അധ്യാപകരെക്കുറിച്ചുള്ള വാർത്തകളാണ് ചുറ്റിനും. ചെന്നൈ െഎ.െഎ.ടിയിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു മലയാളി പെൺകുട്ടിയുടെ സ്വയംഹത്യക്ക് കാരണക്കാരൻ ഒരു അധ്യാപകനാണ് എന്ന ആരോപണം, വയനാട്ടിലെ സർക്കാർ സ്കൂളിൽ ഒരു കുഞ്ഞുമോൾക്ക് പാമ്പുകടിയേറ്റിട്ട് ആശുപത്രിയിൽ കൊണ്ടുപോകുവാൻ അധ്യാപകൻ ഉപേക്ഷ കാണിച്ചുവെന്ന് വിദ്യാർഥികൾ.. ഇൗ വാർത്തകൾക്ക് പിന്നാലെ പല കോണുകളിൽ നിന്നുള്ള വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപകരിൽ നിന്നുള്ള കൈപ്പേറിയ ഒാർമകൾ കടന്നൽ കൂട് ഇളകിയതു പോലെ തുറന്നുവിടുന്നു.
ശാരീരിക പീഡനം മുതൽ ജാതി അധിക്ഷേപം വരെ നടത്തുന്ന ഇൗ മനുഷ്യരുടെ കൈകളിൽ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമോ എന്ന് ചോദിക്കുന്നു. ആ ആശങ്ക തള്ളിക്കളയാനാവില്ല. ആ വിദ്യാർഥികളുടെ അനുഭവങ്ങളെ നിഷേധിക്കാനുമാവില്ല. എന്നാൽ അധ്യാപക സമൂഹം മുഴുവൻ ഇത്തരത്തിലാണെന്ന് അടച്ചു മുദ്രകുത്തുന്നത് തികഞ്ഞ അനീതിയായി പോകും എന്ന് പറയാെത വയ്യ. കയ്പേറിയ അനുഭവങ്ങൾ ചിലർ പങ്കുവെക്കുന്നതു പോലെ അധ്യാപകർ എന്നോർക്കുേമ്പാൾ സുഗന്ധവും മധുരവുമുള്ള ഒാർമകൾ ഒഴുകി പരക്കുന്ന ഒരു പഴയകാല വിദ്യാർഥി എന്ന വിലാസത്തിലാണ് ഇതു പറയുന്നത്.
ഞങ്ങളുടെ ഉമ്മയുടെ തറവാട് വീടിനു സമീപം ഒരു എൽ.പി സ്കൂൾ ഉണ്ടായിരുന്നു. തിരൂർ മംഗലം കൈമലശ്ശേരി എൽ.പി. സ്കൂൾ. അയൽപക്കത്തുള്ള രണ്ട് വീട്ടുകാർ വെള്ളമെടുത്തിരുന്നത് സ്കൂളിനടുത്തുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്നാണ്. പെെട്ടന്നൊരു ദിവസം ഒരു നിലവിളി കേട്ടു ‘മാസ്റ്റേ, കുട്ടി കിണറ്റിൽ വീണിരിക്ക്ണൂ....
കുഞ്ഞുങ്ങളുടെ അലറിവിളി കേട്ടയുടനെ എന്നും തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച്, ശരീരത്തിലും സ്വഭാവത്തിലും അഴുക്കു പറ്റാതെ സൂക്ഷിച്ചു നടക്കുന്ന പ്രകൃതക്കാരനായ ഹെഡ്മാറ്റർ സ്കുളിൽ നിന്ന് ഒാടി വന്നു, ചുറ്റും കൂടി കാഴ്ചക്കാരായി നിൽക്കുന്നവരെ വകഞ്ഞുമാറ്റി കിണറ്റിേലക്ക് ഒറ്റ ചാട്ടം.
ആദ്യ മുങ്ങലിൽ തന്നെ വീണ കുഞ്ഞിനെ കൈയിൽ കോരിയെടുത്തു മാസ്റ്റർ. അയൽവാസികളെല്ലാം ഉൽസാഹിച്ച് ഇരുവരെയും കിണറിനു പുറത്തെത്തിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ കുഞ്ഞ് ഇപ്പോഴും ആ സംഭവം ഒാർക്കുന്നുണ്ടാവും.
ചിലപ്പോൾ ആ പ്രായമുള്ള പേരക്കുഞ്ഞുണ്ടാവും അവർക്കിപ്പോൾ. ഇൗ സംഭവത്തെക്കുറിച്ച് പിന്നീടൊരിക്കൽ പള്ളിപറമ്പിൽ അബു മാസ്റ്റർ എന്ന ഞങ്ങളുടെ അമ്മാവൻ കൂടിയായ ആ അധ്യാപകനോടു തന്നെ ചോദിച്ചു -എങ്ങിനെയാണാ കിണറ്റിലേക്ക് എടുത്തു ചാടാൻ ധൈര്യം വന്നത്? എന്ന്. ഹെഡ്മാസ്റ്റർ പറഞ്ഞ മറുപടി -ഞാൻ സ്കൂളിൽ ഉണ്ടായിരിക്കെ ഒരു കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അധ്യാപകൻ എന്നവകാശപ്പെടാൻ എനിക്ക് എന്തർഹത എന്നായിരുന്നു.
സത്യത്തിൽ ആ സ്കൂളിലെ വിദ്യാർഥി പോലുമായിരുന്നില്ല വീണത്. സ്കൂളിൽ ചേർത്തിട്ടില്ലാത്ത ഒരു മൂന്നു വയസുള്ള കുഞ്ഞായിരുന്നു. വീട്ടുകാർ മറ്റു ജോലിത്തിരക്കുകളിൽ മുഴുകിയ നേരം ‘ബേബീസ് ഡേ ഒൗട്ടി’ന് ഇറങ്ങിയതായിരുന്നു കുഞ്ഞൻ. സ്വന്തം ജീവനെക്കാൾ കുഞ്ഞുങ്ങളുടെ ജീവന് പ്രാധാന്യം കൽപ്പിച്ച, സ്വന്തം മക്കളോടെന്ന പോലെ വർത്തിച്ച പതിനായിരക്കണക്കിന് അധ്യാപകർ പകർന്നു തന്ന വെളിച്ചമാണ് നമ്മുടെ നാടിനെ നയിച്ചു കൊണ്ടിരിക്കുന്നത്. ആ പ്രകാശം കെട്ടുപോകാതെ കാക്കേണ്ടത് അധ്യാപകരുടെ മാത്രമല്ല ഒാരോ പൗരെൻറയും മൗലിക ബാധ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.