മരിച്ച മാതൃഭൂമിയിൽ ഇനി എഴുതില്ലെന്ന് കവി അൻവർ അലി

മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധി അനുസ്മരണം നടത്തിയ മാതൃഭൂമിയിൽ ഇനി എഴുതാൻ താനില്ലെന്ന് കവിയും എഴുത്തുകാരനുമായ അൻവർ അലി. ഹിന്ദുത്വവർഗ്ഗീയതക്ക് അരുനിൽക്കുന്ന മാതൃഭൂമിയുടെ എഴുത്തുകാരനായി തുടരാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

എസ്. ഹരീഷിന്റെ 'മീശ' പിൻവലിച്ച വേളയിൽ തന്നെ എടുക്കേണ്ടിയിരുന്ന വർഗീയതക്കെതിരെയും സർഗ്ഗാത്മക സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന വൈകിപ്പോയ ഒരു തീരുമാനമാണിത്. വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനത്തിൽ, ഗാന്ധിവധത്തിൽ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആർ.എസ്സ്.എസ്സിന്റെ നേതാവായ മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ താനിനി എഴുതില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം

മരിച്ച മാതൃഭൂമിയിൽ ഇനിയില്ല


എന്റെ എഴുത്തുകാരജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ
അപ്പാടെ കൊടുംനരകമാക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശൽ ഇന്ത്യൻ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അർബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വവർഗ്ഗീയതയ്ക്ക് അരുനിൽക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്കാരിക മുഖമായ ആഴ്ചപ്പതിപ്പിലെ എഴുത്തുകാരരിൽ ഒരാളായി ഇനി തുടരാനാവില്ല എന്നു ഞാൻ തിരിച്ചറിയുന്നു. എസ്. ഹരീഷിന്റെ 'മീശ' പിൻവലിച്ച വേളയിൽ തന്നെ എടുക്കേണ്ടിയിരുന്ന, വർഗീയതക്കെതിരെയും സർഗ്ഗാത്മക സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന, വൈകിപ്പോയ ഒരു തീരുമാനമാണിത്. വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ, ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനത്തിൽ, ഗാന്ധിവധത്തിൽ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആർ.എസ്സ്.എസ്സിന്റെ നേതാവായ മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ല. ബാപ്പുജിയുടെ ആദ്യ ഇന്ത്യൻ ജയിൽവാസത്തിന്റെ ഒന്നാം വാർഷിക ദിനമായ1923 മാർച്ച് 18 ന് പ്രസിദ്ധീകരണമാരംഭിക്കുകയും കണ്ണാടിപ്പെട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ചോരക്കുതിർമണ്ണ് സൂക്ഷിക്കുകയും ചെയ്യുന്ന മാതൃഭൂമിയെന്ന ദേശീയ വർത്തമാനപ്പത്രം ഇന്ന് നിലവിലില്ല. വള്ളത്തോളും ബഷീറും എഴുതിയിരുന്ന, അവരിൽ നിന്ന് പല തലമുറ കൈമറിഞ്ഞ് ഞങ്ങളിലെത്തിയ ആ തെളിമലയാളത്താൾ ചത്തുകെട്ടുപോയി. കാവിയിൽ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികൾ നിരന്നു നിന്ന് പിണ്ഡം വയ്ക്കുന്നത് എനിക്കു കാണാം.


1930-40 കളിൽ ഹിറ്റ്ലർക്കും ഗീബൽസിനും ഗോറിങ്ങിനും നിർലജ്ജം വിടുപണിചെയ്ത മാധ്യമങ്ങളുടെയും ധൈഷണികരുടെയും പൊതുപ്രവർത്തകരുടെയും സൈനിക നേതാക്കളുടെയും പുരോഹിതരുടെയും നീണ്ട നിര ജർമ്മനിയിലുണ്ടായിരുന്നു. അവരിൽ പലരും നാസികളാൽ ചതിച്ചുകൊല്ലപ്പെട്ടു. ചിലർ പിന്നീട് നാസി പക്ഷപാതത്തിന്റെ പേരിൽ ന്യൂറംബർഗിലെ വിചാരണയ്ക്കു വിധേയരായി കൊല്ലപ്പെട്ടു. ചിലർക്ക് പിൽക്കാല ജീവിതം മുഴുവൻ ആത്മനിന്ദയുടേയും ആത്മവിനാശത്തിന്റേതുമായി. ആ ചരിത്രത്തിന്റെ പിന്തുടർച്ചയാണ് ഇന്നത്തെ ഇന്ത്യയിലെ 'സമാനഹൃദയ'രെയും കാത്തിരിക്കുന്നതെന്ന് ഞാൻ കരുതുന്നു. അക്കൂട്ടത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കൂടി സന്തതിയായ മാതൃഭൂമിയുമുണ്ട് എന്നത് സമകാലീനകേരളചരിത്രത്തിലെ വേദനാകരമായ വൈപരീത്യമാണ്.


മാതൃഭൂമിയിൽ എഴുതി വളർന്നതിന്റെ മമതയും ഗൃഹാതുരതയുമൊക്കെ എന്റെ എഴുത്തുകൂട്ടുകാർ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില പ്രദേശത്തിനും രീതിക്കും സാമുദായികപദവിക്കും മാതൃഭൂമി നൽകുന്ന ഭൂതകാലക്കുളിർ അവരുടെ വാക്കുകളിൽ വ്യഞ്ജിക്കുമ്പോൾ അത് സ്വാഭാവികമെന്നേ തോന്നിയിട്ടുള്ളൂ.. മറ്റൊന്ന്, എക്കാലത്തുമെന്ന പോലെ മാതൃഭൂമിയിലെഴുത്തിന് ഇന്നുമുള്ളതായി എഴുത്തുകാർ കരുതുന്ന അധികമാന്യതയാണ്. അതിന് റീച്ച് റീച്ച് എന്നൊക്കെ ഞങ്ങൾ പറയുമെങ്കിലും സംഗതി എഴുത്തധികാരം ഊട്ടിയുറപ്പിക്കുന്ന ഗ്ലാമർ തന്നെ. അതും സ്വാഭാവികം. മേൽപ്പറഞ്ഞ രണ്ടു സ്വാഭാവികതകളും പക്ഷേ എനിക്കില്ല, ആദ്യത്തേത് അനുഭവിച്ചിട്ടില്ല. രണ്ടാമത്തേത് ആവശ്യമില്ല.


1980 കളുടെ ഒടുവിൽ ലിറ്റിൽ മാഗസീനുകളിലും 1989 മുതൽ തുടർച്ചയായി കലാകൗമുദിയിലും തുടർന്ന് ഭാഷാപോഷിണി, ദേശാഭിമാനി, സമകാലീനമലയാളം, ഇന്ത്യ ടുഡേ, മാധ്യമം, കുങ്കുമം തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു പോന്ന ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങിയത് 1998 മുതലാണ്. 80- 90 കാലത്ത് എന്റെ കൗമാരരചനകൾ എൻ.വി.കൃഷ്ണവാര്യരും കെ.വി.രാമകൃഷ്ണനും അപ്പാടെ നിരസിച്ചിരുന്നതിനാൽ ഇനി മാതൃഭൂമി ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ എഴുതൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അങ്ങനെ തുടരവേ 90കൾ ഒടുവിൽ എം.ടി. വീണ്ടും പത്രാധിപരായി വന്ന കാലത്ത് സബ് എഡിറ്ററായ ഡോ. കെ. ശ്രീകുമാർ കവിത വേണമെന്ന് കത്തയച്ചും ഫോണിലൂടെയും ആവശ്യപ്പെട്ടതു പ്രകാരമാണ് മാതൃഭൂമിയുമായി സഹകരിച്ചു തുടങ്ങിയത്.. ആദ്യം വെള്ളപ്പാട്ട് എന്നൊരു ചെറുകവിതയും പിന്നീട് മുസ്തഫ, ആര്യാവർത്തത്തിൽ ഒരു യക്ഷൻ തുടങ്ങിയ ചില നീണ്ട ആഖ്യാനങ്ങളും ശ്രീകുമാറിന്റെ ഉത്സാഹത്തിൽ മാതൃഭൂമിയിൽ വന്നു. രണ്ടാം എം.ടിക്കാലം പോയതോടെ ശ്രീകുമാറിന്റെ വിളി വരാതെയായി. ഞാൻ അയയ്ക്കാതെയുമായി. കമൽറാം സജീവ് എഡിറ്ററായപ്പോഴാണ് വീണ്ടും മാതൃഭൂമിയിൽ നിന്ന് എഴുതാൻ ക്ഷണം കിട്ടിയത്. അപ്പോഴേക്ക് കൊല്ലത്തിൽ കഷ്ടിച്ച് രണ്ടോ മൂന്നോ കവിത പ്രസിദ്ധീകരിക്കുന്ന ലുബ്ധിലേക്ക് ഞാൻ ചുരുങ്ങിക്കഴിഞ്ഞിരുന്നു. 2000- 01 നു ശേഷം ആറേഴു കൊല്ലം വ്യക്തിപരമായ ചിലകാരണങ്ങളാൽ മാതൃഭൂമിക്ക് ഒന്നുമയച്ചില്ല. 2008ലാണെന്നു തോന്നുന്നു, ഒരു കവിതപ്പതിപ്പിന് കമൽറാം സജീവ് കവിത ചോദിച്ചു. കൊടുത്തു. പിന്നിട് തുടർച്ചയായി കവിതയും വിവർത്തനങ്ങളും ലേഖനങ്ങളും മാതൃഭൂമിയിൽ എഴുതി. ഇപ്പോഴത്തെ ചീഫ് സബ് എഡിറ്റർ സുഭാഷ് ചന്ദ്രൻ പറഞ്ഞപ്പോഴും എഴുതി. ഹിന്ദുത്വവർഗീയത വിരിച്ച കോർപ്പറേറ്റ് വലയിൽ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാൽ വീണ്ടും എഴുതുകയുമാവാം.


ഈ ബഹിഷ്ക്കരണ തീരുമാനം കേവലം പ്രതിഷേധമല്ല. ഒരു സമരത്തിന്റെ തുടക്കമാണ്; ജനിച്ചു വളർന്ന നാട്ടിൽ അഭയാർത്ഥികളോ അന്യരോ ആയി ജീവിക്കാൻ തയ്യാറല്ലാത്ത, സർഗ്ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകൾക്കോ അടിയറവു വയ്ക്കാൻ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവന സമരത്തിന്റെ തുടക്കം.
മുഖ്യധാരാ ആനുകാലികങ്ങളിൽ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്കരിച്ച് ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രത്യാശയോടെ -
അൻവർ അലി

Tags:    
News Summary - poet Anwar Ali against mathrubhumi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.