?????????? ??????? -???????? ??? ? ????????? ??????? ????????? ??? ???????, ??????????? ????????? ?????? ???????? ??????????

ഗുജറാത്ത് കലാപശേഷമുള്ള രാജ്യത്തിന്‍െറ അവസ്ഥക്ക് മാധ്യമങ്ങളുടെ മൗനവും കാരണം -റാന അയ്യൂബ്

കോഴിക്കോട്: ഗുജറാത്ത് കലാപശേഷമുള്ള രാജ്യത്തിന്‍െറ അവസ്ഥക്ക് മാധ്യമങ്ങളുടെ മൗനവും കാരണമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാന അയ്യൂബ്. ‘ഗുജറാത്ത് ഫയല്‍സ് -അനാറ്റമി ഓഫ് എ കവര്‍അപ്’ എന്ന തന്‍െറ പുസ്തകത്തിന്‍െറ കേരളത്തിലെ പ്രകാശനം സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്‍െറ പിതാവ് ഗോപിനാഥന്‍ പിള്ള പുസ്തകം ഏറ്റുവാങ്ങി.

പൊതുസമൂഹത്തിന്‍െറ മന:സാക്ഷി പാതി മരിച്ചുകഴിഞ്ഞ സ്ഥിതിയിലാണെന്ന് റാന അയ്യൂബ് ചൂണ്ടിക്കാട്ടി. ബീഫിന്‍െറയും മറ്റും പേരില്‍ കൊല നടക്കുന്നത് അതുകൊണ്ടാണ്. ഈ പുസ്തകത്തിലെ വിവരങ്ങള്‍ ഏറക്കാലം പുറത്തുവരാതിരിക്കാനുള്ള ശ്രമത്തില്‍ മോദിക്കെന്ന പോലെ നിശ്ശബ്ദരായ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കേട്ടുകേള്‍വി മാത്രമായി. ജീവന്‍ പണയംവെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ‘തെഹല്‍ക’ പിന്മാറിയത് വേദനയുണ്ടാക്കി. എന്നാല്‍, അന്ധമായി പിന്തുടരപ്പെട്ട മോദിയുടെ ആശയങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത് തന്‍െറ പുസ്തകത്തിന്‍െറ വിജയമാണ്. മുസ്ലിംകളെപ്പറ്റി മാത്രം പറയുന്ന കണ്ടത്തെലുകളല്ല തന്‍േറത്. മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലയെപ്പറ്റിപ്പോലും പറയുന്ന ഗ്രന്ഥമാണിത്. നീതി നിഷേധിക്കപ്പെട്ടവരെപ്പറ്റിയാണ് അതിലുള്ളത്. എന്നിട്ടും മാധ്യമങ്ങള്‍ അത് പറയാന്‍ മടിക്കുന്നു. ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ രാജന്‍ പ്രിയദര്‍ശിനിയുമായി സംസാരിച്ചപ്പോള്‍ നരേന്ദ്ര മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും കലാപത്തിന് ഉത്തരവാദിയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഒളികാമറ പ്രവര്‍ത്തനത്തിലൂടെ വാര്‍ത്തയില്‍ തുറന്നുകാട്ടിയ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും നിയമനടപടിക്ക് പോയില്ല എന്നത് കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് റാന അയ്യൂബ് പറഞ്ഞു.

നീതി വൈകുന്നത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ് എന്ന അര്‍ഥത്തില്‍ താന്‍ നീതി നിഷേധത്തിനിരയാണെന്ന് ഗോപിനാഥന്‍ പിള്ള പറഞ്ഞു. എന്നെങ്കിലും ഗുജറാത്ത് കലാപത്തെപ്പറ്റി സത്യസന്ധമായ അന്വേഷണം നടന്നാല്‍ സുപ്രധാന രേഖയായി പരിഗണിക്കേണ്ട പുസ്തകമാണിതെന്നും ഇന്ത്യയില്‍ സമീപകാലത്ത് ഇറങ്ങിയ 10 ഗ്രന്ഥങ്ങളില്‍ വായിച്ചിരിക്കേണ്ട ഒന്നാണിതെന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. ഭീതി വിതച്ചാണ് ഫാഷിസം എവിടെയും  മേല്‍ക്കോയ്മ നേടുകയെന്നും ഗുജറാത്ത് സംഭവം യാദൃശ്ചികം മാത്രമായിരുന്നെങ്കില്‍ മോദി തുടര്‍ച്ചയായി അധികാരമേറില്ലായിരുന്നെന്നും മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു. സാംസ്കാരിക വകുപ്പിന്‍െറ തകഴി ചെറുകഥാ പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായ സലിം കുരിക്കളകത്തിന് സോളിഡാരിറ്റിയുടെ ഉപഹാരം കെ.ഇ.എന്‍ നല്‍കി. റാന അയ്യൂബിന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉപഹാരം നല്‍കി. എന്‍.പി. രാജേന്ദ്രന്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ഫസ്ന മിയാന്‍ദാദ് സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.