ഇത്​ പോരാട്ടത്തിൻെറ ചൂടുള്ള സഹനത്തിൻെറ ഡിസംബർ...

"നീ ഡിസംബർ തന്നെയാണോടാ​.? തണുപ്പും ഇല്ല്യ, മഞ്ഞും ഇല്ല.... ആത്മഗതം പറഞ്ഞതാണ്. ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയിട്ട് പോലും രാത്രികൾക്ക്‌ ചൂട് ആണ്. ചില പകൽ നേരങ്ങളിൽ മനസിൻെറ താളം തെറ്റിക്കുന്ന ഓർമകളേക്കാളും ചൂട്. ഓർമകളിൽ ചിലത് കരയിപ്പിക്കുന്നതും ചിലത് ഓർത്തോർത്ത് ചിരിക്കാനും ചിന്തിക്കാനും ഇട നൽകുന്നതുമാണ്. ഓരോ ക്രിസ്മസ് സ്കൂൾ അവധിയും അരിച്ചിറങ്ങുന്ന തണുപ്പിൻെറ മാത്രമല്ല, പാതിരാ നേരത്ത് എപ്പോഴോ സമ്മാന പൊതിയുമായി ക്രിസ്മസ് പാപ്പ വരുമെന്ന് വിശ്വസിച്ച് ഉറങ്ങാതെ 'ഉറങ്ങി' വെളുപ്പിച്ചിരുന്ന കാലം കൂടിയായിരുന്നു. മാനുകൾ വലിക്കുന്ന വണ്ടിയിൽ മഞ്ഞിൽ തെന്നിത്തെന്നി വരുന്ന ക്രിസ്മസ് പാപ്പായോ സമ്മാനങ്ങളോ ഒരിക്കൽ പോലും കിട്ടാത്ത കുട്ടിക്കാലമായിരുന്നു. ക്രിസ്മസ് കേക്ക് മാത്രം എവിടുന്നെങ്കിലും സമയമാകുമ്പോൾ എന്നെ തേടി വന്നിരുന്നു എന്നത് ഓർമകളിൽ മായാതെ നിൽക്കുന്നു.

മണ്ണിൽ മനുഷ്യൻ സ്നേഹത്തിൻെറയും പ്രതീക്ഷയുടെയും പോരാട്ടത്തിൻെറയും സന്ദേശം നൽകി അവതരിച്ച ഒരു ക്രിസ്മസ് കാലം കൂടി കടന്ന് വരുമ്പോൾ നാട് അത്യന്തം ഗുരുതരമായ സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത്. കരുതലും കാവലും ആകേണ്ട ഭരണകൂടം നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം തുടരുന്ന ജനവിഭാഗത്തെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ അതിജീവന സഹന സമരങ്ങൾ ഇക്കാലത്തെ 'കെട്ട' കാഴ്ചയായി മാറ്റപ്പെട്ടിരിക്കുന്നു. കോടമഞ്ഞു പുതഞ്ഞു ശാന്തത നിറയേണ്ട തെരുവോരങ്ങളിലെ അനിശ്ചിതാവസ്ഥക്ക്, ഭയപ്പെടുത്തലിന്, ആൾക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടുത്തലിന് ജനം കണക്കുതീർക്കുന്ന ദിനത്തെ ‘പ്രതീക്ഷ’ എന്നപേരിട്ടു വിളിക്കാം.

തല്ലിയോടിക്കാൻ പാഞ്ഞടുക്കുന്ന പൊലീസുകാർ ഒരു കൈയകലത്തിൽ എത്തിയപ്പോൾ ദേശീയഗാനം ചൊല്ലി അവരെ കൂടി അറ്റൻഷനായി നിർത്തിച്ച് എക്കാലത്തെയും മികച്ച സമരമുറയുമായി യുവജന സമര പോരാളിക്കൂട്ടങ്ങൾ രാജ്യത്ത് നിറഞ്ഞ് നിൽക്കുന്ന കാഴ്ച്ച ഈ ഡിസംബറിലെ സ്നേഹക്കാഴ്ചയാണ്. എത്ര മനോഹരമാണത്.!!! എഴുതാൻ കഴിവുള്ളവർ എഴുതിയും, പറയാൻ കഴിവുള്ളവർ പ്രസംഗിച്ചും, പാടാൻ കഴിവുള്ളവർ പാടിയും, വരക്കാൻ കഴിവുള്ളവർ വരച്ചും, ഏറ്റുപിടിച്ച് ശബ്ദമാവാൻ കഴിവുള്ളവർ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചും ഉയിർത്തെഴുന്നേൽപ്പിൻെറ, സഹനത്തിൻെറ, മാനവികതയുടെ, ഐക്യപ്പെടലിൻെറ കൃത്യമായ സന്ദേശമാണ് ഈ ക്രിസ്മസ്ക്കാലം കാണിച്ചു തരുന്നത്.

മിന്നി മിന്നി എൽ.ഇ.ഡി നക്ഷത്രങ്ങൾ നല്ല ചേലാണ്, രാത്രി ബസിൽ വീട്ടിലേക്ക് പോകുമ്പോൾ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്കു നോക്കിയാൽ കാണാനുള്ളതു മുഴുവൻ നക്ഷത്രങ്ങളാണ്. ഡിസംബറാകുമ്പോൾ ആകാശത്തല്ല, മണ്ണിലാണ് നക്ഷത്രം മുഴുവൻ തിളങ്ങിക്കത്തുന്നത്. ചിലപ്പോ ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളൊക്കെ സ്വയം തിളക്കം കുറച്ച് ഡിസംബറിലെ മണ്ണിനോട്, ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായിരിക്കും. കേക്ക് കൊതി തീരും വരെ കഴിക്കാൻ കിട്ടാത്ത കുട്ടിക്കാലത്തു നിന്ന്​ കേക്ക് ഗിഫ്റ്റ് കൊടുക്കലും മുറിക്കലും തിന്നു മതിയാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തു വാരി തേക്കുന്ന തരത്തിൽ പണത്തെ നമ്മളൊക്കെ ഇന്ന് വല്ലാണ്ട് ചെറുതാക്കി മാറ്റിയിട്ടുണ്ട്.. ആകാശത്തെ അനേകമായിരം നക്ഷത്രങ്ങളിൽ ചിലതെങ്കിലും ഇതൊക്കെ കണ്ട് തങ്ങളുടെ തിളക്കം സ്വയം കുറച്ചതായിരിക്കുമോ?

ഇരുട്ട് നിറഞ്ഞ രാത്രി എത്ര വേഗമാണ് വെളിച്ചത്തിലേക്ക് തെളിഞ്ഞു വരുന്നത്. ബസ് അതിവേഗം ലക്ഷ്യത്തിലേക്കെത്താൻ പരക്കം പായുകയാണ്. വലയം ചെയ്തിരിക്കുന്ന ഓർമകൾ എവിടെയും കൂട്ടിമുട്ടാതെ പരക്കം പാഞ്ഞു നടക്കും പോലെ തോന്നിയപ്പോ കണ്ണുകൾ തുറന്ന് പുറം കാഴ്ചകളിലേക്ക് വീണ്ടും എത്തി. ബസ് ഒരു മാളിന്​ മുന്നിലൂടെ കടന്നു പോവുകയാണ്. അതിന്​ മുന്നിൽ നിറയെ ഓഫറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനബാഹുല്യവും വാഹനങ്ങൾ തിരിക്കുന്നതും മൂലം റോഡ് ബ്ലോക്ക് ആയിട്ടുണ്ട്. കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിട്ടും കാണാൻ കഴിയാത്ത ക്രിസ്മസ് പപ്പയുടെ വേഷം ധരിച്ച ഒരാളുടെ മുന്നിൽ നിന്ന്​ സെൽഫി എടുക്കാൻ കുട്ടികളും രക്ഷിതാക്കളുമെല്ലാം മത്സരിക്കുന്നതാണ് മാളിനു മുന്നിലെ വിശേഷ ദൃശ്യം... പാപ്പാ വേഷം ധരിച്ച ആ മനുഷ്യൻ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും തലയാട്ടിയും അവിടെ കൂടിയവരെ പരമാവധി രസിപ്പിക്കുന്നുണ്ടായിരുന്നു. അവരുടെ സന്തോഷത്തിനായി ഒരു മടുപ്പും പ്രകടിപ്പിക്കാതെ നിന്നു കൊടുക്കുകയാണ് ആ മനുഷ്യൻ.

സഹനത്തിൻെറ കരുത്തു പിറവി കൊണ്ട ദിനത്തെ വരവേൽക്കാൻ ലോകം ഒരുങ്ങവേ വയറ്റിൽ പിഴപ്പിനു വേണ്ടിയാകാം ഒരു പാവപ്പെട്ട മനുഷ്യ ജൻമം തൻെറ ഐഡൻറിറ്റി വ്യക്തമല്ലാത്ത വേഷം കെട്ടിയാടി കൊണ്ടേയിരിക്കുന്നു... പുറമേ കാണാത്ത എത്രയെത്ര വേഷങ്ങളാണ് നാമോരുത്തരും ഓരോ ദിനവും കെട്ടിയാടുന്നത്? അവിടെ ഫോട്ടോക്ക് പോസ് ചെയ്യുന്നവരിൽ ആരെങ്കിലുമൊക്കെ ഒരു 10 രൂപയെങ്കിലും വെച്ച് അയാൾക്ക് കൊടുത്തിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ആരുമൊന്നും കൊടുത്തില്ലെങ്കിലും അയാൾക്കത് ഡ്യൂട്ടിയാണ്, ജീവിത മാർഗമാണ്, തീരും വരെ ആടി കൊണ്ടേ ഇരിക്കാൻ വിധിക്കപ്പെട്ടവരുടെ പ്രതിനിധികളിൽ ഒരാൾ. ഉള്ളിൽ എരിയുന്ന കനൽ പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ടേ ഇരിക്കാൻ നിയോഗമുള്ളവർ. ഒന്നോർത്താൽ അത്ര കുഴപ്പമില്ല, പുള്ളിക്ക് ചിരിക്കാൻ വിധിക്കപ്പെട്ട ഒരു ജോലി ആണല്ലോ ചെയ്യണ്ടത്.. ഡ്യൂട്ടിയിലുടനീളം, തീരും വരെ പുറമേയെങ്കിലും സന്തോഷം നിറയ്ക്കുന്ന ജോലി. ട്രാഫിക് ക്ലിയറായപ്പോൾ ബസ് വീണ്ടും നീങ്ങാൻ തുടങ്ങി.. ‘വൺ സെൽഫി പ്ലീസ്’ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട് കുറെ കുട്ടിക്കൂട്ടങ്ങൾ പുതുതായി ഇടം പിടിച്ച കാഴ്ച മുഴുമിപ്പിക്കും മുമ്പ് ബസ് വളവ് തിരിഞ്ഞ് അടുത്ത നാലുംകൂടിയ കവലയിലെ റെഡ് സിഗ്നലിൽ കുടുങ്ങിയിരുന്നു.

'പച്ച' തെളിയാൻ ഇനിയുമേറെ കാലം വേണ്ടി വരുമോ?? അറിയില്ല , മടുപ്പിക്കുന്ന 'കെട്ട കാല' വാർത്തകൾ എന്ന് തീരുമെന്ന്. ഗ്രീൻ സിഗ്നൽ വീണതും ഒരു ബുള്ളറ്റ് ആണെന്ന് തോന്നുന്നു, ശബ്ദ ഗാംഭീര്യത്തോടെ ബസിനെ ഓവർടേക്ക് ചെയ്‌തു കടന്നു പോയി.. വേഷം കെട്ടലുകൾ ഒന്നൊന്നായി കടന്നു പോകുന്നു.. വീണ്ടും തെളിച്ചം ഇരുട്ടിനു മേൽ കട്ടിയായി പിടിമുറുക്കി തുടങ്ങാൻ തയ്യാറായതിൻെറ സൂചനകൾ ദൃശ്യമായി. ആകാശത്ത്​ ഇന്ന് നേരത്തെ തന്നെ നക്ഷത്രകൂട്ടങ്ങൾ മിന്നി തെളിഞ്ഞത് എന്താണാവോ??. അതിൽ ഒന്ന് എന്നെയാണോ നോക്കിക്കൊണ്ടിരിക്കുന്നത്.. ബസിനു വേഗം കൂടുന്നതിനനുസരിച്ച് കാഴ്ചകളും മങ്ങിത്തുടങ്ങിയ പോലെ...! കടകൾ എല്ലാം അടച്ചതിനാൽ വിശന്ന് വലഞ്ഞ്, പാതിരാ നേരം ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തുമ്പോൾ അവിടെ കണ്ട ഒരു കുഞ്ഞു പഴം, ഉറക്കത്തിനിടയിൽ കണ്ട സുഖമുള്ളൊരു സ്വപ്നം, വീണു പോകുമെന്ന് നിനച്ചിരിക്കവേ നമ്മെ പൊക്കിയെടുത്ത ഒരു കൈ.. അങ്ങനെ നോക്കുമ്പോ ഈ ഡിസംബറും ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടമെങ്കിലും ബാക്കി നിർത്തിയേ നമ്മിൽ നിന്ന്​ അകന്നു പോകൂ...

Tags:    
News Summary - this December with heat of fight and patient -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.