സർഗജീവിതത്തിന് ജോലി തടസമോ?

എഴുത്തുജീവിതത്തെക്കുറിച്ച് സാഹിത്യകാരന്മാര്‍ എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ വായനക്കാര്‍ എക്കാലത്തും കൗതുകം കാണിച്ചിട്ടുണ്ട്. അനുഭവങ്ങളും ഭാവനകളും സൃഷ്ടികളായി രൂപപ്പെടുന്നതിന്‍റെ രാസപ്രക്രിയകളും എഴുത്തിന്‍െറ രഹസ്യങ്ങളുമെല്ലാം അറിയാനുള്ള ആകാംക്ഷതന്നെയാണ് അതിനുപിറകില്‍. എഴുത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും എഴുത്തിനോടുള്ള അഭിനിവേശത്തെക്കുറിച്ചും എഴുത്തിന്‍െറ രീതികളെക്കുറിച്ചുമെല്ലാം ചിലര്‍ എഴുതാറുണ്ട്. ഇംഗ്ളീഷില്‍ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍തന്നെയുണ്ട്. മലയാളത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ‘കാഥികന്‍െറ പണിപ്പുര’, ‘കാഥികന്‍റെ കല’ എന്നീ രണ്ട് പുസ്തകങ്ങള്‍ എഴുത്തുകാര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്.

പ്രശസ്തരായ എഴുത്തുകാരുടെ സ്വഭാവവിശേഷങ്ങളും അവര്‍ എഴുതുമ്പോള്‍ പ്രകടിപ്പിക്കുന്ന പ്രത്യേകതകളുമൊക്കെ സാഹിത്യലോകത്ത് ചര്‍ച്ചയാവാറുണ്ട്. ചിലര്‍ രാത്രിമുഴുവന്‍ ഉറക്കമിളച്ചിരുന്ന് എഴുതുമ്പോള്‍ മറ്റുചിലര്‍ യാത്രകള്‍ക്കിടയിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലുമെല്ലാമിരുന്നാണ് രചനകള്‍ നടത്തുന്നത്. ഒരുകൂട്ടര്‍ തൊഴില്‍രംഗത്തെ അനുഭവങ്ങള്‍ അവരുടെ സൃഷ്ടികള്‍ക്ക് വളമാക്കുമ്പോള്‍ മറ്റൊരുവിഭാഗം എഴുത്തിനുവേണ്ടി ജോലി ഉപേക്ഷിക്കുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി.വി. ബാലകൃഷ്ണന്‍,വൈശാഖന്‍, കെ.പി.രാമനുണ്ണി, ജി.മധുസൂദനന്‍, റഫീക്ക് അഹമ്മദ്, കാര്‍ട്ടൂണിസ്റ്റ് വേണു തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ച മലയാളത്തിലെ സര്‍ഗധനരാണ്.
ഈ അടുത്തകാലത്തായി മലയാളത്തിലെ മൂന്ന് എഴുത്തുകാര്‍കൂടി തങ്ങളുടെ ഒൗദ്യോഗിക ജീവിതം വഴിയിലുപേക്ഷിച്ചതായ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ടി.ഡി. രാമകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി.പി. രാമചന്ദ്രന്‍ എന്നിവരാണ് ഒൗദ്യോഗിക ജീവിതം സ്വയം അവസാനിപ്പിക്കുന്നത്. ഇതില്‍ അധ്യാപകരായ പി.സുരേന്ദ്രനും പി.പി. രാമചന്ദ്രനും ജോലിയുടെ വിരസതകളെക്കുറിച്ചും തൊഴിലിനോട് നീതിപുലര്‍ത്താന്‍ കഴിയാത്തതിലുള്ള അസ്വസ്ഥതകളെക്കുറിച്ചും ഖേദിക്കുമ്പോള്‍  ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ ആരോഗ്യപ്രശ്നങ്ങളും ജോലിചെയ്തുകൊണ്ട് എഴുതാനുള്ള ചെറിയ അസ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്.

പിരിയുന്നത് സർഗജീവതം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ

ടി.ഡി. രാമകൃഷ്ണൻ
 

ഒരുവര്‍ഷം മുമ്പ് പിറ്റ്യൂറ്ററി ഗ്രന്ഥിയുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്നമാണ് ടി.ഡി. രാമകൃഷ്ണനെ ജോലിയില്‍നിന്ന് സ്വയം വിരമിക്കാനുള്ള തീരുമാനത്തിലേക്ക് തള്ളിവിട്ടത്. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശസ്ത്രക്രിയയിലൂടെ രോഗകാരിയായ ‘ശത്രു’വിനെ പുറത്താക്കിയെങ്കിലും തുടര്‍ചികിത്സയുടെ ഭാഗമായി ഭക്ഷണം, ഉറക്കം, കൃത്യമായ മരുന്നുകഴിക്കല്‍ എന്നിവ ആവശ്യമായിവന്നു. ഇത്തരം നിബന്ധനകളും ജോലിയുടെ സ്വഭാവവും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാത്തതാണ് കാരണമെങ്കിലും ഒൗദ്യോഗികജീവിതം തന്‍െറ എഴുത്തിനെ പരിപോഷിപ്പിച്ചതോടൊപ്പം വരിഞ്ഞുമുറുക്കിയ ചില അനുഭവങ്ങളും ഇദ്ദേഹത്തിന് പറയാനുണ്ട്; കൂടെ തുടര്‍ന്നുള്ള സര്‍ഗജീവിതത്തെക്കുറിച്ച് ചില സ്വപ്നങ്ങളും.

1981 ഡിസംബര്‍ ഏഴിന് ദക്ഷിണ റെയില്‍വേ സേലം സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ടിക്കറ്റ് പരിശോധകനായി തന്‍െറ തൊഴില്‍ജീവിതം ആരംഭിച്ച രാമകൃഷ്ണ്‍ പാലക്കാട് റെയില്‍വേ ഡിവിഷനില്‍  ചീഫ് കണ്‍ട്രോളറായിരിക്കെയാണ്  34 വര്‍ഷത്തെ സേവനം സ്വയം അവസാനിപ്പിക്കുന്നത്. റെയില്‍വേയില്‍ വിരമിക്കല്‍പ്രായം 60 ആയതിനാല്‍ ഇനി അഞ്ചു വര്‍ഷം ബാക്കികിടക്കെയാണ് ഇദ്ദേഹം ഗൃഹസ്ഥാശ്രമത്തിലേക്ക് ചുവടുമാറുന്നത്.
റെയില്‍വേ സ്പോര്‍ട്സ് താരങ്ങളോടുള്ള പരിഗണന ഒരിക്കലും എഴുത്തുകാരോട് കാണിക്കാറില്ളെന്ന് സൂചിപ്പിക്കുന്ന രാമകൃഷ്ണന്‍ തന്‍െറ ജോലിയുടെ സ്വഭാവവും പ്രത്യേകതകളും എഴുത്തിന് വിഘാതമായിട്ടുണ്ടെന്ന് പറയുന്നു. സ്വന്തം പേരില്‍ എഴുതാന്‍പോലും റെയില്‍വേയില്‍ നിയന്ത്രണങ്ങളുണ്ട്. ഇതുകാരണമാണ് മലയാളത്തിന് നിരവധി റെയില്‍വേകഥകള്‍ സമ്മാനിച്ച എം.കെ. ഗോപിനാഥന്‍ നായര്‍ പേരുമാറ്റി വൈശാഖന്‍ എന്നപേരില്‍ എഴുതാന്‍ തുടങ്ങിയത്. 1984ല്‍ വൈശാഖനെ സ്വയം വിരമിക്കാന്‍  പ്രേരിപ്പിച്ചതും ഇത്തരം അസ്വാതന്ത്ര്യങ്ങള്‍ തന്നെയാണ്.
ജോലിസമയത്തും ജോലികഴിഞ്ഞാലും മനസ്സിന് സംഘര്‍ഷമുണ്ടാക്കുന്ന കസേരയാണ് റെയില്‍വേ ചീഫ് കണ്‍ട്രോളറുടേത്. ദിവസത്തില്‍ 24 മണിക്കൂറും ഉത്തരവാദിത്തത്തിന്‍െറ ചുവന്ന സിഗ്നല്‍ കത്തിക്കിടക്കുന്ന പദവി. ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ പാളംതെറ്റാതെ നോക്കണം. തന്‍െറ കീഴിലെ നൂറുകണക്കിന് ജീവനക്കാരില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന ഒരു ചെറിയ പിഴവിനുപോലും ഉത്തരംപറയേണ്ട അവസ്ഥ. ഇത്  സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദം പലപ്പോഴും എഴുത്തിനെ പിറകോട്ട് നയിച്ചിട്ടുണ്ട്. അതുപോലത്തെന്നെ, ഒഴിവാക്കാനാവാത്ത രാത്രിഷിഫ്റ്റുകളും മനസ്സിന്‍െറ ഊര്‍ജത്തെ ചോര്‍ത്തുന്നവയായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജോലി എഴുത്തിനോട് പിണക്കം കാണിച്ചിരുന്നു. എങ്കിലും, ഒൗദ്യോഗിക ജീവിതത്തിനിടയിലെ അനുഭവങ്ങള്‍ തന്‍െറ എഴുത്തിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ചെന്നൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളോടൊപ്പംതന്നെ ഒഡിഷയിലെയും ഝാര്‍ഖണ്ഡിലെയും ചത്തീസ്ഗഡിലെയും ഗ്രാമങ്ങളില്‍ വരെ സഞ്ചരിക്കാന്‍ ജോലി സഹായിച്ചിട്ടുണ്ട്.

സത്യത്തില്‍ സമൂഹത്തിന്‍െറ എല്ലാ തുറകളിലുമുള്ളവര്‍ യാത്രക്കാരായും സഹപ്രവര്‍ത്തകരായും റെയില്‍വേയില്‍ എത്തിപ്പെടുന്നുണ്ട്. അത്രയും വലിയ സംവിധാനമാണത്. അധികാരത്തിന്‍െറ ചില വിചിത്രരീതികളും അവ സൃഷ്ടിക്കുന്ന സാധാരണക്കാരുടെ കഷ്ടപ്പാടുകളും ഞാന്‍ കണ്ടത് ജോലിക്കിടയിലാണ്. ഇവയെല്ലാം സര്‍ഗപ്രക്രിയക്കുള്ള മെറ്റീരിയലുകളായിത്തീര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിഷ്ടജീവിതം തൃശൂര്‍ കേച്ചേരിക്കു സമീപം ജന്മഗ്രാമമായ എയ്യാലിലെ ‘സൂര്യകാന്തി’യില്‍ എഴുത്തും വായനയുമായി മുന്നോട്ടുപോകാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്്.സ്വാതന്ത്ര്യസമരത്തിനിടെ അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചും ആഫ്രിക്കയില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിനായി കപ്പല്‍കയറി ജീവിതം ദുരന്തമായിത്തീര്‍ന്ന ഇന്ത്യക്കാരെക്കുറിച്ചുമെല്ലാം എഴുതണമെന്നാണ് മോഹങ്ങള്‍. അതേസമയം, ഇഷ്ടംപോലെ സമയം ലഭിച്ചാല്‍ നന്നായി എഴുതാമെന്ന വ്യാമോഹമൊന്നും തനിക്കില്ളെന്നും പറഞ്ഞ രാമകൃഷ്ണന്‍ പണ്ട് ഡല്‍ഹിയില്‍വെച്ച് എഴുത്തുകാരനായ ആനന്ദുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്തു.

സംസാരത്തിനിടെ, എഴുതുവാന്‍വേണ്ടി ഒരുമാസത്തെ ലീവ് എടുക്കുന്ന കാര്യം ആനന്ദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും പറയാതെ വെറുതെ ചിരിക്കുകമാത്രം ചെയ്തു. പിന്നീട് പറഞ്ഞുവത്രെ ‘ലീവ് എടുത്തുനോക്കൂ... ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ’ എന്ന്! അത്തരം അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒന്നുമെഴുതാത്ത ഒഴിവുദിവസങ്ങളും അതേസമയം രാവിലെ ഏഴുമണിവരെ ഉറക്കമൊഴിച്ച് ജോലിചെയ്തശേഷം ഒരു ചായമാത്രം കുടിച്ച് നോവലിന്‍റെ രണ്ടും മൂന്നും അധ്യായങ്ങള്‍ എഴുതിയ ദിവസങ്ങളും ധാരാളമുണ്ട്. ഇങ്ങനെയെഴുതിയതാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’. അതുപോലത്തെന്നെ ട്രെയിന്‍ കാത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നപ്പോള്‍ എഴുതിത്തീര്‍ത്തതാണ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവല്‍.

ജോലിയോട് ആത്മാർഥത പുലർത്താനാവുന്നില്ല

പി.സുരേന്ദ്രൻ
 

പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിള്‍ അധ്യാപകനായിരുന്ന, നോവലിസ്റ്റും ചിത്രകലാ നിരൂപകനുമായ പി.സുരേന്ദ്രന്‍ തന്‍െറ 32 വര്‍ഷം നീണ്ട അധ്യാപനജീവിതം സൃഷ്ടിച്ച മടുപ്പ് ഒട്ടും മറച്ചുവെക്കാതെയാണ് സംസാരിക്കാന്‍ തുടങ്ങിയത്. വിരമിക്കാന്‍ രണ്ടുവര്‍ഷം കൂടിയുള്ളപ്പോഴാണ് അദ്ദേഹം സ്വയം വിരമിച്ചത്. 2015 ഡിസംബര്‍ 31ന് ഏഴാം ക്ളാസിലെ തന്‍െറ കുട്ടികള്‍ക്ക് സാമൂഹികശാസ്ത്രപാഠങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സ്കൂളിന്‍റെ പടിയിറങ്ങി; യാത്രയയപ്പ് യോഗങ്ങള്‍ക്കോ ഒൗപചാരിക ചടങ്ങുകള്‍ക്കോ നിന്നുകൊടുക്കാതെ. ഒരു വ്യക്തി 25 വര്‍ഷത്തില്‍ കൂടുതല്‍ ഒരു തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കരുത് എന്നാണ് ഈ എഴുത്തുകാരന്‍െറ നിലപാട്. വിരമിക്കലിന് പ്രായമല്ല പരിഗണിക്കേണ്ടത്് മറിച്ച് ജോലിചെയ്ത കാലയളവാണ്. കാല്‍നൂറ്റാണ്ടില്‍ കൂടുതല്‍ ഒരേതരത്തിലുള്ള ജോലി വിരസതയുണ്ടാക്കുകതന്നെ ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.

ഒരധ്യാപകനായിത്തീരണം എന്ന് ഒരിക്കലും മോഹിച്ചിട്ടില്ല. എഴുത്തുകാരനാവാനായിരുന്നു ആഗ്രഹം. എന്നാല്‍ എഴുതി ജീവിക്കാന്‍ കഴിയുന്ന ഒരു ചുറ്റുപാട് ഇന്നും നമ്മുടെ നാട്ടിലില്ല. അതുകൊണ്ടാണ് അധ്യാപകവൃത്തി സ്വീകരിച്ചത്. പടിഞ്ഞാറന്‍ നാടുകളിലെല്ലാം എഴുത്തുകാര്‍ക്ക് എഴുത്തുകൊണ്ട് മാത്രം ജീവിക്കാന്‍ കഴിയുന്നുണ്ട്. ചെയ്തുകൊണ്ടിരുന്ന ജോലിയോട് ഉദ്ദേശിച്ചപോലെ ആത്മാര്‍ഥതപുലര്‍ത്താന്‍ പലപ്പോഴും കഴിഞ്ഞില്ല. പഠിപ്പിക്കല്‍ മാത്രമല്ല ഒരധ്യാപകന്‍െറ ചുമതല. നിലവിലുള്ള ചുറ്റുപാടില്‍ ഒരു മികച്ച അധ്യാപകനാവാനായില്ല. അതുകൊണ്ടുതന്നെ ഉള്ളിന്‍െറയുള്ളില്‍ തൊഴില്‍ജീവിതം ആസ്വദിക്കാനായിട്ടില്ല. സംതൃപ്തി അഭിനയിച്ചുകൊണ്ട് ജീവിക്കാന്‍ ഇഷ്ടവുമല്ല. ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് തിരക്ക് കൂടിവരികയും ജോലി മുഷിപ്പനായിതോന്നുകയും ചെയ്തപ്പോഴാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. നേരത്തേതന്നെ തീരുമാനമെടുത്തെങ്കിലും പലകാരണങ്ങളാല്‍ നീണ്ടുപോയി.

ഇനിയുള്ളകാലം വിശ്രമജീവിതം എന്നനിലക്കല്ല ജോലി ഉപേക്ഷിച്ചത്. വിരമിച്ചശേഷം ജനുവരിയില്‍ ഒരു ദിവസം പോലും വീട്ടിലിരുന്നിട്ടില്ല. പൊതുപ്രവര്‍ത്തനവും പ്രഭാഷണങ്ങളുമായി സജീവമായി തുടരുകയാണ്്. ജോലിയുടെ ഭാരം ഇറക്കിവെച്ച് കുറച്ച് യാത്രകള്‍ നടത്തണമെന്നാണ് മോഹം. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള വലിയൊരു പദ്ധതി മനസ്സിലുണ്ട്.  ഈമാസം തന്നെ സൗദിയിലേക്ക് ഒരു യാത്രപോകുന്നുണ്ട്. വളരെ വിശദമായും സാവകാശത്തിലും സൗദിയെ തെട്ടറിയണമെന്നാണ് കരുതുന്നത്. യാത്രകളിലെ അനുഭവങ്ങളും കാഴ്ചകളും വ്യത്യസ്തമായ രീതിയില്‍ എഴുതാനും ഉദ്ദേശിക്കുന്നുണ്ട്. ‘അകം’ മാസികയില്‍ ചില ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച ‘യാദേവി’ എന്ന ചെറുനോവല്‍ പൂര്‍ത്തിയാക്കുക, ‘ജിനശലഭങ്ങളുടെ വീട്’ എന്ന മറ്റൊരു നോവല്‍ എന്നിവയാണ് എഴുത്ത് മേശയില്‍ ഇപ്പോഴുള്ള നിയോഗങ്ങള്‍.
ഇപ്പോള്‍ രണ്ട് പുസ്തകങ്ങള്‍ ഇംഗ്ളീഷില്‍ ഇറങ്ങിയിട്ടുണ്ട്. മലയാളികളല്ലാത്തവരും വിദേശങ്ങളിലുമുള്ള  എഴുത്തുകാരുമായും വായനക്കാരുമായും സംവദിക്കാനും ബന്ധപ്പെടാനും ഇംഗ്ളീഷ് സൃഷ്ടികള്‍ സഹായിക്കുന്നുണ്ട്. ഇപ്പോള്‍തന്നെ ഫേസ് ബുക്കില്‍ ധാരാളം ലിറ്റററി ഗ്രൂപ്പുകളുണ്ട്. ഉഗാണ്ടയിലും മറ്റും ബ്ളാക് ലിറ്റററി ഗ്രൂപ്പുകളും പോയറ്റ് ഗ്രൂപ്പുകളും സജീവമാണ്. ഓണ്‍ലൈനില്‍ ചില പരിഭാഷകള്‍ ചെയ്യണമെന്നുണ്ട്. ‘പ്രിന്‍റ് ഓണ്‍ ഡിമാന്‍ഡ്’ എന്ന സംവിധാനമൊക്കെ എഴുത്തുകാരന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുണ്ട്.  

ഇനിയുള്ള ജീവിതം കൂടുതൽ പരിശ്രമിക്കാൻ

പി.പി. രാമചന്ദ്രൻ
 

വിശ്രമിക്കാന്‍ വേണ്ടിയല്ല കൂടുതല്‍ പരിശ്രമിക്കാന്‍വേണ്ടിയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് മലയാളത്തിലെ പ്രശസ്ത കവിയും ബ്ളോഗറും അധ്യാപകനുമായ പി.പി.രാമചന്ദ്രന്‍െറ പക്ഷം. പൊന്നാനി എ.വി.ഹൈസ്കൂളില്‍ അധ്യാപകനായ ഇദ്ദേഹം സ്വയം വിരമിക്കലിന് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ചുവപ്പുനാടയുടെ കുരുക്കുകള്‍ അഴിഞ്ഞാല്‍ 2016 മേയ് 31ന് അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാലയത്തോട് വിടപറയും. വിരമിക്കാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ജോലിയുപേക്ഷിക്കാനുള്ള ഇദ്ദേഹത്തിന്‍െറ തീരുമാനം. ജോലിയുടെ വിരസതയും ഇന്നത്തെ വിദ്യാഭ്യാസ രീതിയോടുള്ള അസംതൃപ്തിയുമാണ് കവിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. അധ്യാപനത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. കര്‍മം ആനന്ദകരമാവുമ്പോള്‍ മാത്രമേ ആവിഷ്കാരങ്ങള്‍ ഉണ്ടാവുകയുള്ളൂ. അല്ളെങ്കില്‍ അത് മുഷിപ്പനായി മാറും. സമീപകാലത്ത് നമ്മുടെ നാട്ടിലെ അധ്യാപനരീതികളില്‍വന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇതേക്കുറിച്ച് തുറന്നെഴുതിയിട്ടുണ്ട്. എഴുത്തിന്‍െറ കാര്യത്തില്‍ അധ്യാപകജോലി പലപ്പോഴും തടസ്സമാവാറുണ്ട്. സമയക്കുറവ് തന്നെയാണ് കാരണം. ക്ളാസില്‍ പഠിപ്പിക്കുന്നതിനുപുറമെ അതിനുള്ള തയാറെടുപ്പുകള്‍ക്കും വേണം കുറെ സമയം.

20ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് അധ്യാപകവൃത്തി. ഇപ്പോള്‍ മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം. വായന, യാത്ര എന്നിവയാണ് മോഹങ്ങള്‍. ജോലി എപ്പോഴും അദൃശ്യമായ ഉത്തരവാദിത്തങ്ങള്‍ അടിച്ചേല്‍പിക്കും. അതൊഴിവാക്കാനാണ് ക്ളാസ്മുറികളെ ഉപേക്ഷിച്ചത്. നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ ഇറക്കിവെച്ച് ചെറിയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. ചെയ്യുന്ന ജോലി സ്വന്തം ഇച്ഛക്കനുസരിച്ചാവുമ്പോഴേ അതിന് പൂര്‍ണതയും സംതൃപ്തിയുമുണ്ടാകൂ. സമയവും സാവകാശവും കൂടുതല്‍ ലഭിച്ചാല്‍ കവിതയെഴുതാനാവില്ല. മുന്‍ നിശ്ചയിച്ച് എഴുതുന്നതുമല്ല കവിത. ഒരാശയം ലഭിച്ചാല്‍ കരളിലാണ് ആദ്യമെഴുതുന്നത്. പിന്നീട് കടലാസിലേക്ക് പകര്‍ത്തും. വരികള്‍ മനസ്സില്‍ ഉരുവിട്ടുരുവിട്ട് നെഞ്ചില്‍ കൊണ്ടുനടക്കും. യാത്രയിലും ഊണിലും ഉറക്കിലുമെല്ലാം കവിത മനസ്സിലുണ്ടാവും. തൃപ്തിതോന്നുമ്പോഴാണ് പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. അതുകൊണ്ടുതന്നെ കവിതയെഴുതാന്‍ പ്രത്യേകിച്ച് സമയമോ സ്ഥലമോ ആവശ്യമില്ല. അതേസമയം ലേനങ്ങളും മറ്റു സൃഷ്ടികളും നടത്താന്‍ സമയം ആവശ്യമുണ്ട്. റഫറന്‍സ് ആവശ്യമായതുകൊണ്ടാണത്.

വരുംദിവസങ്ങളില്‍ കവിതകള്‍ കൂടാതെ പെര്‍ഫോമന്‍സ് പോയട്രിയെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ ശ്രമിക്കണമെന്നുണ്ട്. കുഞ്ചന്‍നമ്പ്യാരാണ് മലയാളത്തിലെ ഏക പെര്‍ഫോമന്‍സ് പോയറ്റ്. ഇപ്പോള്‍ കവിതകള്‍ പലരൂപത്തിലും വേദികളില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും പെര്‍ഫോമന്‍സ് പോയട്രി എന്ന നിലക്ക് എഴുതിയതല്ല. എഴുതിയശേഷം ചിലര്‍ വേദികളില്‍ ആവിഷ്കരിക്കുന്നതാണ്. എന്നാല്‍ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ കഥകള്‍ എഴുതിയത്് തുള്ളുവാന്‍ വേണ്ടിത്തന്നെയാണ്. അവിടെ സാമൂഹിക അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ മലയാള ഭാഷതന്നെയാണ് തുള്ളുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.