ഓരോ മതതീവ്രവാദവും ആ മതത്തെ തന്നെ ഭസ്മമാക്കും –സക്കറിയ

തിരൂര്‍: സ്ത്രീ ശരീരത്തിന്‍െറയും ആത്മാവിന്‍െറയും തലച്ചോറിന്‍െറയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവളായിരുന്നു കമല സുറയ്യ എന്ന മാധവിക്കുട്ടിയെന്നും മലയാളത്തില്‍ അതുവരെ പ്രത്യക്ഷപ്പെടാത്ത ആധുനികതയുടെ സൂക്ഷ്മവും സങ്കീര്‍ണവുമായ മുഖം മാധവിക്കുട്ടി പരിചയപ്പെടുത്തിയെന്നും പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ഗള്‍ഫ് മാധ്യമം ഏര്‍പ്പെടുത്തിയ കമല സുറയ്യ പുരസ്കാരം തിരൂര്‍ തുഞ്ചന്‍പറമ്പിലെ മാധ്യമം ലിറ്റററി ഫെസ്റ്റ് വേദിയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അര്‍ഥത്തിലും മാധവിക്കുട്ടി വിപ്ളവകാരിയായിരുന്നു. പ്രതിക്കൂട്ടിലാക്കപ്പെട്ട മതത്തെയാണ് അവര്‍ ആശ്ളേഷിച്ചത്. മന$പൂര്‍വമോ അല്ലാതെയോ താഴ്ത്തിക്കെട്ടപ്പെട്ടവര്‍ക്കുവേണ്ടി നിശ്ശബ്ദ വിപ്ളവം നയിക്കുകയായിരുന്നു അവര്‍. നമ്മുടെ സാഹിത്യ -സാംസ്കാരിക- രാഷ്ട്രീയ- മാധ്യമ പ്രാമാണിത്വത്തിന്‍െറ ചുറ്റവട്ടങ്ങളില്‍നിന്ന് കുറച്ചുകാലമായി അകറ്റിനിര്‍ത്തിയ അവരെ ‘മാധ്യമം’ ഓര്‍മിച്ചതിന് നന്ദിയുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷമാകുന്ന മതേതരവും മാനവികവുമായ സമീപനവും അധ$സ്ഥിതപക്ഷ നിലപാടുകളും ജനകീയ സമരങ്ങളോടുള്ള ഉള്‍ച്ചേരല്‍ മനോഭാവത്തിന്‍െറയും തുടര്‍ച്ചയാണ് ഈ പുരസ്കാരമെന്ന് സക്കറിയ പറഞ്ഞു.

മാധവിക്കുട്ടിയുടെ മതംമാറ്റം മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. കേരളത്തിലെ എല്ലാ യാഥാസ്ഥിതികത്വങ്ങളെയും ഒരുപോലെ നടുക്കിയ ഒന്നായിരുന്നു അത്. ഹിന്ദുക്കളെയും മുസ്ലിംകളെയും ക്രൈസ്തവരെയും രാഷ്ട്രീയ സാമൂഹിക സംഘടനകളെയും ഒരുപോലെ അത് നടുക്കി. സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കേരളത്തിലെ എല്ലാ യാഥാസ്ഥിതിക സമൂഹവും ഒരുപോലെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച് മതപരമായ സ്വാതന്ത്ര്യ പ്രഖ്യാപനം. അവര്‍ ഏത് മതത്തിലേക്കാണോ മാറിയത് അവയിലെ യാഥാസ്ഥിതികത്വങ്ങളെയും അത് നടുക്കിയിട്ടുണ്ട് എന്നത് സത്യമാണെന്നും സക്കറിയ സൂചിപ്പിച്ചു.

പെണ്ണിന്‍െറ ലൈംഗിക സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇണക്കിച്ചേര്‍ത്തതിലൂടെ മാധവിക്കുട്ടി അവരുടെ മതംമാറ്റം പെണ്‍ സ്വാതന്ത്ര്യങ്ങളുടെ ശക്തിയേറിയ പ്രതീകമാക്കുകയാണുണ്ടായത്. കേരളം പോലെ ദ്രവിച്ച യാഥാസ്ഥിതിക സമൂഹത്തെ അത് ഞെട്ടിച്ചതില്‍ അദ്ഭുതമില്ല. എഴുത്തുകാര്‍ക്ക് ഒരു മതത്തില്‍നിന്ന് പുറത്തുപോകാന്‍ കഴിയുന്നത് സൃഷ്ടിപരമായ അവസരമായാണ് കാണുന്നത്. അത് ഒരു മാനസികമായ അടിമത്തത്തിലേക്ക് ആവരുത് എന്നുമാത്രം. മതം മാനവപുരോഗതിക്ക് പകരമാവില്ല. മതത്താല്‍ മാത്രം ഒരു സമൂഹവും വിജയം കൈവരിക്കില്ല. മതങ്ങള്‍ സ്വയം പുരോഗമനചിന്തയെ ആശ്ളേഷിക്കുമ്പോള്‍ അത് പുരോഗമന പ്രസ്ഥാനമായി മാറാറുണ്ട്. എല്ലാ മതത്തിലും പുരോഗമന പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യധാരക്കെതിരെ പിടിച്ചുനില്‍ക്കാന്‍ അവക്കായിട്ടില്ളെന്നും സക്കറിയ പറഞ്ഞു.

തങ്ങളുടേതാണ് ശരിയെന്ന ചിന്തകളില്‍നിന്നാണ് മതതീവ്രവാദങ്ങള്‍ ഉടലെടുക്കുന്നത്. പ്രബലമായി തീരുന്ന ഓരോ മതതീവ്രവാദവും ആ മതത്തെ തന്നെ ഭസ്മമാക്കും. അധികാരവും സമ്പത്തും രക്തക്കൊതിയും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അവിടെയാണ് ഐ.എസും ആര്‍.എസ്.എസും ഒരേ തൂവല്‍ പക്ഷികളാകുന്നത്.   

70 വര്‍ഷത്തെ ഹിന്ദു-മുസ്ലിം- ക്രൈസ്തവ വാഗ്വാദങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ എന്ത് മാറ്റമുണ്ടായി എന്നു ചോദിച്ചാല്‍  ഒരു നരേന്ദ്ര മോദിയുണ്ടായി എന്നു മാത്രമാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sakkariya statement on litaray fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.