ആരാച്ചാരിന്‍റെ വിവർത്തനം ഡി.എസ്.സി ചുരുക്കപ്പട്ടികയിൽ

ലണ്ടൻ: മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവലിന്‍റെ വിവർത്തനമായ ദ ഹാങ് വുമൺ തെക്കേഷ്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന ഡി.എസ്.സി ചുരുക്കപ്പട്ടികയിൽ. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ ജനതയെയോ ജീവിതത്തെയോ കുറിച്ച് എഴുതുന്ന സര്‍ഗാത്മക കൃതിക്കാണ് ഡി.എസ്.സി. പുരസ്‌കാരം നല്‍കുന്നത്. ആറ് പുസ്തകങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ദ ഹാങ് വുമണ്‍.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ജനവരി 16 ന് ശ്രീലങ്കന്‍ സാഹിത്യോത്സവത്തില്‍ പുരസ്‌കാരം പ്രഖ്യാപിക്കും.
 
50,000 ഡോളറാണ് (ഏകദേശം 33.5 ലക്ഷം രൂപ) സമ്മാനത്തുക. അഖില്‍ ശര്‍മയുടെ ഫാമിലി ലൈഫ്, അനുരാധ റോയിയുടെ സ്ലീപ്പിങ് ഓണ്‍ ജൂപ്പിറ്റര്‍, മിര്‍സാ വഹീദിന്‍റെ ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ്, നീല്‍ മുഖര്‍ജിയുടെ ദ ലൈവ്‌സ് ഓഫ് അദേഴ്‌സ്, രാജ്കമല്‍ ഝായുടെ ഷി വില്‍ ബില്‍ഡ് ഹിം എ സിറ്റി എന്നിവയാണ് ചുരുക്കപ്പട്ടികയിലുള്ള മറ്റ് കൃതികള്‍.

മലയാളി പത്ര പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്‍റെ മകനായ ജീത് തയ്യിലിന്‍റെ 'ദ നാര്‍കോപോളിസ്' എന്ന ഇംഗ്ലീഷ് നോവലിനായിരുന്നു 2013-ലെ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ എഴുത്തുകാരി ജുംപാ ലാഹിരിയുടെ ലോ ലാന്‍ഡിന് ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ കൃതിയാണ് ആരാച്ചാര്‍. എഴുത്തുകാരിയായ ജെ. ദേവികയാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT