ന്യൂഡൽഹി: ഭാഷയുടെയും ചിന്തയുടേയും പാരമ്പര്യ ഊർജം ആധുനിക കവിതയിലേക്ക് സന്നിവേശിപ്പിച്ച മലയാളത്തിെൻറ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന അയത്ന ലളിതമെങ്കിലും ഗഹനമായ വരികളിലൂടെ കാവ്യഭൂമികയിൽ ചിരപ്രതിഷ്ഠ നേടിയ മലയാളത്തിെൻറ പ്രിയ കവിയാണ് 55ാമത് ജ്ഞാനപീഠ പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുന്നത്. കാലത്തെ അതിജീവിക്കുന്ന പ്രവചനാത്മക വരികൾക്കുടമയായ 93കാരനായ അക്കിത്തത്തിലൂടെ ഇത് ആറാമൂഴമാണ് മലയാളത്തിലേക്ക് ജ്ഞാനപീഠം പടികയറുന്നത്. മുമ്പ് ജി. ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, എസ്.കെ. പൊെറ്റക്കാട്, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കല ശിൽപവും അടങ്ങിയതാണ് പുരസ്കാരം.
കാവ്യലോകത്തിന് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അക്കിത്തത്തിന് മേഹാന്നത പുരസ്കാരം നൽകുന്നതെന്ന് ജ്ഞാനപീഠ ജേതാവ് കൂടിയായ സമിതി അധ്യക്ഷ പ്രതിഭ റായ് പറഞ്ഞു. അനുനിമിഷം മാറുന്ന കാലത്തെ പൂർണമായി ആവാഹിച്ച് അസാധ്യമായ ദീനാനുകമ്പയോടെ കാവ്യരചന നടത്തുന്ന അത്യധികം ആർജവമുള്ള കാവ്യ വ്യക്തിത്വമാണ് അക്കിത്തത്തിേൻറത്. കവിതകളിൽ മാത്രം ഒതുങ്ങാതെ നാടകം, ചെറുകഥ, ബാലസാഹിത്യം, ഉപന്യാസം തുടങ്ങി ഇതരമേഖലകളിലും കൈയൊപ്പു ചാർത്തിയെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.
46 ഓളം കൃതികള്‍ മലയാളത്തിനു വരദാനമായി മഹാകവി സമ്മാനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിെൻറ കഥ, ബലിദര്‍ശനം,അക്കിത്തത്തിെൻറ തെരഞ്ഞെടുത്ത കവിതകള്‍, ഇടിഞ്ഞുപൊളിഞ്ഞ ലോകം, സമത്വത്തിെൻറ ആകാശം, കരതലാമലകം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര് അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്ജനത്തിെൻറയും മകനായാണ് ജനനം. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 75ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചു. 1985ല്‍ വിരമിച്ചു. 2017ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ച കാവ്യപ്രതിഭക്ക് കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീദേവി അന്തർജനം കഴിഞ്ഞ വർഷം മരിച്ചു. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ വാസുദേവനും ചിത്രകാരനാണ്. മറ്റുമക്കൾ: പാർവ്വതി, ഇന്ദിര, ശ്രീജ, ലീല, നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.