മറവി രോഗം കീഴ്പ്പെടുത്തി; യാത്രയും പ്രസംഗവും ഒഴിവാക്കുന്നു, ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക -കുറിപ്പുമായി മലയാളത്തിന്റെ പ്രിയ കവി

താൽകാലിക മറവി രോഗം മൂലം പൊതുജീവിതം പതുക്കെ പതുക്കെ അവസാനിപ്പിക്കുകയാണെന്ന് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഇക്കാര്യം അറിയിച്ചത്. ഏഴു വർഷം മുമ്പ് താൽകാലിക മറിവിരോഗം വന്ന കാര്യവും കുറിപ്പിൽ സച്ചിദാനന്ദൻ സൂചിപ്പിച്ചു.

അന്ന് മുതൽ മരുന്ന് കഴിക്കുകയാണ്. കുറെകാലമായി അസുഖം വന്നിരുന്നില്ല. നവംബർ ഒന്നിന് പുതിയ രൂപത്തിൽ തിരികെയെത്തി. സമ്മർദമാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ പതുക്കെ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. യാ​ത്ര, പ്രസംഗം എന്നിവ ഒഴിവാക്കുകയാണെന്നും സച്ചിദാനന്ദൻ കുറിച്ചു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം താന്‍  എഴുതും എന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സുഹൃത്തുക്കളെ, ഞാന്‍ ഏഴു വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന്‌ (transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന‌ കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ ‌മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു.
യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട്‌ എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

Full View
Tags:    
News Summary - K Satchidanandan is ending public life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.