ഫീച്ചറെഴുത്താണോ മീരയുടെ കഥകൾ- ശാരദക്കുട്ടി പറയുന്നു ‍ 

കെ.ആർ മീരയുടെ കഥകളെ ഫീച്ചറെഴുത്തിനോട് ഉപമിക്കുന്ന ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. കെ.ആർ മീരയും കഥയെഴുത്തിൽ തന്‍റെ നിസ്സഹായത വെളിപ്പെടുത്തുകയാണ് എന്നാണ് ശാരദക്കുട്ടി ആരോപിക്കുന്നത്. ഇതിൽ കൂടുതൽ കൂട്ടിയാൽ കൂടില്ല എന്ന് വായനക്കാർക്കും തോന്നുന്നു. എം.സുകുമാരൻ, ടി.ആർ, യു.പി. ജയരാജ്, കരുണാകരൻ തുടങ്ങിയവരുടെ ഒക്കെ രാഷ്ട്രീയ കഥകൾ വായിച്ച മലയാളിക്ക് കലയും രാഷ്ട്രീയവും തമ്മിലുള്ള ആ തീക്ഷ്ണമായ ചേരുവയെ കുറിച്ച് നല്ല ബോധ്യമുണ്ട്. കഥയും ഫീച്ചറെഴുത്തും അവർക്കു തിരിച്ചറിയാൻ പ്രയാസമില്ല എന്ന് ശാരദക്കുട്ടി കുറിപ്പിൽ പറയുന്നു.

ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപതിപ്പിൽ കെ.ആർ മീര എഴുതിയ സ്വച്ഛ്ഭാരതി, സംഘിയണ്ണൻ, മാധ്യമധർമൻ എന്നീ കഥകൾ പൊളിറ്റിക്കൽ സറ്റയർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന കഥകളാണ് എന്നായിരുന്നു അഭിപ്രായം. ആർ.എസ്.എസ്- സംഘ്പരിവാർ രാഷ്ട്രീയത്തെ പ്രകടമായിത്തന്നെ വിമർശിക്കുന്നതായിരുന്നു കഥകൾ. ഇതിനിടെയാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. 

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

കനേഡിയൻ എഴുത്തുകാരിയായ ആലീസ് മൻ റോക്ക് നോബൽ സമ്മാനം കിട്ടിയപ്പോൾ ഇവിടത്തെയും അവിടത്തെയും പത്രക്കാർ, അവരുടെ പതിവ് ശൈലിയിൽ ആലിസ് മൻറോയെ വിശേഷിപ്പിച്ചത്‌ അത്ഭുതലോകത്തെ ആലിസ് എന്നായിരുന്നു. എന്നാൽ ഒരിക്കലും അത്ഭുതലോകത്തായിരുന്നിരിക്കില്ല ആലീസ്. . കഥ എഴുതുക എന്നത് അവർക്കു ലളിതമായ പ്രക്രിയ ആയിരുന്നില്ല. ചെറുകഥയുടെ ഫോമിൽ നിരന്തരമായ പരീക്ഷണങ്ങൾ നടത്തിനടത്തിയാണ് ഇത് വരെ ആലീസ് മൻറോ എത്തിയത്.

നോവലിനേക്കാൾ എഴുതാൻ ബുദ്ധിമുട്ടുള്ള ഒന്നായിട്ടാണ് വില്യം ഫോക്നർ ചെറുകഥയെ കണ്ടത്. മനുഷ്യരായിരുന്നു എല്ലാ കാലത്തും മികച്ച കഥകളുടെ വിഷയം. അതിതീവ്രമായ,ശുദ്ധമായ കഥയെഴുത്ത്‌ എന്നൊന്ന് ഉണ്ടെങ്കിൽ അത് ഒരിക്കലും റിവ്യൂ ചെയ്യാൻ എളുപ്പമുള്ളതായിരിക്കില്ല.അത് മുദ്രാവാക്യവും ആയിരിക്കില്ല.അതിനുള്ളിൽ രാഷ്ട്രീയം ഉണ്ടാകുമ്പോഴും തന്റെ അസാധ്യമായ ക്രാഫ്റ്റ് കൊണ്ട് മികച്ച കഥാകൃത്തുക്കൾ അതിനെ ട്രാൻസ്ഫോം ചെയ്യുന്നു. മികച്ച കഥാകൃത്താകാൻ എളുപ്പമല്ല. ഒട്ടും എളുപ്പമല്ല.അതിനു ആഗ്രഹം മാത്രം പോരാ. ആവേശം മാത്രം പോരാ. പേരും പ്രശസ്തിയും മാത്രം പോരാ.
ആലീസ് മണ്റോ യുടെ വളരെ പ്രസക്തമായ ഒരു ക്വോട്ട്: "സംഗതികളുടെ സങ്കീർണത - സംഗതികൾക്കുള്ളിലെ സംഗതികൾ - അതിനൊരു അവസാനമേയില്ല. ഒന്നും എളുപ്പമല്ല, ഒന്നും ലളിതവുമല്ല."..

അവസാനം എഴുതിയ കഥകളിൽ ഇപ്പോൾ കെ ആർ മീരയും കഥയെഴുത്തിൽ തന്റെ നിസ്സഹായത, വെളിപ്പെടുത്തുകയാണ്. ഇതിൽ കൂടുതൽ കൂട്ടിയാൽ കൂടില്ല എന്ന് വായനക്കാർക്കും തോന്നുന്നു. എം.സുകുമാരൻ, ടി ആർ, യു.പി.ജയരാജ്,കരുണാകരൻ തുടങ്ങിയവരുടെ ഒക്കെ രാഷ്ട്രീയ കഥകൾ വായിച്ച മലയാളിക്ക് കലയും രാഷ്ട്രീയവും തമ്മിലുള്ള ആ തീക്ഷ്ണമായ ചേരുവയെ കുറിച്ച് നല്ല ബോധ്യമുണ്ട്. കഥയും ഫീച്ചറെഴുത്തും അവർക്കു തിരിച്ചറിയാൻ പ്രയാസമില്ല.

 

Full View
Tags:    
News Summary - K R Meera vs Saradakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT