മലയാളത്തിെൻറ പ്രിയ കഥാകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനും അദ്ദേഹവും തമ്മിൽ രണ്ടു വയസ്സിനു വ്യത്യാസമേയുള്ളൂ.
കഴിഞ്ഞ 45 വർഷങ്ങളായി ഞങ്ങൾ അടുത്ത സൗഹൃദം പുലർത്തിവരുന്നു. എഴുപതുകളിൽ ഞാൻ വടകരയിൽ ജോലിചെയ്യുമ്പോൾ അദ്ദേഹം അലീഗഢിൽ മെഡിക്കൽ കോളജിൽ പഠിക്കുകയായിരുന്നു. അദ്ദേഹം അവധിക്കു വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. പ്രായഭേദമന്യേ എല്ലാവരോടും എളുപ്പം അടുക്കുന്ന പ്രകൃതം. മറ്റാരോടുമില്ലാത്തതുപോലെ ഒരു ‘എടാ- പോടാ’ ബന്ധമായിരുന്നു ഞങ്ങളുടേത്. ആ കാന്തികവൈഭവം ഏറെ അസൂയയോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. ഒരു കാപട്യവുമില്ലാത്ത രീതിയായിരുന്നു വ്യക്തിജീവിതത്തിലും എഴുത്തിലും. ‘കന്യാവനങ്ങൾ’ എന്ന കൃതിയുമായി ബന്ധപ്പെട്ട് അദ്ദേഹം അനാവശ്യ വിവാദങ്ങളിൽ പെട്ടിരുന്നു.
അക്കാലത്ത് സക്കറിയയും ഞാനും മുകുന്ദനുമായിരുന്നു അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്നത്. നല്ലൊരു കഥ പറച്ചിലുകാരനായിരുന്നു കുഞ്ഞബ്ദുള്ള. ആധുനികതയുടെ കാലത്തും പുതിയ ചിന്തകൾ സ്വാംശീകരിച്ച അസാമാന്യ കഴിവുള്ള കഥാകാരൻ.
വടകരയുടെ ചുറ്റുവട്ടത്തിൽ സാധാരണക്കാരെൻറ ജീവിതം പകർത്തുകയും അസ്തിത്വവാദത്തിനു പിന്നാലെ പോകാതെ താളബോധത്തോടെ രചനകൾ നടത്തുകയും ചെയ്ത പ്രതിഭാധനനായ കഥാകാരനാണ് അബ്ദുള്ള. സ്വന്തം തട്ടകത്തിൽനിന്ന് ഊർജം പകർന്നായിരുന്നു അദ്ദേഹം തെൻറ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത്. ആടയാഭരണങ്ങളോടെയുള്ള ഭാഷ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ‘മരുന്നി’നു ശേഷം കാര്യമായൊന്നും ചെയ്യാൻ അദ്ദേഹത്തിന്ന് സാധിച്ചില്ല. ഇനിയും ഏറെ ചെയ്യാൻ കഴിയുമായിരുന്ന അദ്ദേഹം അകാലത്തിലാണ് പോയതെന്ന സങ്കടമാണ്.
വ്യക്തിജീവിതത്തിലും എഴുത്തിലും അദ്ദേഹം അരാജകത്വം കാണിച്ചു. രചനാപരമായും രാഷ്്ട്രീയമായും ചാനലുകൾ അദ്ദേഹത്തോട് പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കാറുണ്ടെങ്കിലും അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്താറില്ല. സ്വന്തം ജീവിതത്തിെൻറ താളംതെറ്റലിനിടെ, ഒരു ഡോക്ടറായിരുന്നിട്ടും തെൻറ ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടിക്കാണാനും വേണ്ട പ്രതിവിധികളെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വേദനയോടെ ഒാർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.