണതകളിൽ നിരന്തരം ഇടപെട്ട് പുതിയ തലമുറയെ എഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു ലക്ഷ്യം.
വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നായിരുന്നു തുടക്കം. നാട്ടിക എസ്.എൻ. കോളജിൽ പഠിക്കവേ കെ.എസ്.യുവിലൂടെ കോളജ് യൂനിയൻ ചെയർമാനും ജില്ലയിലെ വിദ്യാർഥി നേതാവുമായി. 1970-‘75 കാലത്ത് കെ.എസ്.യു ജില്ല പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് ഭാരവാഹിയായി.
രാഷ്ട്രീയത്തിൽ നിന്നുള്ള മനോവിഷമങ്ങളെ തുടർന്ന് ജോലി തേടി വിദേശത്ത് പോയ ഷംസുദ്ദീൻ തിരിച്ചുവന്നശേഷമാണ് സാംസ്കാരിക രംഗത്ത് ഇടപെട്ടുതുടങ്ങിയത്. കേരള കൗമുദി തൃശൂർ ഓഫിസിൽ യു.കെ. കുമാരനും ഷംസുദ്ദീനും ഞാനും ചേർന്നിരുന്ന് നടത്തിയ സംവാദത്തിെൻറ പരിണിത ഫലമായിരുന്നു ‘അങ്കണം സാംസ്കാരിക വേദി’. ടി.വി. കൊച്ചുബാവയും കൂട്ടത്തിലുണ്ടായിരുന്നു. ഷംസുദ്ദീൻ ചെയർമാനും ഈ ലേഖകൻ കൺവീനറും കെ.ആർ. മുരളി, പി.എം. ശരത്കുമാർ എന്നിവർ ഭാരവാഹികളുമായി രൂപപ്പെട്ട അങ്കണം ഇന്നും മലയാളത്തിെൻറ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന സംഘടനയാണ്.
പുതിയ തലമുറയിലെ എഴുത്തുകാർക്ക് അംഗീകാരം നേടിക്കൊടുക്കുകയെന്നായിരുന്നു ഷംസുദ്ദീെൻറ പ്രധാന സ്വപ്നം. അതിനായി സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്ന എഴുത്തുകാരുമായുള്ള അടുപ്പം ഷംസുദ്ദീനെ വല്ലാതെ പ്രചോദിപ്പിച്ച ഘടകമാണ്. അവരോടുള്ള സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുകയും ചെയ്തു. കുട്ടികളുടെ നല്ല കഥകൾ കണ്ടെത്തിയാൽ അവ പുസ്തക രൂപത്തിലാക്കുക കൗതുകപ്രവർത്തനമായും കൊണ്ടുനടന്നു. പ്രിയപ്പെട്ട ഷംസുദ്ദീൻ, ഇനി എനിക്ക് തർക്കിക്കാനും തല്ലുകൂടാനും വീണ്ടും സ്നേഹിക്കാനും ഒരു നല്ല സുഹൃത്ത് എവിടെയാണ്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.