കോഴിക്കോട്: ‘‘പുലർനിസ്കാരം കഴിഞ്ഞ് നാലുനാഴിക ചെന്ന ഒരു ദിവസം ഖാൻ ബഹദൂർ പൂകോയ തങ്ങൾ തെൻറ മകളായ പൂക്കുഞ്ഞീബിയുടെ കൈപിടിച്ച് പോറ്റുമകനായ കുഞ്ഞാലിയെ പിന്നിൽ നടത്തിച്ച് അകമ്പടിയോടെ മാപ്പിള സ്കൂളിലേക്ക് യാത്രയായി. പള്ളിപ്പറമ്പിനെ നെടുകെ കീറുന്ന ചെമ്മൺനിരത്തിനപ്പുറത്ത് ഒരു മൈതാനത്തിൽ നൊച്ചിൽകാടുകൾക്ക് നടുവിൽ ഓലമേഞ്ഞ മാപ്പിള സ്കൂൾ ഒരു കോഴിക്കൂടുപോലെ ദൂരെനിന്ന് കാണപ്പെട്ടു.
സ്കൂളിനടുത്തെത്തിയപ്പോൾ അകത്തുനിന്ന് ഭയങ്കരമായ ആരവം കേട്ടു. മാപ്പിളക്കുട്ടികൾ, മൊട്ടയടിച്ച, തലയിൽ തട്ടമിട്ട മാപ്പിളക്കുട്ടികൾ ഖുർആൻ അക്ഷരങ്ങൾ എഴുതിയ മരപ്പലകയും ഖുർആൻ മുസാബും നോക്കി തകൃതിയിൽ ഓതുകയാണ്’’ (സ്മാരകശിലകൾ).
നിഗൂഢതകള്‍ ഉറങ്ങിക്കിടക്കുന്ന ചിരപുരാതനമായൊരു പള്ളിയുടെയും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യ ജീവിതങ്ങളുടെയും കഥ പറഞ്ഞ സ്മാരകശിലകൾ മലയാളത്തിലെ എണ്ണംപറഞ്ഞ നോവലുകളിലൊന്നാണ്. പുനത്തിലിെൻറ സർഗാത്മക വ്യക്തിത്വം ഏറ്റവും സഫലമായ ആവിഷ്കാരം കണ്ടെത്തിയ അക്ഷരങ്ങൾ. സ്വന്തം നാടായ കാരക്കാടിനെ ഒരു മാന്ത്രികദേശമായി അനുഭവിപ്പിക്കുകയായിരുന്നു പുനത്തിൽ.
പള്ളിപ്പറമ്പു കടന്ന്, നെച്ചിക്കാടുകൾ ചവിട്ടിമെതിച്ച് അതികാലത്ത് കാരക്കാട് കടൽത്തീരത്തെത്തുന്ന വെള്ളക്കുതിരയുടെ പുറത്തുനിന്ന് പടയാളിയെപ്പോലെ ചാടിയിറങ്ങുന്ന ഖാൻ ബഹദൂർ പൂക്കോയ തങ്ങളായിരുന്നു കഥയുടെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപത്നി ആറ്റബീ, അരുമ മകൾ പൂക്കുഞ്ഞീബി, അവളുടെ രോഗിയും നിസ്സഹായനുമായ മണവാളൻ, കുഞ്ഞാലി, ഒപ്പം പൂക്കോയ തങ്ങളെ സ്നേഹിച്ചും ആശ്രയിച്ചും ജീവിക്കുന്ന എറമുള്ളാൻ മുക്രി, കോമപ്പൻ വൈദ്യർ, ബാപ്പു കണാരൻ, കുറൈശിപ്പാത്തു, അങ്ങനെയങ്ങനെ ഒരു ഗ്രാമത്തിൽ ജീവിച്ചുമരിച്ച ഒരുപാട് കഥാപാത്രങ്ങൾ.
എടോടിയിൽ ആദ്യം വാടകക്ക് താമസിക്കുകയും പിന്നീട് സ്വന്തമാക്കുകയും ചെയ്ത വീട്ടിൽ വെച്ചാണ് പുനത്തിൽ ഈ നോവൽ പൂർത്തിയാക്കിയത്.
മീസാൻ കല്ല് എന്ന് ആദ്യം നൽകിയ പേര് എം.ടി. വാസുദേവൻ നായരാണ് ‘സ്മാരകശിലകൾ’ എന്നാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.