പുനത്തില്‍ ചോദിച്ചു, ‘എടാ, അക്ബറെവിടെ...’

വടകര: ‘കഴിഞ്ഞദിവസം സുഹൃത്തുക്കളോടൊപ്പം പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണാന്‍ പോയി. പിരിയാന്‍നേരത്ത്, പുനത്തില്‍ വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. എടാ അക്ബറെവിടെയെന്ന്. അതാണ്, അക്ബറില്ലാതെ ഞങ്ങളുടെ സൗഹൃദം പൂര്‍ണമാകില്ല. പുനത്തില്‍ അറിയില്ല. അക്ബര്‍ പോയകാര്യം. ആരും പറഞ്ഞിട്ടില്ല. ഈവേദിയിലിരിക്കുമ്പോഴും അവന്‍െറ സാന്നിധ്യം അനുഭവിക്കുന്നുണ്ട്. പലപ്പോഴായി ഞാന്‍ തിരിഞ്ഞുനോക്കുകയായിരുന്നു അവനെവിടെയെന്ന്’ എം. മുകുന്ദന്‍െറ വാക്കുകളാണിത്. വടകരയില്‍ സുഹൃദ്സംഘം ഒരുക്കിയ അക്ബര്‍ അനുസ്മരണവും അക്കാദമി അവാര്‍ഡുജേതാക്കളുടെ അനുമോദനച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സൗഹൃദങ്ങളും നഷ്ടപ്പെടുന്ന കാലത്തെ അപൂര്‍വതയായിരുന്നു അക്ബര്‍. പഴയ എഴുത്തുകാര്‍ തമ്മിലുള്ള സൗഹൃദം ഇന്നില്ല. എന്‍െറ മനസ്സിലെപ്പോഴും പഴയൊരുചിത്രമുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ മീന്‍ മുറിക്കുന്നു. കാഴ്ചക്കാരായി പട്ടത്തുവിളയും എം.ടിയും. അത്തരത്തിലൊന്ന് സങ്കല്‍പിക്കാന്‍പോലുമിന്ന് കഴിയില്ല.
നാം പലപ്പോഴായി പറയാറുണ്ട്. ചൂഷിതരും ചൂഷകരുമാണുള്ളതെന്ന്. എന്നാല്‍, എനിക്കു തോന്നുന്നത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണുള്ളതെന്ന്. മറവി എളുപ്പം പിടികൂടുന്ന കാലമാണിത്. സുകുമാര്‍ അഴീക്കോടിനെയൊക്കെ നാം മറന്നുകഴിഞ്ഞു. അക്ബറിനെ അങ്ങനെ, മറവിക്ക് വിട്ടുകൊടുക്കരുത്. സ്മരണ നിലനിര്‍ത്താന്‍ നാം കൂട്ടായി എന്തെങ്കിലും ചെയ്യണമെന്നും മുകുന്ദന്‍ പറഞ്ഞു.
എം.എം. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. തന്‍െറ ആദ്യകൃതിയായ ക്രൂരഫലിതക്കാരന്‍ ദൈവം ’80കളില്‍ 5000 രൂപ ചെലവിട്ട് പുറത്തിറക്കിയത് എം. മുകുന്ദനായിരുന്നുവെന്ന് . അതുകൊണ്ടുതന്നെ, തനിക്ക് ലഭിച്ച പുരസ്കാരം മുകുന്ദേട്ടന് സമര്‍പ്പിക്കുന്നവെന്നും കഥാകൃത്ത് വി.ആര്‍. സുധീഷ് പറഞ്ഞു മറ്റ് പുരസ്കാരജോതാക്കളായ ടി.പി. രാജീവന്‍, വി.കെ. പ്രഭാകരന്‍, മനോജ് നാരായണന്‍ എന്നിവര്‍ക്ക് നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉപഹാരം സമ്മാനിച്ചു. ഇ.പി. രാജഗോപാലന്‍ അനുസ്മരണപ്രഭാഷണവും കെ.വി. സജയ് അനുമോദനപ്രഭാഷണവും നടത്തി. കെ.ടി. ദിനേശ് സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT