വൈവേ കഴിഞ്ഞ് കോളജിൽ നിന്ന് ഇറങ്ങുമ്പോൾ ഓട്ടോയുമായി ഉപ്പ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. നീണ്ട അഞ്ചു വർഷത്തെ കോളജ് ജീവിതത്തിനൊടുവിൽ എന്നെ യാത്രയാക്കാൻ മഞ്ഞ മന്ദാരം പാദയൊരിക്കിയിരുന്നു. നീണ്ട സലഫി മക്കനയും ഇട്ട ് എൽ ഷെയ്പ്പിലെ ആ വലിയ മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങിയപ്പോൾ വീർത്തുന്തിയ എെൻറ വയറിലേക്ക് ആരൊക്കെയോ ശ്ര ദ്ധിക്കുന്ന പോലെ തോന്നി. ലിൻസ എെൻറ കൈകൾ മുറുകെപ്പിടിച്ചിരുന്നു. ഇതിനു മുമ്പും ഞങ്ങൾ അതുവഴി ഒരുപാട് തവണ നടന ്നിരുന്നു പക്ഷെ അന്നൊന്നും ഇത് ഞങ്ങളുടേത് ആണെന്ന് ഓർത്തിരുന്നില്ല. ഇതെല്ലാം ഒരിക്കൽ ആരുടേതോ ആയിരുന്നു, നാളെ ആ രുടേതോ ആവും... യാത്ര പറഞ്ഞ് പോരുമ്പോൾ ഹൃദയത്തിൽ തുന്നിചേർത്ത ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു കൂടെ.
അമ്മയാവാൻ ഇനി പതിന ഞ്ച് ദിവസം മാത്രം ബാക്കി. അടുത്തുള്ള ഡോക്ടറുടെ വീട്ടിൽ കാണിച്ചിരുന്നു. പരിശോധനക്ക് ശേഷം അടുത്തയാഴ്ച്ച ഹോസ്പി റ്റലിൽ കാണിക്കാൻ പറഞ്ഞു. ഇതിനിടക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ ഹോസ്പിറ്റലിൽ എത്താനും പറഞ്ഞു. എന്നി ട്ട് ഡോക്ടർ ലക്ഷണം പറഞ്ഞു തുടങ്ങി. ആദ്യം ഒരു വേദന വന്നിട്ട് കുറെ നേരത്തേക്ക് വേദന കാണില്ല. ഒരിടവേളക്കുശേഷം വീണ ്ടും ചലനങ്ങളും വേദനയും കാണും. ചിലപ്പോൾ നനവ് അനുഭവപ്പെടുകയും ചെയ്യും. ഞാൻ കുനിഞ്ഞ മുഖത്തോടെ കേട്ടു നിന്നു. ഒ.പിയ ിലെത്താൻ വൈകിയിരുന്നു. പെരുന്നാൾ രാവായതുകൊണ്ട് ചെറിയ ഒരുക്കങ്ങൾ കഴിഞ്ഞിട്ടാണ് എത്തിയത്. അഡ്മിറ്റാക്കുമോ എ ന്ന ആശങ്കയും ഉണ്ടായിരുന്നു മനസിൽ. ഡ്രസ് ഒന്ന് നീക്കി ടേബിളിൽ കയറി കിടക്കാൻ പറഞ്ഞപ്പോൾ എെൻറ മനസ് ആവലാതിപ്പ െട്ടു. ലേഡി ഡോക്ടറാണെങ്കിലും ഗ്ലൗസിട്ടു നിന്ന അവരുടെ കൈകൾ കണ്ട് ഞാൻ മടിച്ചു നിന്നു. ‘‘ഉം, കയറി കിടക്ക് ’’ അക്ഷമയായ അവർക്കു മുന്നിൽ കണ്ണടച്ചു കിടന്നു. ‘‘ഇന്ന് തന്നെ അഡ്മിറ്റായി കൊള്ളൂ’’ ഡോക്ടർ പറഞ്ഞു. പെരുന്നാൾ കഴിഞ്ഞിട്ട് വന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ അവരെന്നെ ഒന്ന് തുറിച്ചു നോക്കി. അല്ലെങ്കിലും ഈ ഡോക്ടർമാർക്ക് എന്തറിയാം, ഒരു ലക്ഷണവും കാണിക്കാത്ത എന്നെ ഇവിടെ പിടിച്ചു കിടത്താൻ.. ഞാൻ മനസ്സിൽ പിറുപിറുത്തു. വാർഡിലെത്തി ഒരു ബെഡ് കിട്ടിയപ്പോൾ മനസിനൊരു സന്തോഷം തോന്നി.
നേരം സന്ധ്യയായി. ഒരു ചെറിയ മയക്കം കഴിഞ്ഞ് നോക്കുമ്പോൾ ബക്കറ്റും തുണികഷ്ണങ്ങളുമായി ഒരമ്മ ലേബർ റൂമിലേക്ക് ഓടുന്നത് കണ്ടു. ചിലർ ഒന്നും മൈൻഡ് ചെയ്യാതെ ഭക്ഷണത്തിൽ മുഴുകിയിരുന്നു. മറ്റ് ചിലർ കഥയും നടത്തവുമായി മുന്നോട്ടു നീങ്ങി. ക്ലീനിങ്ങിനായി ചെല്ലേണ്ടവരുടെ പേരുകൾ അനൗൺസ് ചെയ്യുന്നത് കേട്ടു. ഹാ.. ഞാനുണ്ടല്ലോ.. ക്ലീനിംങ്ങ് കഴിഞ്ഞ് മരുന്നു കുറിക്കാൻ കാത്തു നിന്നപ്പോൾ ഒരു താത്താനെ പരിചയപ്പെട്ടു ‘ആയിശ’. ഭക്ഷണം കഴിച്ച് മരുന്നു കുടിച്ച ശേഷം കിടന്നു. ഉറക്കം വന്നില്ല. എെൻറ വയറിനു മുകളിൽ ഇടക്കിടെ ഒരു കൈ പരതുന്നത് ഞാനറിയുന്നുണ്ടായിരുന്നു, കുഞ്ഞിന് അനക്കമുണ്ടോ ഇല്ലയോ എന്ന ഉമ്മയുടെ പരവേഷം. ആയിശത്താത്ത പറഞ്ഞ ഓരോന്ന് മനസിൽ വന്ന് നിൽക്കുന്ന പോലെ ..മൂന്നാല് വട്ടം എന്തോ പോലെ വയറ്റിൽ നിന്ന് തോന്നി. ഏയ് അതായിരിക്കില്ല ഞാൻ മനസിൽ നിശ്ചയിച്ചു. എങ്കിലും ഉമ്മയെ വിളിച്ചൊന്നു സൂചിപ്പിച്ചു. ഉമ്മ ചാടി പിടഞ്ഞെണീറ്റു, കൂടെ ഇക്കാക്കയുടെ ഉമ്മയും.
ഞാൻ ചോദിച്ചു ‘ഒന്ന് ടോയ്ലറ്റിൽ പോയാലോ’ വീണ്ടും പോയി. നേരം ഒന്നരയോടടുത്തു. എനിക്കു പിന്നിൽ കുത്തി ഒലിക്കുന്ന രക്തത്തെ പിടിച്ചു നിർത്താനായില്ല. പകച്ചു നിന്ന എന്നെ താങ്ങിയെടുത്ത് മെല്ലെ ഡ്രസ് മാറ്റിച്ചു ലേബർ റൂമിലെത്തിച്ചു. അവിടം വിജനമായിരുന്നു. ഒരു ഗർഭിണിയും രണ്ട് നഴ്സ്മാരും മാത്രം. ഉറക്കച്ചടവിൽ നഴ്സ് കാണിച്ചു തന്ന ബെഡിൽ ഞാൻ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ വേദന കുളത്തി വലിക്കുന്ന പോലെ തോന്നി. പറയാനുള്ള ഭയം കാരണം ഞാൻ ദയനീയമായി ചുറ്റുപാടുമൊന്നു നോക്കി. മറുപടി ഒന്നും കിട്ടിയില്ല. അപ്പോഴാണ് തൊട്ടടുത്ത ബെഡിൽ ഒരു സ്ത്രീയെ കൊണ്ടു കിടത്തിയത്, അവരുടെ നഗ്നനതയുടെ അഭംഗി എെൻറ കണ്ണുകളിൽ ആഞ്ഞടിച്ചു ,''ച്ചെ..... "
ഒച്ചപ്പാടുണ്ടാക്കി ഡ്യൂട്ടിയിലുള്ള നഴ്സിനെ ചീത്ത പറയുന്ന വേറെ ഒരു നഴ്സ് വന്നു. ഞാൻ വേദനയടക്കി കണ്ണടച്ചു കിടന്നു. ‘‘ഡോ... നിെൻറ വയറു കഴുകിയില്ലല്ലൊ, വേഗമൊന്നെണീറ്റു വാ’’ അവരുടെ ഇരുണ്ട മുഖം ഇരുട്ടിച്ചു നിന്നു. ഞാൻ നഴ്സിനു പുറകിൽ പതുങ്ങി വേദന തിന്നുനിന്നു. അവരെന്നെ കിടത്തിച്ച അലൂമിനിയം ടേബിളിൽ ഞാൻ ആഞ്ഞടിച്ച് ആർത്തു....വേണ്ടാ..... എെൻറ കൈകൾ കൂട്ടി പിടിച്ച് അവരെന്നോട് ചോദിച്ചു ‘‘ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചില്ലീനോ നീ’’ എനിക്കവരോട് ദേഷ്യവും അറപ്പും തോന്നി. ചോദ്യത്തിനിടയിൽ അവരുടെ പണി കഴിച്ച് അടുത്തുള്ള ഓപ്പൺ ടോയ്ലറ്റ് ചൂണ്ടി കാട്ടി. ‘‘ഉം പോയ്ക്കോ’’. പിന്നീടങ്ങോട്ട് നിയന്ത്രണമില്ലാതെയായി. അവിടുന്ന് എണീക്കാനുള്ള എെൻറ ശേഷി പോലും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആരുടേയോ സഹായത്തോടെ ബെഡിലെത്തിയപ്പോഴേക്കും എല്ലുമുറിയുന്ന വേദന എന്നിലേക്ക് പടർന്നു പിടിച്ചിരുന്നു. വേദന കടിച്ചമർത്താൻ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. നാരിയത്ത് സ്വലാത്ത്, ആയത്തുൽ ഖുർസി, സബു ഹാനള്ളാ.... തക്ബീറിന്റെ സ്വരം കാതിൽ തട്ടി.
റൂം നിറഞ്ഞു കവിഞ്ഞു. വനരോധനങ്ങൾ സിസ്റ്ററിനു സഹിക്കാവുന്നതിലുമപ്പുറമായി തോന്നി. എങ്കിലും വീർത്തുന്തിയ അവരുടെ വയറിെൻറ വേദന മാറാൻ ഞാൻ പ്രാർത്ഥിച്ചു. പിന്നീടാ പ്രാർത്ഥന ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും വേണ്ടിയായി. ലോകത്തിെൻറ വേദന എെൻറ വേദനയായി മാറി. എെൻറ ഉമ്മയുടെ മുഖം മനസിൽ വന്നു. അടക്കിപിടിച്ചതൊക്കെ അട്ടഹാസമായി മാറി. ‘‘ലാ ഇലാഹ ഇല്ലള്ളാ...’’ ഞാനാവർത്തിച്ചുറപ്പിച്ചു, ഇത് മരണമായിരിക്കും. നിലക്കാത്ത വെള്ളം കണ്ണിൽ നിന്നും ചാലിട്ടൊഴുകി. ഒരു മാലാഖ എനിക്ക് മുന്നിൽ വന്നു ‘‘ദാ .. ചുടുവെള്ളം, ഉമ്മ തന്നതാ.. പേടിക്കണ്ടാട്ടോ..’’ ആർത്തിയോടെ വലിച്ചു കുടിച്ചു. വീണ്ടും പ്രാർത്ഥനയിൽ മുഴുകി. സിനിമയിലൊക്കെയുള്ള ലേബർ റൂമിൽ ഗർഭിണിയടെ കാൽ പിടിക്കാനും കൈ പിടിക്കാനും ഒരു പാട് നഴ്സ്മാർ, പോരാത്തതിന് അവരുടെ വേണ്ടപ്പെട്ടവർ ധൈര്യം തരാനും. ഇവിടം മാത്രം ശൂന്യം...
ഒരു ഡോക്ടർ വന്നു, ആദ്യത്തെ ബെഡിൽ കിടക്കുന്ന സ്ത്രീയോട് ദീർഘമായി ശ്വാസം പുറത്തേക്ക് തള്ളാൻ പറഞ്ഞു.'ദേ ഡോക്ടർ, പെട്ടെന്നു വരൂ കുഞ്ഞിെൻറ തല കാണുന്നു, അവസാനത്തെ ബെഡിൽ നിന്നും വിളി വന്നു. അവരെ വേഗം മറ്റൊരു റൂമിലേക്കാക്കി. ദീർഘമായ നിലവിളി ഒറ്റശ്വാസത്തിൽ അവർ അടക്കിയപ്പോൾ ഒരു കുഞ്ഞിെൻറ ശബ്ദം കേട്ടു. വേദന തിന്നുതിർക്കുന്ന എെൻറ അടുക്കലേക്ക് ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. ഇതിനിടയിൽ ഇതിനു മുമ്പ് ഒരുപാടു തവണ ആവർത്തിച്ചു മടുത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് മനസ് ഒന്ന് തിരിഞ്ഞു. ‘ഒരു കുഞ്ഞിെൻറ തലക്ക് എന്ത് വലുപ്പമുണ്ടാവും’, അതെങ്ങനെ പുറത്തേക്ക് വരും, ... ഈ ലോകത്ത് ഒരു പാട് പേർ പ്രസവിച്ചിട്ടുണ്ടാകാം പക്ഷെ എനിക്ക് ?
ഡോക്ടർ എന്നെ ലക്ഷ്യമാക്കി വരുന്ന പോലെ തോന്നി. ‘‘കൊച്ചെ.. ആ കാലു മടക്കി ഉയർത്തി പിടിക്ക്, ഉള്ളൊന്ന് പരിശോധിക്കണം’’ എന്നെ സഹായിക്കാൻ ഞാൻ മനസിൽ പല തവണ അവരോട് പറഞ്ഞു. പക്ഷെ എത്രയും പെട്ടെന്ന് ഈ ഭാരം ഒഴിയേണ്ടത് എൻെറ ആവശ്യമാണ് , ഞാൻ മടക്കാൻ ശ്രമിച്ചു. ആർത്തു കരയാനല്ലാതെ ആ വേദന ശമിപ്പിക്കാൻ വെറെ വഴിയില്ലായിരുന്നു.‘‘പറഞ്ഞാൽ അനുസരിക്കില്ലെ?’’ ഹൊ എന്തൊരു മൂർച്ചയുള്ള ശബ്ദം.. വേദനക്കുള്ള മരുന്നുകൾ അവർ വീണ്ടും വീണ്ടും വെക്കാൻ തുടങ്ങി. വേദനയിൽ എൻെറ അബോധാവസ്ഥ നിലനിന്നു. നിലവിളി കേട്ട് എൻെറ പ്രസവം ഉറപ്പാക്കി നേർച്ചക്കാർക്കു നന്ദി പറയുന്ന ഉമ്മ... ഡ്യൂട്ടി ഡോക്ടർ, വീട്ടിൽ ചെന്നു കാണിക്കുന്ന ഡോക്ടറെ വിളിച്ചു എന്തൊക്കെയോ പിറുപിറുത്തു. എൻെറ കാലിൽ മുള്ളാണി തറച്ചു കയറ്റി അത് തലയിൽ എത്തി നിൽക്കുന്നു. അള്ളാ.. പടച്ചോനേ..... ‘‘ഗർഭപാത്രം വികസിക്കുന്നില്ല ,നമുക്ക് സിസേറിയൻ വേണ്ടി വരും’’ എന്നെ ലക്ഷ്യമാക്കി പറഞ്ഞു. ‘‘പിന്നെന്തിനാ ഡോക്ടറെ ഈ വേദന എന്നെ തീറ്റിക്കുന്നത്’’ ഞാൻ മെല്ലെ കണ്ണു തുടച്ചു കൊണ്ട് ചോദിച്ചു.
അവർ ധരിപ്പിച്ച പച്ച ഗൗണിൽ എൻെറ മുടി ഒരാൾ വന്നു കെട്ടി തന്നു. നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞു. എന്നിട്ടും ഈ നശിച്ച കത്തിരിപ്പ് സഹിക്കാൻ കഴിയുന്നില്ല. കരഞ്ഞു തുടുത്ത കവിളിലേക്ക് ചുവന്ന കണ്ണീർ ഒലിച്ചിറങ്ങി. തീയറ്ററിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കം. എനിക്ക് ആകെ മരണം മണത്തു. മോർച്ചറിയിലേക്ക് കൊണ്ടുപോവുന്ന ഒരു ശവത്തെ പോലെ... വാതിലിനരികിൽ ഇക്കാക്കയും ഉപ്പയും... ‘‘ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ കിടക്കുന്ന പോലെ ഒന്നു വളഞ്ഞു കിടക്കൂ, ഒരു ഇൻജക്ഷൻ വെക്കണം’’ നേരിയ ഓർമ്മയിൽ ഒരു മരവിപ്പ് എന്നിൽ പടർന്നു കയറി.. വേദനകൾ എന്നിൽ നിന്നും അകന്നു.
‘‘എടോ, തനിക്ക് മോനാട്ടോ’’ ഡോക്ടർ എൻെറ കണ്ണിനു മുകളിലെ പഞ്ഞി മാറ്റി കാണിച്ചു തന്നു. ഇതു വരെ ഞാനനുഭവിച്ച വേദനയെല്ലാം ഒരു നിമിഷം കൊണ്ടവൻ മായ്ച്ചു കളഞ്ഞു. ഐ.സി.യുവിലെ തണുപ്പിനോട് എൻെറ ചുണ്ടുകൾ വിറച്ചുകൊണ്ട് ആഹ്ലാദം പ്രകടിപ്പിച്ചു. നെഞ്ചിനു താഴോട്ട് അനക്കാൻ പറ്റുന്നില്ല, വേദനയൊന്നും ഇല്ല, സമാധാനം. അവനെവിടെ? ഞാൻ അന്വോഷിച്ചു. ഒരു റോസ് ടർക്കിയിൽ പച്ചപുള്ളി കുപ്പായവും ഇട്ട് വിടർത്താൻ നോക്കുന്ന കുഞ്ഞി കണ്ണുമായി അവനെ കൊണ്ടുവന്ന് എൻെറ അടുത്ത് കിടത്തി. അവൻെറ ഗന്ധം എനിക്ക് പരിചിതമായ പോലെ തോന്നി. നേരം രാത്രിയാവാനായി. അനസ്തേഷ്യയുടെ മയക്കം കുറയുന്നു, വേദന വന്നു തുടങ്ങി ഒപ്പം വിറയലും പനിയും . ഒന്നനങ്ങാൻ കഴിയുന്നില്ല. എൻെറ വയറ് പിളർന്നു കിടക്കുന്ന പോലെ കഠിനമായ വേദന. ഞാൻ ഉറക്കെ വിളിച്ചു 'സിസ്റ്റർ'... സഹിക്കാൻ കഴിയുന്നില്ല. അവർ ഒരു ഇൻജക്ഷൻ താൽകാലിക ശമനത്തിന് തന്നു.
പിറ്റേന്ന് രാവിലെ വാർഡിലേക്ക് മാറാനായി എഴുന്നേറ്റു. ‘‘മൂത്രക്കുഴൽ എടുത്ത് മൂത്രമൊഴിച്ച ശേഷമേ വാർഡിലേക്ക് മാറ്റുള്ളൂ’’ ഒരു സിസ്റ്റർ ഉറക്കെ വിളിച്ചു പറഞ്ഞു. ഈ ഭൂമി എനിക്ക് ചുറ്റും കറങ്ങുന്ന പോലെ തോന്നി. ഉമ്മ എന്നെ താങ്ങി പിടിച്ചു. കുനിഞ്ഞ ശരീരവുമായി ഓരോ പാദങ്ങളും മുന്നോട്ട് വെച്ചു, പറ്റുന്നില്ല ഉമ്മാ.. ഉമ്മ എൻെറ ചുമൽ താങ്ങി നിർത്തി. ഒരുപാട് നേരത്തിനു ശേഷം ഞാൻ വാർഡിൽ എത്തി. എൻെറ പൊന്നുമോനുമായി ഉമ്മ വന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം... നേരം രാത്രിയായി, ഒരു പാട് താരാട്ടുകൾ കേൾക്കാം, കൂടെ മധുരമുള്ള കരച്ചിലും.... ഏറെ പ്രയാസപ്പെട്ടാണ് കട്ടിലിൽ കിടന്നത്. ഫാനിൻെറ കാറ്റ് എനിക്ക് അലോസരപ്പെട്ടു, മയക്കം വിട്ടപ്പോൾ കൈയ്യിലെ ഇൻജക്ഷൻ റ്റാപ്പുകളും കമ്പിളിയിൽ പൊതിഞ്ഞ ഞാനും വിറയൽ നിർത്താൻ പാടുപ്പെടുന്ന നഴ്സും..ഒന്നനങ്ങാൻ കഴിയുന്നില്ല.
അലറിക്കരയുന്ന മോനെ എൻെറ നെഞ്ചോട് ചേർത്തു. പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. നീണ്ട പതിനേഴു ദിവസങ്ങൾ, എൻെറ ഞരമ്പുകൾക്ക് ബലം നഷ്ടപ്പെട്ടിരിന്നു.. ഇൻജക്ഷൻ വെക്കാൻ വന്ന സിസ്റ്ററിൻെറ കൈ പിടിച്ച് തള്ളിയപ്പോൾ ചിരിച്ചു കൊണ്ട് അവർ ചോദിച്ചു, എത്ര വരെ പിഠിച്ചു ? എം.എ എന്ന് മറുപടി കൊടുത്തപ്പോൾ ഒരാശ്ചര്യത്തോടു കൂടി ഒരു ചോദ്യം കൂടി വന്നു ‘‘ഇത്രേം പഠിച്ചിട്ടാണോ ഇങ്ങനെ കരയുന്നത്’’ സ്റ്റിച്ചെടുത്തെങ്കിലും വേദന കഠിനമായി തോന്നി. വീട്ടിലെത്തി, എൻെറ കുഞ്ഞിൻെറ റോൾ തട്ടിയെടുത്ത കുഞ്ഞായ അവന് ഞാൻ കുശുമ്പോടുകൂടി ഒരു നോട്ടം വെച്ചു കൊടുത്തു. എങ്കിലും 'അൽഹംദുലില്ലാഹ്' എന്നെല്ലാതെ അവൻെറ മുഖം നോക്കി എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. മനസിൽ രണ്ടു മുഖങ്ങൾ തെളിഞ്ഞു വന്നു.. എൻറുമ്മ, ബാപ്പ.. നിങ്ങളുടെ ആഗ്രഹം പോലെ എനിക്ക് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ സന്തോഷവും ആഹ്ലാദവും ഇതാണ്, എൻെറ മകൻ.. മനസ് മന്ത്രിച്ചു കൊണ്ടേയിരുന്നു. എൻെറ അമ്മ മനസ് എൻെറ ഉമ്മയുടെ മുന്നിൽ തൊഴുതു നിന്നു. ഓരോ നിറവയർ കണുമ്പോഴും എൻെറ മനസ് ഒരു നിമിഷം അവർക്കു വേണ്ടി നിറഞ്ഞ പ്രാർത്ഥന നൽകും.
ദിവസങ്ങൾ നീങ്ങുന്നത് വളരെ പെട്ടെന്നാണ്. പതിയെ അരികിൽ കിടന്ന കുഞ്ഞിനെ നോക്കി, നിൻെറ കണ്ണുകളിൽ കാണുന്ന നിഷ്ക്കളങ്കത , ഇറുക്കി ചിമ്മുന്ന പീലികൾ എനിക്ക് നൽകിയ ആനന്ദം.....മോണകാട്ടി നീ ചിരിക്കുമ്പോൾ, ഇങ്കേ... എന്നു പറഞ്ഞ് കരയുമ്പോൾ തെളിയുന്ന നുണക്കുഴികൾ.... എല്ലാം എനിക്ക് ഒരു ആത്ഭുതമാണ്. നിൻെറ കരിവളയിട്ട കുഞ്ഞികൈകൾ എന്തെന്നറിയാതെ എൻെറ വിരലുകൾ പിടിക്കുമ്പോൾ ആ മൊട്ടത്തല പിടിച്ച് ഒരുമ്മ കൊടുക്കും. നീ എത്ര പെട്ടെന്നാണ് എന്നെ മാറ്റി കളഞ്ഞത്, എൻെറ ചിന്തകൾ നിനക്ക് ചുറ്റും മാത്രമായി കഴിഞ്ഞിരിക്കുന്നു. മാത്രമല്ല നീ എനിക്കു നൽകി പുതിയൊരു ജന്മം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.