അമ്മേടെ വീടിന്റെ മുറ്റത്തോട്ടിറങ്ങിയാൽ ആലയോട് ചേർന്ന് വേരുറപ്പിച്ച് കിണറിലേക്ക് എത്തി നോട്ടം എറിഞ്ഞ് നിൽക്കുന്ന ഒരു ഒട്ട്മാവുണ്ട്. അതങ്ങനെ തളിർത്ത് പൂത്ത് കായ്ച്ച് നിൽക്കുന്നത് മേടച്ചൂടിലെ പതിവുള്ള കുളിർ കാഴ്ച്ചയാണ്. ഉച്ചയാകുമ്പോഴേക്കും അടുക്കളയിലെ നീളമുള്ള ബെഞ്ചിൻമേൽ കാലും കയറ്റി വെച്ച് കിണറ്റിലേക്ക് തുറക്കുന്ന ചെറിയ വാതിലിലൂടെ ചക്കര മാങ്ങകൾ കാറ്റിലാടിയുലയുന്നതും ചറപറാന്ന് വീഴുന്നതും നോക്കി ഇരിക്കുന്ന അമ്മമ്മയായിരുന്നു പക്ഷെ കാഴ്ച്ചകളിലേറ്റവും സുന്ദരമായ കാഴ്ച്ച.
ചെറിയ വിഷു അടുപ്പിച്ച് ഒരു വിധം എല്ലാവരും അവിടെയെത്തിയിട്ടുണ്ടെന്നതിനാൽ കണ്ണിയിൽ നിന്നടർന്ന് ആലയുടെ ഷീറ്റിൻമേൽ വീഴുന്ന ഒരോ മാങ്ങയും ഒച്ചവെച്ചത് ഞങ്ങളോരോർത്തരുടേയും നെഞ്ചിനകത്തായിരുന്നു. ആദ്യം ഓടിപ്പെറുക്കുന്നവർ മാങ്ങയുടെ അവകാശിയാകും. (ആദ്യം കണ്ടവർ, അദ്യം ശബ്ദം കേട്ടവർ തുടങ്ങി പലവിധ അവകാശ തർക്കങ്ങളുമുണ്ടാകാറുണ്ട്) പെറുക്കിയെടുത്ത മാങ്ങകളുമായി അമ്മമ്മേടെ മുന്നിലെത്തുന്നതോടെ എല്ലാവരും തുല്ല്യ അവകാശികളാകും.
മുന്നിലെടുത്ത് വെച്ചിട്ടുള്ള വലിയ പാളയിലേക്ക് തോലുകൾ ചെത്തിക്കളഞ്ഞ് തൊട്ടപ്പുറത്തെ പാത്രത്തിലേക്ക് മാങ്ങ പൂണ്ടിട്ടു തരുന്ന അമ്മമ്മയുടെ പുഞ്ചിരിക്ക് മാങ്ങയേക്കാൾ മധുരമുണ്ടായിരുന്നു. മുറിച്ചിട്ട കഷ്ണങ്ങളിലേക്ക് നോക്കി കൊതിയൂറി നില്ക്കുന്ന ഞങ്ങളെ ക്ഷമ പഠിപ്പിക്കാനെന്നോണം പഴങ്കഥകൾ ഒരുപാടുണ്ടായിരുന്നു അമ്മമ്മക്ക് പറയാൻ. പണ്ട് മണ്ണത്തൂരും തറമ്മാളിലുമൊക്കെ കൊട്ടക്കണക്കിന് പഴുപ്പിക്കാൻ കൂട്ടിയിട്ട മാങ്ങകൾക്കിടയിലൂടെ ഊളിയിട്ട് നടന്ന ബാല്യം തൊട്ടിങ്ങോട്ട് അവസാനത്തേതിെൻറ തോലും ചെത്തിക്കളയും വരെയുള്ള മാങ്ങാ കഥകൾ.
ഒടുവിൽ ഞങ്ങൾക്കുള്ളതിലും ഭംഗിയായി ചെത്തി വെച്ച കുറച്ചധികം കഷ്ണങ്ങൾ മറ്റൊരു പാത്രത്തിലേക്കെടുത്ത് വെക്കും. പിന്നെ എല്ലാര്ടേം ശ്രദ്ധ അതിലേക്കാണ്. അത് വല്ല്യച്ഛനുള്ളതാണ്.(അമ്മേടെ അച്ഛൻ). അടുത്ത മത്സരം പൂമുഖത്തിരിക്കുന്ന വല്ല്യച്ഛനിത് കൊടുക്കാൻ വേണ്ടിയുള്ളതാണ്. സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കണ്ട... ഉച്ചകഴിഞ്ഞ നേരമായത് കൊണ്ട് അടുക്കളയിൽ നിന്നും പൂമുഖത്തേക്കുള്ള വഴിയിലത്രയും നമ്മൾ തനിച്ചായിരിക്കും... നാലോ അഞ്ചോ കഷ്ണം സുഖമായിട്ടകത്താക്കാം. തീർന്നില്ല! സ്നേഹം കൊണ്ടോ കൊതി തട്ടാതിരിക്കാനോ എന്തോ! വല്ല്യച്ഛനും തരും മൂന്ന് നാല് കഷ്ണം.
ക്ലാസ്സ് തുടങ്ങാൻ ആകുമ്പോഴേ തിരിച്ച് വരുമെങ്കിലും ഇടക്കൊന്ന് അച്ഛമ്മേനേം കാണണം. അങ്ങനെ വരുന്ന വരവുകളിൽ അമ്മമ്മ കൊടുത്ത് വിട്ട മാങ്ങകൾ കടിച്ചൂമ്പി പറമ്പിലിട്ടതാണ്. അന്ന് വലിച്ചെറിഞ്ഞ ഏതോ ഒരെണ്ണം വടക്ക് ഭാഗത്ത് വിറക് പുരയുടെ പിന്നിലായി വളർന്നങ്ങ് പന്തലിച്ചിട്ടുണ്ട്. ഇന്നിപ്പം അച്ഛെൻറ കൂടെ ആ മാങ്ങകൾ ഒടിച്ച് വെക്കുമ്പോഴും കൂട്ടത്തിൽ പഴുത്ത് വീണ രണ്ടെണ്ണം അമ്മ ചെത്തി തന്നപ്പോഴും വാവേടെ ഫോൺ പാടിക്കൊണ്ടിരുന്നു... "ഓർമ്മകളോടികളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ... മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ..."
ഈ ഒട്ടുമാങ്ങകൾക്കത്രയും അമ്മമ്മേടെ മണമുള്ള പോലെ...നാവിൽ വെച്ച ഓരോ കഷ്ണത്തിനും ആ സ്നേഹത്തിെൻറ രുചിയുള്ള പോലെ...രുചിച്ച് കൊതി തീരും മുന്നേ കടന്ന് പോകുന്നു ഓരോ മാമ്പഴക്കാലങ്ങളുമെന്ന പോലെ
സ്നേഹിച്ച് കൊതി തീരും മുന്നേ മാഞ്ഞ് പോയി ഞങ്ങടെ ജീവചൈതന്യവും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.