തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷം മുന്നോട്ടുവെച്ച നവബോധം നാമാവശേഷമാവുകയാണെന്ന് എഴുത്തുകാരൻ സക്കറിയ. ഇടതുപക്ഷമെന്ന് കരുതിയവർപോലും ഫാഷിസത്തിലേക്ക് മാറുകയാണ്. ചിന്ത രവിയെപ്പോലുള്ളവർ പങ്കുവെച്ച പ്രതീക്ഷകൾ ഓരോദിവസം കഴിയുംതോറും മരീചികയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറാമത് ചിന്ത രവി അനുസ്മരണ പ്രഭാഷണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ദുർബലമായതോടെ പ്രതിലോമശക്തികളുടെ മുന്നേറ്റമാണ് സമൂഹത്തിൽ നടക്കുന്നത്. ഇതിനെതിരെ മനുഷ്യസ്വാതന്ത്ര്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കറിയ പറഞ്ഞു.
ഫാഷിസം ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ ഇടതുപക്ഷാശയങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. പുരോഗമനവാദികൾ ഇന്ന് സമൂഹത്തിൽനിന്ന് അകറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫാഷിസത്തിനെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാനും ചിന്ത രവിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. സമൂഹജീവിതത്തിൽ ഇടപെട്ട് തെൻറ പ്രതിഭയെ ബഹുമുഖമാക്കുകയായിരുന്നു ചിന്ത രവി ചെയ്തതെന്ന് ബി. രാജീവൻ പറഞ്ഞു. സദാനന്ദ മേനോൻ അനുസ്മരണ പ്രഭാഷണവും സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ ‘രവീന്ദ്രെൻറ യാത്രകൾ’ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.