മതവും രാഷ്ട്രീയവും ജനത്തെ വിഭജിക്കുമ്പോള്‍ സാഹിത്യം ഒന്നിപ്പിക്കുന്നു –പ്രതിഭ റോയ്

കോഴിക്കോട്: ഇന്ന് മതവും രാഷ്ട്രീയവും രാജ്യത്തെ ജനങ്ങളെ വിഭജിക്കുമ്പോള്‍ സാഹിത്യമാണ് ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ജ്ഞാനപീഠം അവാര്‍ഡ് ജേത്രി ഒഡിഷ എഴുത്തുകാരി പ്രതിഭ റോയ് പറഞ്ഞു. ദേശാഭിമാനി എം.ടി ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒരു എഴുത്തുകാരനും തന്‍െറ കഥ സംതൃപ്തിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല, വായനക്കാരനാണ് ഇതു ചെയ്യേണ്ടത്. തന്‍െറ അടുത്ത പുസ്തകത്തിലും മുന്‍ കഥയുടെ പൂര്‍ത്തീകരണത്തിനാണ് എഴുത്തുകാരന്‍ ശ്രമിക്കുക. എഴുതിയത് നന്നാക്കേണ്ട ചുമതല വായനക്കാരനാണ്. വെറുതെ വായിച്ച് നന്നായി എന്നു പറഞ്ഞാല്‍ പോരാ, അതിനെ വിമര്‍ശിക്കുകയും വേണമെന്ന് പ്രതിഭ റായി കൂട്ടിച്ചേര്‍ത്തു. 

എം.ടി എന്ന രണ്ടക്ഷരംകൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്നയാളാണ് എം.ടി. വാസുദേവന്‍ നായര്‍. മാസ്റ്റര്‍ ഓഫ് ടൈംലെസ്നെസ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. സാഹിത്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും അദ്ദേഹം വളരെയധികം ഒൗന്നത്യം പുലര്‍ത്തി. വിയോജിപ്പില്‍ നിശ്ശബ്ദനാവുകയും യോജിപ്പില്‍ ചെറുതായി പുഞ്ചിരിക്കുകയും ചെയ്തു. അഞ്ചു വര്‍ഷം അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി. സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തിയില്ല എന്നത് ശ്രദ്ധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംവിധായകന്‍ ഹരിഹരന്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍, എം.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മതാന്ധകാലത്തെ വെളിച്ചപ്പാടുകള്‍ എന്ന സെഷനില്‍ എം.എന്‍. കാരശ്ശേരി, കെ.പി. രാമനുണ്ണി, വി.സി. ഹാരിസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, എ.കെ. അബ്ദുല്‍ ഹക്കീം എന്നിവരും കാഥികന്‍െറ പണിപ്പുര എന്ന സെഷനില്‍ സേതു, സുഭാഷ് ചന്ദ്രന്‍, പി.കെ. ഗോപി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എം. ഹരികുമാര്‍ എന്നിവരും സംസാരിച്ചു. എം.ടിയുടെ ചിത്രഭാഷ എന്ന സെഷനില്‍ ജോണ്‍പോള്‍, ജി.പി. രാമചന്ദ്രന്‍, ആര്‍.വി.എം ദിവാകരന്‍, പി.വി. ജീജോ, എ.വി. ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.ടിയുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി നര്‍ത്തകി സുചിത്ര വിശ്വേശരന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു.

Tags:    
News Summary - MT and Prathibha ray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.